22 November Friday
മൂന്നുവർഷത്തിനകം ലക്ഷ്യം കൈവരിക്കും , എല്ലാവകുപ്പുകൾക്കും ചുമതല.

പച്ചക്കറി ഉൽപ്പാദനം 
25 ലക്ഷം ടണ്ണാകും ; സമഗ്ര പച്ചക്കറി ഉൽപ്പാദന യജ്ഞത്തിന്‌ അന്തിമരൂപം

സുനീഷ്‌ജോUpdated: Friday Oct 25, 2024


തിരുവനന്തപുരം
സംസ്ഥാനത്തെ പച്ചക്കറി ഉൽപ്പാദനം 25 ലക്ഷം ടണ്ണാക്കാനുള്ള സമഗ്ര പച്ചക്കറി ഉൽപ്പാദന യജ്ഞത്തിന്‌ അന്തിമരൂപമായി. കൃഷി വകുപ്പിന്‌ പുറമേ മറ്റ്‌ വകുപ്പുകൾക്കും  ചുമതലകൾ വിഭജിച്ച്‌ നൽകിയാണ്‌ പ്രവർത്തനം. നവംബർ മുതൽ കൃഷി ആരംഭിക്കും.നിലവിൽ 17.22 ലക്ഷം ടൺ  ഉൽപ്പാദനമാണുള്ളത്‌. മൂന്നുവർഷത്തിനകം ലക്ഷ്യം കൈവരിക്കും. വാണിജ്യ, വീട്ടുവളപ്പ്‌ കൃഷി പ്രോത്‌സാഹിപ്പിച്ചാണ്‌ പ്രവർത്തനം. 32 ലക്ഷം മെട്രിക്‌ ടൺ പച്ചക്കറി കേരളത്തിന്‌ ഒരുവർഷം ആവശ്യമുണ്ട്‌. സവാള, ഉരുളക്കിഴങ്ങ്‌ എന്നിങ്ങനെ ഏതാനും ഇനങ്ങൾക്ക്‌ ഇതരസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരും. അതൊഴിച്ചുള്ളവയിൽ സ്വയം പര്യാപ്‌തത കൈവരിക്കുകയാണ്‌ ലക്ഷ്യം. യുഡിഎഫ്‌ ഭരണകാലത്ത്‌ 6.28 ലക്ഷം ടണ്ണായിരുന്നു പച്ചക്കറി ഉൽപ്പാദനം. എട്ടുവർഷം കൊണ്ട്‌ രണ്ടിരട്ടിയാക്കി ഉയർത്താനായി.

വ്യാഴാഴ്‌ച ചേർന്ന യോഗത്തിൽ പദ്ധതിക്കായി ഉന്നതാധികാര കമ്മിറ്റിയും ജില്ല മുതൽ വാർഡ്‌ തലം വരെയുളള നടത്തിപ്പ്‌ കമ്മിറ്റിയും രൂപീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. വകുപ്പ്‌ സെക്രട്ടറിമാരുടെയോഗം ചീഫ്‌സെക്രട്ടി വിളിക്കും. കല്ലിയൂർ–-വെങ്ങാനൂർ, അഞ്ചൽ–-പത്തനാപുരം, ചേർത്തല–-കഞ്ഞിക്കുഴി–-ചാരുമ്മൂട്‌, ഏറ്റുമാനൂർ–-കടുത്തുരുത്തി, പിറവം–-ഓണക്കൂർ, കാന്തല്ലൂർ–-വട്ടവട, ഒല്ലൂർ–-മാള–-പഴയന്നൂർ, നെന്മാറ–-ഇലവൻഞ്ചേരി–-കൊഴിഞ്ഞാംപാറ, പരപ്പനങ്ങാടി, കക്കോടി, മീനങ്ങാടി, മാങ്ങാട്ടിടം എന്നീ മേഖലകൾക്കായി പ്രത്യേക പദ്ധതി ആവിഷ്‌കരിക്കും.

തൈകളും വിത്തും കൃഷി വകുപ്പ്‌ മുഖേന നൽകും. കൃഷികൂട്ടായ്‌മഷൾ ആരംഭിക്കും. കുടുംബശ്രീ, തൊഴിലുറപ്പ്‌ തൊഴിലാളി, ഹരിതകർമസേന, ശുചിത്വമിഷൻ, ആശാവർക്കർമാർ, അങ്കണവാടി വർക്കർമാർ, റസിഡന്റ്‌സ്‌ അസോസിയേഷൻ, വിദ്യാർഥികൾ, യുവജന ക്ലബ്‌ തുടങ്ങിയവരെ പദ്ധതിയുടെ ഭാഗമാക്കും. വിപണനത്തിന്‌ പ്രത്യേകസംവിധാനം ഒരുക്കും. ക്ഷീര സംഘങ്ങൾ, മിൽമ എന്നിവ വഴിയും വിൽപ്പന ആലോചനയിലുണ്ട്‌. ഹോർട്ടികോർപ്പ്‌, വിഎഫ്‌പിസികെ, കൃഷിഭവൻ എന്നിവയുൾപ്പടെയുള്ള 2187 വിൽപ്പനകേന്ദ്രം ശക്തിപ്പെടുത്തും. കൃഷി വകുപ്പ്‌ 60.48 കോടി, വിഎഫ്‌പിസികെ 18 കോടി, ഹോട്ടികൾച്ചർ മിഷൻ 15.54 കോടി, ത്രിതല പഞ്ചായത്തുകൾ 30.65 കോടിരൂപയും പദ്ധതിയ്‌ക്കായി ചെലവഴിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top