തിരുവനന്തപുരം > സമൂഹത്തിൽ ഒരു മഹാമാരി കടന്നെത്തിയിരിക്കുന്ന അവസരത്തിലും വസ്തുതാ വിരുദ്ധമായ പരാമർശങ്ങൾ ഉന്നയിക്കുകയും ഉദ്യോഗസ്ഥരുടെയും മറ്റ് ആരോഗ്യ പ്രവർത്തകരുടേയും ആത്മവീര്യം കെടുത്താൻ ശ്രമിക്കുകയും ചെയ്യുന്നവർക്കെതിരെ മന്ത്രി വീണാ ജോർജ്.
നിലവിലെ സാഹചര്യത്തിൽ നിപാ രോഗത്തെപ്പറ്റി ഏറ്റവും കൂടുതൽ വിവരങ്ങൾ ലഭിച്ചിരിക്കുന്നത് കേരളത്തിൽനിന്നാണ്. ഐസിഎംആറിന്റെ കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ സഹായം കാര്യമായി നമുക്കുണ്ടായി എന്നത് തർക്കമറ്റ വസ്തുതയാണ്. നിഷേധിക്കാനാകാത്ത വൈറോളജിക്കൽ തെളിവുകളാണ് നിപയുടെ കാര്യത്തിൽ കേരളത്തിന്റെ പക്കലുള്ളത്. കേരളത്തിൽ നിപാ ബാധിച്ചിട്ടുള്ള എല്ലാ ജില്ലകളിലും അതിനോട് ചേർന്ന് കിടക്കുന്ന ജില്ലകളിലും വൈറസിന്റെയോ ആന്റിബോഡിയുടെയോ സാന്നിധ്യം വവ്വാലുകളിൽ കണ്ടെത്തിയിട്ടുണ്ട്. ലോകത്ത് മറ്റൊരിടത്തും നിപാ ഉണ്ടായ ഇടങ്ങളിലെല്ലാം ഇത് സാധ്യമായിട്ടില്ല. ഇതിൽ തന്നെ ഒട്ടേറെ ഇടങ്ങളിൽ വൈറസിന്റെ അല്ലെങ്കിൽ വൈറൽ ആർഎൻഎയുടെ തന്നെ സാന്നിധ്യമാണ് കണ്ടെത്തിയിട്ടുള്ളത്. ഈ വൈറസിന് കേരളത്തിൽ നിപാ രോഗിയിൽ കണ്ടെത്തിയ വൈറസുമായി 100 ശതമാനം സാമ്യമുണ്ട്. അതായത് വവ്വാലുകളിലെ വൈറസ് തന്നെയാണ് മനുഷ്യർക്ക് രോഗം ഉണ്ടാക്കുന്നതെന്ന് ഉറപ്പിക്കാൻ ജനിതക പരിശോധനയിലൂടെ കഴിഞ്ഞ ഒരൊറ്റ പ്രദേശമേ ലോകത്തുള്ളൂ. അത് കേരളമാണെന്നും മന്ത്രി സമൂഹമാധ്യമത്തിൽ കുറിച്ചു.
പൊതുജനാരോഗ്യ പ്രശ്നങ്ങളെ ഒന്നിച്ച് നേരിടേണ്ടതാണ്. അതിനായി പൊരുതി കൊണ്ടിരിക്കുമ്പോൾ വാസ്തവവിരുദ്ധമായ കാര്യങ്ങൾ പറഞ്ഞ് ആരോഗ്യ പ്രവർത്തകരുടെ ആത്മവീര്യം തകർക്കുന്നത് ഒരു പൊതുജനാരോഗ്യ പ്രവർത്തനം അല്ലെന്ന് ചില 'പൊതുജനാരോഗ്യ വിദഗ്ധർ' മനസ്സിലാക്കണമെന്നും മന്ത്രി സമൂഹമാധ്യമത്തിൽ കുറിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..