22 December Sunday

‘പുനർജനി’ തട്ടിപ്പുകേസ്‌; പ്രധാന പരാതിക്കാരന്റെ മൊഴി നാളെ രേഖപ്പെടുത്തും

വെബ് ഡെസ്‌ക്‌Updated: Tuesday Aug 6, 2024

കൊച്ചി > പ്രതിപക്ഷനേതാവ്‌ വി ഡി സതീശനെതിരായ ‘പുനർജനി’ തട്ടിപ്പുകേസിൽ പ്രധാന പരാതിക്കാരന്റെ മൊഴി എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ (ഇഡി) വീണ്ടും രേഖപ്പെടുത്തും. പരാതിക്കാരനും കാതിക്കുടം ആക്‌ഷൻ കൗൺസിൽ പ്രസിഡന്റുമായ ജയ്‌സൺ പാനികുളങ്ങരയ്‌ക്ക്‌ മൊഴിയെടുപ്പിന്‌ ഹാജരാകാനാവശ്യപ്പെട്ട്‌ ഇഡി നോട്ടീസയച്ചു. കൊച്ചി ഓഫീസിൽ ബുധൻ പകൽ 10.30ന്‌ കൂടുതൽ തെളിവുകളുമായി ഹാജരാകാനാണ്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌. 

‘പുനർജനി’ പദ്ധതിക്കായി പണംപിരിച്ചതുവഴി വിദേശ സംഭാവനാ നിയന്ത്രണ നിയമം (എഫ്‌സിആർഎ) ലംഘിക്കപ്പെട്ടെന്ന്‌ ഇഡി വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ്‌ വീണ്ടും മൊഴിയെടുക്കുന്നത്‌.  ജയ്‌സൺ പാനികുളങ്ങരയിൽനിന്ന്‌ ഇഡി നേരത്തെ മൊഴിയെടുത്തിരുന്നു.  ബെർമിങ്‌ഹാമിലെത്തി പണംപിരിച്ചെന്ന്‌ വി ഡി സതീശൻ സമ്മതിക്കുന്ന ഇലക്ട്രോണിക്സ്‌ തെളിവുകൾ ഇഡിക്ക്‌ കൈമാറിയിരുന്നു. പണം അഭ്യർഥിക്കുന്നതടക്കമുള്ള തെളിവുകളും കൈമാറി. സതീശന്‌ വിദേശത്ത്‌ പണപ്പിരിവ്‌ നടത്താൻ അനുമതിയില്ലെന്ന്‌ വ്യക്തമാക്കുന്ന വിവരാവകാശ രേഖകൾ, വിജിലൻസ്‌ അന്വേഷണം നിർദേശിച്ച്‌ സിബിഐ നൽകിയ കത്ത്‌, വിജിലൻസിന്‌ നൽകിയ പരാതികൾ, സ്വീകരിച്ച തുടർനടപടികൾ,  കത്തിടപാടുകൾ എന്നിവയും കൈമാറി.  

പറവൂരിൽ പ്രളയബാധിതർക്ക്‌ വീടുനൽകാനും  സഹായിക്കാനും ‘പുനർജനി’ എന്നപേരിൽ വിദേശത്തുൾപ്പെടെ അനുമതിയില്ലാതെ പണം പിരിച്ചുവെന്നതാണ്‌ കേസ്‌. പുത്തൻവേലിക്കരയിൽ ഫ്ലാറ്റിന്‌ കല്ലിട്ടെങ്കിലും നിർമിച്ചില്ല. ലൈഫ്‌ പദ്ധതിയിൽ നിർമിച്ചതും പ്രളയബാധിതരെ സഹായിക്കാൻ മറ്റ്‌ ഏജൻസികൾ നിർമിച്ചതുമായ വീടുകൾ ‘പുനർജനി’യുടെ പേരിലാക്കി. വീടില്ലാത്ത സ്ഥലത്തേക്ക്‌ എംഎൽഎ ഫണ്ടിൽനിന്ന്‌ റോഡുണ്ടാക്കിയത്‌ റിയൽ എസ്‌റ്റേറ്റ്‌ താൽപ്പര്യത്തോടെയെന്നും പരാതി ഉയർന്നു. പണം പിരിക്കാനല്ല വിദേശത്തുപോയതെന്ന്‌ നിയമസഭയിൽ പറഞ്ഞ എംഎൽഎ, വിദേശത്തുപോയി പിരിച്ച പണം പറവൂരിൽ വിതരണം ചെയ്തെന്ന്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top