23 November Saturday
സമീപകാലത്ത്‌ 
ഏറ്റവുമധികം ചർച്ച
ചെയ്യപ്പെട്ട നോവലാണ്‌ അശോകൻ ചരുവിലിന്റെ 
കാട്ടൂർകടവ്‌ എന്ന്‌ അവാർഡ്‌ 
നിർണയ സമിതി

അശോകന്‍ ചരുവിലിന് വയലാര്‍ അവാര്‍ഡ്

വെബ് ഡെസ്‌ക്‌Updated: Sunday Oct 6, 2024


തിരുവനന്തപുരം
വയലാർ രാമവർമ സ്‌മാരക സാഹിത്യ അവാർഡ്‌ അശോകൻ ചരുവിലിന്റെ  ‘കാട്ടൂർകടവ്’  നോവലിന്.  ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകൽപ്പനചെയ്‌ത വെങ്കലപ്രതിമയും പ്രശസ്തിപത്രവുമാണ്‌ പുരസ്‌കാരം. ബെന്യാമിൻ, പ്രൊഫ. കെ എസ് രവികുമാർ, ഗ്രേസി എന്നിവരടങ്ങിയ സമിതിയാണ്‌ അവാർഡ്‌ നിർണയിച്ചത്‌.

വയലാറിന്റെ ചരമദിനമായ 27-ന്‌ വൈകിട്ട് 5.30ന്‌ തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ പുരസ്‌കാരം സമ്മാനിക്കുമെന്ന്‌ ജൂറി അംഗങ്ങളും ട്രസ്റ്റ്‌ ഭാരവാഹികളും വാർത്താസമ്മേളനത്തിൽ അറിയിച്ചു. സമീപകാലത്ത്‌ ഏറ്റവുമധികം ചർച്ചചെയ്യപ്പെട്ട നോവലാണ്‌ കാട്ടൂർകടവ്‌ എന്ന്‌ അവാർഡ്‌ നിർണയ സമിതി അംഗം കെ എസ്‌ രവികുമാർ പറഞ്ഞു. മനോഹരമായ സ്വയംവിമർശനാത്മകതയാണ്‌  നോവലിന്റെ പ്രത്യേകതയെന്ന്‌ ബെന്യാമിനും സാമൂഹികവിമർശനവും ആത്മവിമർശനവും നർമം കലർത്തി എഴുതാൻ അശോകൻ ചരുവിലിന്‌ കഴിഞ്ഞതായി ഗ്രേസിയും അഭിപ്രായപ്പെട്ടു. 323 എഴുത്തുകാരുടെ 320 കൃതികളിൽനിന്നാണ്‌ കാട്ടൂർകടവ്‌ തെരഞ്ഞെടുത്തത്‌.

ട്രസ്റ്റ് സെക്രട്ടറി ബി സതീശൻ, വൈസ് പ്രസിഡന്റ്‌ പ്രൊഫ. ജി ബാലചന്ദ്രൻ, അംഗങ്ങളായ കവി പ്രഭാവർമ്മ, ഡോ. വി രാമൻകുട്ടി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top