17 September Tuesday

അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾക്കുള്ള മരുന്ന് സൗജന്യമായി നൽകും: മന്ത്രി വീണാ ജോർജ്

വെബ് ഡെസ്‌ക്‌Updated: Thursday Aug 29, 2024

തിരുവനന്തപുരം > അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾക്കുള്ള മരുന്നുകൾ സൗജന്യമായി നൽകുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. വിലകൂടിയ കാൻസർ മരുന്നുകൾ പരമാവധി വില കുറച്ച് നൽകാനാണ് കാരുണ്യസ്പർശം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. അതേസമയം കാൻസർ മരുന്നുകളുടെ ചൂഷണം തടയുകയും ചെയ്യും. അത് അർഹമായ വ്യക്തികൾക്ക് ലഭ്യമാക്കുന്നതിന് പ്രിസ്‌ക്രിപ്ഷനിൽ സീൽ ചെയ്യുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും. ഇതൊരു സ്വപ്ന സാക്ഷാത്ക്കാരമാണ്. കാൻസർ രോഗത്തിന് മുമ്പിൽ നിസഹായരാകുന്നവരെ സഹായിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. നൂറുദിന കർമ്മപരിപാടികളുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട കാരുണ്യ ഫാർമസികളിൽ പ്രവർത്തനമാരംഭിക്കുന്ന കാരുണ്യ സ്പർശം സീറോ പ്രോഫിറ്റ് ആന്റി കാൻസർ ഡ്രഗ് കൗണ്ടറുകളുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

കാൻസർ പ്രതിരോധത്തിനും ചികിത്സയ്ക്കും സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നത്. ആർദ്രം മിഷൻ രണ്ടിന്റെ ഭാഗമായി 10 പ്രധാന കാര്യങ്ങളിൽ ഒന്നാണ് കാൻസർ പ്രതിരോധവും ചികിത്സയും. ഈ മേഖലയിൽ മൂന്ന് വർഷമായി ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തിയതായി പ്രത്യക്ഷത്തിൽ കാണാൻ കഴിയും. കൃത്യമായ കാൻസർ ഡേറ്റ ശേഖരണത്തിനായി കാൻസർ രജിസ്ട്രി രൂപീകരിച്ചു. 14 ജില്ലകളിലും ജില്ലാ കാൻസർ കൺട്രോൾ പ്രോഗ്രാം നടപ്പിലാക്കി. കാൻസർ ചികിത്സ വികേന്ദ്രീകരിച്ചു. എല്ലാ ജില്ലാ ആശുപത്രികളിലും കാൻസർ ചികിത്സ ആരംഭിച്ചു. 2013-14 വർഷത്തിൽ കാൻസർ സെന്ററിന് പുറമേ അഞ്ച് മെഡിക്കൽ കോളേജുകളിൽ മാത്രമാണ് കാൻസർ ചികിത്സ ഉണ്ടായിരുന്നത്. ഇപ്പോൾ 50 സർക്കാർ ആശുപത്രികളിൽ കാൻസർ ചികിത്സ ലഭ്യമാണ്. അന്നത്തെ 68 മരുന്നുകളിൽ നിന്നും 176 മരുന്നുകൾ ലഭ്യമാക്കി. സൗജന്യ ചികിത്സാ രംഗത്തും ഇടപെടലുകൾ നടത്തി. ഈ സർക്കാരിന്റെ കാലത്ത് കാൻസർ മരുന്നുകൾക്ക് മൂന്നിരട്ടി തുകയാണ് അനുവദിച്ചത്.

ആദ്യഘട്ടത്തിൽ ചികിത്സിച്ചാൽ പൂർണമായി മാറുന്ന രോഗമാണ് കാൻസർ. ഏത് കാൻസറാണെങ്കിലും ആരംഭത്തിൽ കണ്ടെത്തി ചികിത്സിക്കണം. ആർദ്രം കാമ്പയിന്റെ ഭാഗമായി കാൻസർ സ്‌ക്രീനിംഗ് കൂടി നടത്തി. ആശുപത്രികളിൽ പ്രിവന്റീവ് ഓങ്കോളജി ക്ലിനിക്കുകൾ തുടങ്ങി.

റോബോട്ടിക് സർജറി ആരംഭിച്ചു. ഗർഭാശയഗള കാൻസർ കണ്ടെത്തുന്നതിനുള്ള 'സെർവി സ്‌കാൻ' രാജ്യത്ത് ആദ്യമായി ആർസിസി വികസിപ്പിച്ചു. സെർവിക്കൽ കാൻസറിന് എതിരായുള്ള എച്ച്പിവി വാക്‌സിനേഷൻ പ്ലസ് വൺ, പ്ലസ് ടു തലത്തിലെ പെൺകുട്ടികൾക്ക് നൽകുന്നതിന് തീരുമാനമെടുത്തു. മലബാർ ക്യാൻസർ സെന്ററിൽ അതിനൂതന കാർ ടി സെൽ തെറാപ്പി ആരംഭിച്ചു. കൊച്ചിൻ കാൻസർ സെന്റർ ഈ വർഷം പൂർണതോതിൽ പ്രവർത്തനസജ്ജമാകുമെന്നും മന്ത്രി വ്യക്തമാക്കി. പുറത്ത് നിന്നും വാങ്ങുമ്പോൾ 42,350 രൂപ വിലയുള്ള കാൻസർ മരുന്ന് 35,667 രൂപ വില കുറച്ച് 6,683 രൂപയ്ക്ക് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള രോഗിയ്ക്ക് വേണ്ടി നൽകി മന്ത്രി ആദ്യ വിൽപന നടത്തി.

കെഎംഎസ്സിഎൽ ജനറൽ മാനേജർ ഡോ. എ ഷിബുലാൽ സ്വാഗതം ആശംസിച്ച ചടങ്ങിൽ ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. കെ.ജെ. റീന, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. തോമസ് മാത്യു, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ബിന്ദു മോഹൻ, വാർഡ് കൗൺസിലർ ഡി ആർ അനിൽ, സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ഡോ. ബിജോയ്, ജില്ലാ പ്രോഗ്രാം മാനേജർ എസ്. അനോജ്, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ലിനെറ്റ് ജെ മോറിസ്, ആശുപത്രി സൂപ്രണ്ട് ഡോ. സുനിൽ കുമാർ എന്നിവർ പങ്കെടുത്തു. അതത് ജില്ലകളിൽ എംപിമാർ, എംഎൽഎമാർ മറ്റ് ജനപ്രതിനിധികളും പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top