22 December Sunday

ഇടതുപക്ഷക്കാരനായതിനാൽ
 വലിയ തോതിൽ വിമർശം: അശോകൻ ചരുവിൽ

വെബ് ഡെസ്‌ക്‌Updated: Monday Oct 28, 2024

വയലാർ രാമവർമ സാഹിത്യ പുരസ്‌കാരം അശോകൻ ചരുവിലിന്‌ വയലാർ രാമവർമ മെമ്മോറിയൽ ട്രസ്‌റ്റ്‌ പ്രസിഡന്റ്‌ 
പെരുമ്പടവം ശ്രീധരൻ സമ്മാനിക്കുന്നു

ഇടതുപക്ഷ രാഷ്‌ട്രീയപക്ഷത്തു നിൽക്കുന്നതിന്റെ പേരിൽ വലിയതോതിൽ വിമർശത്തിന്‌ വിധേയനായിട്ടുണ്ടെന്ന്‌ അശോകൻ ചരുവിൽ. എഴുത്തുകാരൻ നിഷ്‌പക്ഷനായിരിക്കണമെന്നും രാഷ്‌ട്രീയ ചായ്‌വുണ്ടെങ്കിൽ മനസ്സിൽ വയ്‌ക്കണമെന്നുമുള്ള ആശയം കേരളത്തിൽ ശക്തമായി പ്രചരിക്കുന്നു. സർവാദരണീയനാകുകയെന്നത്‌ നല്ലകാര്യമായി കരുതുന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. വയലാർ സാഹിത്യപുരസ്‌കാരം സ്വീകരിച്ചശേഷം സംസാരിക്കുകയായിരുന്നു അശോകൻ ചരുവിൽ. 

സാഹിത്യവിമർശത്തിന്‌ പകരം പലതരത്തിലുള്ള പ്രമോഷനുകളാണ്‌ ഇന്ന്‌ വായനക്കാർക്കു മുന്നിൽ എത്തുന്നത്‌. പ്രമോഷന്റെ ഭാഗമായുള്ള പുരസ്‌കാരങ്ങളും ഈയിടെയായി ഉണ്ടാവുന്നു. പലപ്പോഴും സ്വന്തം കൃതിക്കുള്ള പ്രമോഷൻ സംഘടിപ്പിക്കാനായി എഴുത്തുകാരൻ നിർബന്ധിതനാകുന്നു. പുരസ്‌കാരങ്ങളെക്കുറിച്ചുള്ള ഉൽക്കണ്‌ഠ പല എഴുത്തുകാരെയും മാനസികമായി തളർത്തുന്നുമുണ്ട്‌. പുസ്‌തകങ്ങൾക്ക്‌ വിൽപ്പനയുണ്ടാകുന്നതും അത്‌ കൂടുതൽ പേർ വായിക്കുന്നതും നല്ലകാര്യമാണ്‌. അതിനാവശ്യമായ പ്രവർത്തനം പൊതുസമൂഹമാണ്‌ ഏറ്റെടുത്തു നടത്തേണ്ടത്‌. എഴുത്തുകാരുടെ ഉൽക്കണ്‌ഠ തന്റെ ലോകത്തെക്കുറിച്ചും മനുഷ്യരെക്കുറിച്ചുമാകണം.

ആത്മപ്രതിരോധം എന്ന നിലയിലാണ്‌ അടിയന്തരാവസ്ഥക്കാലത്ത്‌ ഞാൻ എഴുതിത്തുടങ്ങിയത്‌. നാട്ടിൽ പൊതുപ്രവർത്തകനായി അലഞ്ഞ കാലമാണ്‌ എന്റെ ജീവിതത്തെ ശരിയായി നിർണയിച്ചത്‌. അക്കാലത്ത്‌ നേരിൽക്കണ്ട മനുഷ്യജീവിതങ്ങൾ, അവയുടെ തുടർച്ച എന്നിവയൊക്കെ എന്നെ ഇപ്പോഴും പിന്തുടരുന്നുണ്ട്‌. എനിക്ക്‌ ഏറ്റവും മനസ്സിലാകുന്ന കാര്യം രാഷ്‌ട്രീയമാണ്‌. ആ നിലയിലുള്ള അന്വേഷണമാണ്‌ എന്നെ എഴുതാൻ പ്രേരിപ്പിക്കുന്നത്‌. ലോകത്തും രാജ്യത്തും സമാധാനവും ജനാധിപത്യവും മതനിരപേക്ഷതയും സാമൂഹ്യനീതിയും പുലർന്നുകാണണമെന്ന്‌ ഏതൊരുസാധാരണക്കാരനെപ്പൊലെ ഞാനും ആഗ്രഹിക്കുന്നു. എന്റെ സമീപനങ്ങളുമായി കുറച്ചെങ്കിലും യോജിക്കാവുന്ന പ്രസ്ഥാനങ്ങളും സംഘടനകളുമായാണ്‌  ബന്ധപ്പെട്ടുനിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വയലാർ അവാർഡ്‌ 
അശോകൻ ചരുവിലിന്‌ സമ്മാനിച്ചു
പ്രൗഢമായ ചടങ്ങിൽ 48–-ാമത്‌ വയലാർ രാമവർമ സാഹിത്യ പുരസ്‌കാരം അശോകൻ ചരുവിലിന്‌ സമ്മാനിച്ചു. വയലാർ രാമവർമ മെമ്മോറിയൽ ട്രസ്‌റ്റ്‌ പ്രസിഡന്റ്‌ പെരുമ്പടവം ശ്രീധരനാണ്‌ അവാർഡ്‌ സമ്മാനിച്ചത്‌. പ്രഭാവർമ പ്രശസ്‌തിപത്രം സമ്മാനിച്ചു. ഒരുലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകൽപ്പന ചെയ്‌ത വെങ്കല പ്രതിമയും അടങ്ങുന്നതാണ്‌ പുരസ്‌കാരം.

നിശാഗന്ധിയിൽ നടന്ന ചടങ്ങിൽ ട്രസ്റ്റ് സെക്രട്ടറി ബി സതീശൻ റിപ്പോർട്ട്‌ അവതരിപ്പിച്ചു. അവാർഡ്‌ ജഡ്‌ജിങ്‌ കമ്മിറ്റി അംഗം ബെന്യാമിൻ, ഡോ. വി രാമൻകുട്ടി, അശോകൻ ചരുവിൽ തുടങ്ങിയവരും സംസാരിച്ചു. ട്രസ്‌റ്റ്‌ വൈസ് പ്രസിഡന്റ്‌ പ്രൊഫ. ജി ബാലചന്ദ്രൻ സ്വാഗതം പറഞ്ഞു. വയലാർ കവിതകളുടെ അവതരണവുമുണ്ടായി. പുരസ്‌കാരവിതരണ ശേഷം വയലാർ ഗാനങ്ങൾ ഉൾപ്പെടുത്തിയ ഗാനസന്ധ്യയും അരങ്ങേറി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top