വൈക്കം> ചരിത്രപ്രസിദ്ധമായ വൈക്കത്തഷ്ടമിക്ക് കൊടിയേറി. രാവിലെ 8.30ന് തന്ത്രി ഭദ്രകാളി മറ്റപ്പള്ളി പരമേശ്വരൻ നമ്പൂതിരി കൊടിയേറ്റി. തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കിനേടത്ത് മേക്കാട് മാധവൻ നമ്പൂതിരി, മേക്കാട് ചെറിയ നാരായണൻ നമ്പൂതിരി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കൊടിയേറ്റ്.
കൊടിയേറ്റിന് ശേഷം കൊടിമരച്ചുവട്ടിലെ കെടാവിളക്കിൽ ദേവസ്വം കമീഷണർ സി വി പ്രകാശും കലാമണ്ഡപത്തിൽ ചലച്ചിത്ര താരം ഹരിശ്രീ അശോകനും ദീപം തെളിച്ചു. ആദ്യ ശ്രീബലിയ്ക്കു ശേഷം സംയുക്ത കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ അഹസ്സിനുള്ള അരി അളന്നു.
ഏഴാം ഉത്സവനാളിൽ നടക്കുന്ന ഋഷഭവാഹനമെഴുന്നള്ളിപ്പ്, എട്ട്, ഒൻപത് ഉത്സവ ദിവസങ്ങളിൽ നടക്കുന്ന വടക്കും- തെക്കും ചേരിമേൽ എഴുന്നള്ളിപ്പ്, പത്താം ഉത്സവ നാളിലെ വലിയ ശ്രീബലി, വലിയ വിളക്ക്, അഷ്ടമി ദർശനം, അഷ്ടമി വിളക്ക്, വലിയ കാണിക്ക എന്നിവയും വിവിധ കലാപരിപാടികളും അരങ്ങേറും.
അഷ്ടമി ദിനത്തിൽ 121 പറയുടെ പ്രാതലാണ് ഒരുക്കുന്നത്. ക്ഷേത്രത്തിന്റെ വടക്കുഭാഗത്ത് ഊട്ടുപുരയോട് ചേര്‍ന്ന് വൈദ്യുതി ദീപാലങ്കാരങ്ങളോടെ താത്കാലിക അലങ്കാര പന്തല്‍ ഒരുക്കുന്നുണ്ട്. ഇവിടെ പൊലീസ് കണ്‍ട്രോള്‍ റൂമും കുടിവെള്ള കേന്ദ്രവും പ്രാതലില്‍ പങ്കെടുക്കാന്‍ എത്തുന്നവരുടെ തിരക്ക് നിയന്ത്രിക്കുന്നതിന് ബാരിക്കോഡും സ്ഥാപിക്കും. 23നാണ് വൈക്കത്തഷ്ടമി. 24ന് ആറാട്ടോടെ ഉത്സവം സമാപിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..