05 December Thursday

വളപട്ടണം കവർച്ചക്കേസ്‌: 
പണവും സ്വർണവും 
ട്രഷറിയിലേക്ക്‌ മാറ്റി

വെബ് ഡെസ്‌ക്‌Updated: Thursday Dec 5, 2024


കണ്ണൂർ
വളപട്ടണം കവർച്ചക്കേസിൽ പൊലീസ്‌ കണ്ടെടുത്ത പണവും സ്വർണവും കോടതിയുടെ നിർദേശപ്രകാരം കണ്ണൂർ  ട്രഷറിയിലേക്ക്‌ മാറ്റി.  പ്രതിയുടെ വീട്ടിൽനിന്ന്‌ കണ്ടെടുത്ത 1.21 കോടി രൂപയും 267 പവൻ സ്വർണവും വളപട്ടണം പൊലീസ്‌ ബുധനാഴ്‌ച കണ്ണൂർ മജിസ്ടേറ്റ്‌ കോടതിയിൽ ഹാജരാക്കിയിരുന്നു. റിമാൻഡിലുള്ള പ്രതി മുണ്ടച്ചാലി ലിജേഷിനെ കസ്‌റ്റഡിയിൽ വാങ്ങാൻ പൊലീസ്‌ അപേക്ഷ നൽകി. വളപട്ടണം മന്നയിലെ അരി മൊത്തവ്യാപാരി കെ പി അഷ്‌റഫിന്റെ വീട്ടിൽനിന്നാണ്‌ ലിജേഷ്‌ പണവും സ്വർണവും കവർന്നത്‌. ലിജേഷിന്റെ വീട്ടിലെ കട്ടിലിനടിയിൽ പ്രത്യേകം തയ്യാറാക്കിയ ലോക്കറിൽനിന്നാണ്‌ പണവും സ്വർണവും പൊലീസ്‌ കണ്ടെടുത്തത്‌. നവംബർ19ന്‌ വീടുപൂട്ടി കുടുംബവുമൊത്ത്‌ അഷ്‌റഫും കുടുംബവും മധുരയിൽ വിവാഹത്തിന്‌ പോയപ്പോഴായിരുന്നു കവർച്ച.

15 മാസംമുമ്പ്‌ കീച്ചേരിയിലെ വീട്‌ കുത്തിത്തുറന്ന്‌ മോഷണം നടത്തിയതും ലിജേഷാണെന്ന്‌ തെളിഞ്ഞിരുന്നു. ഈ കേസിൽ  തൊണ്ടിമുതൽ കണ്ടെത്തേണ്ടതുണ്ട്‌.11.5 പവൻ സ്വർണവും നാലര ലക്ഷം രൂപയുമാണ്‌ അന്ന്‌ മോഷണം പോയത്‌. ലിജേഷിനെ കീച്ചേരിയിലെ കേസിലും പ്രതിചേർത്ത്‌ അടുത്ത ദിവസം അറസ്‌റ്റ്‌ രേഖപ്പെടുത്തും.

വളപട്ടണത്ത്‌ നഷ്ടപ്പെട്ട സ്വർണവും പണവും വിചാരണയ്‌ക്കുമുമ്പ്‌ ലഭ്യമാക്കണമെന്ന്‌ ഉടമ അഷ്‌റഫ്‌ കോടതിയിൽ അപേക്ഷ നൽകിയാൽ നടപടി പൂർത്തിയാക്കി കൈമാറും. ഇതിന്‌ ഒരു മാസമെങ്കിലുമെടുക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top