24 November Sunday

വൈക്കത്തഷ്ടമിയ്ക്ക് കൊടിയേറി

വെബ് ഡെസ്‌ക്‌Updated: Tuesday Nov 12, 2024

വൈക്കം> ചരിത്രപ്രസിദ്ധമായ വൈക്കത്തഷ്ടമിക്ക് കൊടിയേറി. തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കിനേടത്ത് മേക്കാട് മാധവൻ നമ്പൂതിരി, മേക്കാട് ചെറിയ നാരായണൻ നമ്പൂതിരി എന്നിവരുടെ സാന്നിദ്ധ്യത്തിൽ തന്ത്രി ഭദ്രകാളി മറ്റപ്പള്ളി പരമേശ്വരൻ നമ്പൂതിരി കൊടിയേറ്റി. കൊടിയേറ്റിന് ശേഷം കൊടിമരച്ചുവട്ടിലെ കെടാവിളക്കിൽ ദേവസ്വം കമ്മീഷണർ സി വി പ്രകാശും കലാമണ്ഡപത്തിൽ നടൻ ഹരിശ്രീ അശോകനും ദീപം തെളിയിച്ചു. ആദ്യ ശ്രീബലിയ്ക്കു ശേഷം സംയുക്ത കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ അഹസ്സിനുള്ള അരിയളന്നു.

23 നാണ് വൈക്കത്തഷ്ടമി. 24 ന് നടക്കുന്ന ആറാട്ടോടെ ഉത്സവം സമാപിക്കും. ഒന്നാം ഉത്സവ ദിനത്തിൽ നടന്ന കൊടിപ്പുറത്ത് വിളക്കിന് പുറമെ അഞ്ച്, ആറ്, എട്ട്, പതിനൊന്ന് ഉത്സവ ദിവസങ്ങളിൽ ഉത്സവ ബലി, ഏഴാം ഉത്സവനാളിൽ  ഋഷഭവാഹനമെഴുന്നള്ളിപ്പ്, എട്ട്, ഒൻപത് ഉത്സവദിവസങ്ങളിൽ നടക്കുന്ന വടക്കും-തെക്കും ചേരിമേൽ എഴുന്നള്ളിപ്പ്, ഒൻപതാം നാളിലെ കാഴ്ചശ്രീബലി, പത്താം ഉത്സവനാളിലെ വലിയ ശ്രീബലി, വലിയവിളക്ക്, അഷ്ടമി ദർശനം, അഷ്ടമി വിളക്ക്, വലിയ കാണിക്ക എന്നിവയും വിവിധ കലാപരിപാടികളും അരങ്ങേറും.

അഷ്ടമി ദിനമായ 23ന് രാവിലെ 4.30ന് അഷ്ടമി ദർശനം, അഞ്ചിന് പഞ്ചരത്‌ന കീർത്തനാലാപനം, ഏഴിന് നാമസങ്കീത്തനം, എട്ടിന് സംഗീത സദസ്, ഒൻപതിന് പി എസ് ബാലമുരുകൻ, ജാഫ്‌ന, പി എസ് സാരംഗ് ജാഫ്‌ന എന്നിവരുടെ നാദസ്വരം,  പകൽ ഒന്നിന് ചാക്യാർ കൂത്ത്, രണ്ടിന് ഓട്ടൻതുള്ളൽ, ഒൻപതിന് ഭക്തിഗാന മഞ്ജരി, നാലിന് സംഗീത സദസ്സ്, ആറിന് ഹിന്ദുമത കൺവൻഷൻ, 7.30ന് ഭരതനാട്യം, രാത്രി ഒൻപതിന് സംഗീത സദസ്, 11ന് ഉദയനാപുരത്തപ്പന്റെ വരവ്, പുലർച്ചെ രണ്ടിന് അഷ്ടമി വിളക്ക്, വലിയ കാണിക്ക, 3.30ന് ഉദയനാപുരത്തപ്പന്റെ യാത്രയയപ്പ്. ആറാട്ട് ദിനമായ 24ന് രാവിലെ 10ന് സംഗീത സദസ്, വൈകിട്ട് 5.30ന് ഭക്തി ഗാനമേള, ആറിന് ആറാട്ടെഴുന്നള്ളിപ്പ്, രാത്രി എട്ടിന് ഓട്ടൻതുള്ളൽ, രാത്രി 11ന്(ഉദയനാപുരം ക്ഷേത്രത്തിൽ) കൂടിപൂജ വിളക്ക് എന്നിവ നടക്കും.

ദേവസ്വം ഗസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ ഡെപ്യൂട്ടി ദേവസ്വം കമീഷണർ കെ ആർ ശ്രീലത, അസി. കമീഷണർ എം ജി മധു, അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസർ വി ഈശ്വരൻ നമ്പൂതിരി എന്നിവർ പരിപാടികൾ വിശദീകരിച്ചു. അഷ്ടമി ഉത്സവവുമായി ബന്ധപ്പെട്ട്‌ 12മുതൽ 24വരെ വൈക്കം മഹാദേവക്ഷേത്രവും ക്ഷേത്രത്തിന്റെ എട്ടു കിലോമീറ്റർ ചുറ്റളവ്‌ പ്രദേശവും ഉത്സവമേഖലയായി കലക്ടർ പ്രഖ്യാപിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top