തിരുവനന്തപുരം> ആർഎസ്‌എസും ബിജെപിയും നേതൃത്വം നൽകുന്ന വഞ്ചിനാട് ഭവനനിർമാണ സഹകരണ സംഘത്തിൽ കോടികളുടെ തിരിമറി നടത്തിയെന്ന കേസിലെ പ്രതികൾ പിടിയിൽ. സംഘം പ്രസിഡന്റ് വള്ളക്കടവ് പൊന്നറനഗർ ഹൗസ് നമ്പർ 83ൽ വിജയകുമാർ (60), ബ്രാഞ്ച് മാനേജർ സുഭാഷ് നഗർ ടിസി 36 ൽ ഗോപകുമാർ (52), സെക്രട്ടറി ശ്രീകല എന്നിവരെയാണ് വഞ്ചിയൂർ പൊലീസ് അറസ്‌റ്റ് ചെയ്‌തത്. ഇവരെ റിമാൻഡ് ചെയ്‌തു.
32 കോടിയോളം രൂപയുടെ തിരിമറി നടന്നതായാണ് പരാതി. ഈഞ്ചക്കൽ, നെടുമങ്ങാട്, നേമം എന്നിവിടങ്ങളിൽ സംഘത്തിന് ബ്രാഞ്ചുകൾ ഉണ്ട്. ഏഴുമാസംമുമ്പ് ഈഞ്ചക്കിലെ പ്രധാന ഓഫീസിൽ നിക്ഷേപകർ സംഘടിച്ചെത്തി ബഹളമുണ്ടാക്കിയിരുന്നു. തുടർന്ന് ആർഎസ്‌എസ് ഇടപെട്ട് നിക്ഷേപകരെ ഉൾപ്പെടുത്തി കോർ കമ്മിറ്റി രൂപീകരിച്ച് പരാതികൾ പരിഹരിക്കാൻ തീരുമാനിച്ചിരുന്നു. ഒരു വർഷത്തിനകം മുതലും പലിശയും തിരിച്ചു നൽകാമെന്നാണ് ഭരണസമിതി അറിയിച്ചത്. ഇത്രയും കാലമായിട്ടും മുതലും പലിശയും ലഭിക്കാതായതോടെ നിക്ഷേപകർ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്നാണ് പ്രസിഡന്റിനെയുൾപ്പെടെ അറസ്‌റ്റ് ചെയ്‌തത്. ബിജെപിയുടെ സഹകാർ ഭാരതി മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയാണ് പിടിയിലായ വിജയകുമാർ.
ഒരു ബിജെപി കൗൺസിലറുടെ നേതൃത്വത്തിൽ സംഘത്തിൽനിന്ന് 30 ലക്ഷത്തോളം രൂപ പലരുടെയും പേരിലായി വായ്‌പ എടുത്തുവെന്നും തിരിച്ചടച്ചിട്ടില്ലെന്നും നിക്ഷേപകർ പറയുന്നു. അപേക്ഷകരുടെ രേഖകൾ ഉപയോഗിച്ച് ഭരണസമിതി അംഗങ്ങൾതന്നെ വായ്‌പ തരപ്പെടുത്തിയതായും പരാതിക്കാർ പറയുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..