തിരുവനന്തപുരം > ഗുസ്തിയോടുള്ള സ്‌നേഹം അലിഞ്ഞുചേർന്നിരുന്ന ഒരുകാലത്തിന്റെ ഓർമകൾ പേറി തലസ്ഥാനത്ത് ഒരു ജിംഖാനയുണ്ട്. ഗുസ്തിയെ ജനകീയമാക്കിയ തട്ടകവീര്യവുമായി 1924ൽ വഞ്ചിയൂരിൽ ആരംഭിച്ച "വീരകേരള ജിംഖാന'. 2024ൽ 100-ാം വർഷം ആഘോഷിക്കുകയാണ് ഈ ചരിത്രകേന്ദ്രം.
ഗുസ്തി ഉത്തരേന്ത്യയുടെ മാത്രമല്ല, ദക്ഷിണേന്ത്യയുടെ, പ്രത്യേകിച്ച് നമ്മുടെ കേരളത്തിന്റെകൂടി ഇഷ്ട കായിക വിനോദമാണെന്നുള്ള സാക്ഷ്യമാണ് വഞ്ചിയൂരിലെ ജിംഖാന. രാജ്യത്ത് ഗുസ്തിമേഖലയും താരങ്ങളും വലിയ പ്രതിസന്ധി നേരിടുമ്പോഴാണ് വീരകേരളയുടെ 100–-ാം വാർഷികവും വന്നെത്തിയത്. തലസ്ഥാനജില്ലയുടെ "മസിൽ' പെരുപ്പിക്കുന്നതിലും കായികസംസ്കാരം വളർത്തുന്നതിലും വീരകേരളയുടെ പങ്ക് ചെറുതല്ല. മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ഗുസ്തി പഠിച്ചയിടമെന്ന പ്രത്യേകതയുമുണ്ട്. വഞ്ചിയൂർ ജില്ലാ കോടതിയുടെ എതിർവശത്ത് ആർക്കും കാണുംവിധം വലിയ ഗേറ്റിൽ "വീരകേരള ജിംഖാന'എന്ന ബോർഡാണ് നമ്മളെ സ്വീകരിക്കുന്നത്. ആത്മാവിനെപ്പോലെ ശരീരത്തെയും ശുദ്ധീകരിക്കുക എന്നതാണ് ആപ്തവാക്യം.
ജിംഖാനയിൽ സൂക്ഷിച്ചിരിക്കുന്ന മോഹൻലാൽ (നില്‍ക്കുന്നതില്‍ ഇടത്തുനിന്ന് നാലാമത്) ഉൾപ്പെടുന്ന പഴയകാല ഗുസ്തി ടീമിന്റെ ചിത്രം
വർഷങ്ങൾക്കുമുമ്പ് രാവിലെയും വൈകിട്ടുമായി ആളുകളാൽ നിറഞ്ഞ വീരകേരളയുടെ മുറ്റം ഇന്നിപ്പോൾ വിജനമാണെങ്കിലും ചരിത്രമറിയുന്നവർ ഇന്നും ഇവിടെത്തന്നെ സ്ഥിരമെത്തുന്നുണ്ട്. വർഷങ്ങളായി രാവിലെയും വൈകിട്ടുമായി സമയക്രമം പിന്തുടർന്നാണ് പ്രവർത്തനം. പുലർച്ചെ 5.30 മുതൽ ഒമ്പതുവരെയും വൈകിട്ട് നാലുമുതൽ 8.30 വരെയുമാണ് പ്രവർത്തനം. ഗുസ്തിപ്രേമികൾ, ജിംനാസ്റ്റുകൾ, കളരിപ്പയറ്റ് വിദ്യാർഥികൾ തുടങ്ങിയവരാണ് നിലവിലെ സ്ഥിരംസന്ദർശകർ. ഉന്നത ഉദ്യോഗസ്ഥരും അഭിഭാഷകരും പൊലീസ് ഉദ്യോഗസ്ഥരുമടക്കം ഈ മണ്ണിൽ "വർക്ക് ഔട്ട്' ചെയ്തവരാണെന്ന് വീരകേരള ജിംഖാന ട്രസ്റ്റ് സെക്രട്ടറി വി കെ അശോക് കുമാർ പറയുന്നു.
പുത്തൻകാല ജിമ്മുകളെപ്പോലെ ആത്യാധുനിക ഉപകരണങ്ങളോ എസിയോ ഈ ജിംഖാനയിലില്ല. വഞ്ചിയൂരിലെ സർക്കാർ ഭൂമിയിൽ ടിൻഷീറ്റ് വിരിച്ച കെട്ടിടത്തിലാണ് പ്രവർത്തനം. മുറ്റത്ത് പച്ചപ്പ് വിരിച്ച മരങ്ങളുടെ ചുവട്ടിലും കായികാഭ്യാസത്തിന് അവസരമുണ്ട്. വിയർത്തുമാത്രമേ ഇവിടെ അധ്വാനിക്കാവൂ എന്നുമാത്രം. കല്ലുകളാണ് പ്രധാന ഉപകരണം. ഡിസ്കായും ഡമ്പലായുമൊക്കെ കല്ലുകൾ തന്നെയാണ് ഉപയോഗിക്കുന്നത്. പലതും പതിറ്റാണ്ടുകളുടെ ഉപയോഗത്തിൽ തകർന്നെങ്കിലും ഇപ്പോഴും സൂക്ഷിച്ചുവച്ചിട്ടുണ്ട്.
വീരകേരള ജിംഖാനയിലെ ഇൻസ്ട്രക്ടർ പി കൃഷ്ണകുമാറും ട്രസ്റ്റ് സെക്രട്ടറി വി കെ അശോക് കുമാറും പഴയകാല ജിം ഉപകരണങ്ങളുമായി
യൂണിവേഴ്‌സിറ്റി കോളേജിലെ കായിക പരിശീലകനായിരുന്ന കുട്ടൻ പിള്ളയാണ് (മാസ്റ്റർ നാരായണ പിള്ള) ജിംഖാനയുടെ സ്ഥാപകൻ. ബോധേശ്വരനും ഗുപ്തൻ നായരുമാണ് വീര കേരള എന്ന പേരിട്ടത്. തിരുവിതാംകൂർ രാജഭരണകാലത്ത് നഗരത്തിൽ നടക്കുന്ന പരിപാടികളിൽ വളന്റിയർമാരായി പോകുന്നത് വീരകേരളയുടെ സ്വന്തം ഗുസ്തിപ്രേമികളായിരുന്നു. നാട്ടിൽ പ്ലേഗ് പടർന്ന കാലത്തും സമാശ്വാസ പ്രവർത്തനങ്ങളുമായി ജിംഖാനയുണ്ടായിരുന്നതായി സെക്രട്ടറി ഓർക്കുന്നു. സാധാരണ ജിമ്മുകളിൽ 1000 മുതൽ 2000 വരെ ഫീസ് വാങ്ങുമ്പോൾ വീരകേരള ഇന്നും മാസം വാങ്ങുന്നത് വെറും 350 രൂപമാത്രം.
വർഷങ്ങൾക്കുമുമ്പ് ഗുസ്തിമത്സരങ്ങൾക്ക് വേദിവരെയായ ജിംഖാനയ്ക്ക് ഇന്ന് പഴയ പ്രതാപത്തിന്റെ ഓർമകൾ മാത്രമാണുള്ളത്. പുത്തൻതലമുറയ്ക്ക് ഗുസ്തിയോട് താൽപ്പര്യക്കുറവാണെന്ന് അശോക് കുമാർ പറയുമ്പോൾ നിരവധി താരങ്ങൾ ഗുസ്തി പ്രകടനം കാഴ്ചവച്ച മാറ്റുകൾ ഒരുമൂലയിൽ പൊടിപിടിച്ചു കിടക്കുന്നുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..