തിരുവനന്തപുരം > വാഹനം പൊളിക്കൽ കേന്ദ്രങ്ങൾക്കായി മോട്ടോർ വാഹനവകുപ്പ് ഉടൻ ടെൻഡർ വിളിക്കും. സംസ്ഥാനത്തെ മൂന്നു സോണുകളായി തിരിച്ചാണ് അംഗീകൃത സെന്ററുകൾ ആരംഭിക്കുക. സൗത്ത് സോണിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകൾ ഉൾപ്പെടും. സെൻട്രൽ സോണിൽ എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, പാലക്കാട് ജില്ലകളും. നോർത്ത് സോണിൽ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളും ഉൾപ്പെടും. ഇതിൽ കെഎസ്‌ആർടിസിയും കേന്ദ്ര സർക്കാർ സ്ഥാപനമായ ബ്രത്ത്‌വെയ്റ്റും ചേർന്ന് തുടങ്ങുന്ന വാഹന പൊളിക്കൽ കേന്ദ്രം സെൻട്രൽ സോണിൽ ഉൾപ്പെടുന്ന മലപ്പുറം ജില്ലയിലെ എടപ്പാളിലാണ് നിർമിക്കുക. നോർത്ത് സോണിലും സൗത്ത് സോണിലും നിർമിക്കുന്ന കേന്ദ്രങ്ങൾക്കായാണ് ടെൻഡർ ക്ഷണിക്കുക.
അംഗീകൃത വാഹന പൊളിക്കൽ കേന്ദ്രങ്ങൾ നൽകുന്ന സർട്ടിഫിക്കറ്റ് വച്ച് പുതിയ വാഹനം വാങ്ങുമ്പോൾ 10 മുതൽ 15 ശതമാനം വരെ വാഹന ഉടമയ്‌ക്ക് നികുതി ഇളവ് ലഭിക്കും. സർക്കാരുമായി കൂടുതൽ വരുമാന വിഹിതം പങ്കുവയ്‌ക്കാൻ ധാരണയാകുന്ന കമ്പനികൾക്കാണ് ടെൻഡർ ലഭിക്കുക.
15 വർഷം പഴക്കമുള്ള വാഹനങ്ങൾ ഉപേക്ഷിക്കാനുള്ള കേന്ദ്രനയം അനുസരിച്ചാണ് സംസ്ഥാനങ്ങളിൽ അംഗീകൃത പൊളിക്കൽ കേന്ദ്രങ്ങൾ ആരംഭിക്കുന്നത്. വെഹിക്കിൾ ഇൻസ്‌പെക്ടർ പരിശോധിച്ച് സാക്ഷ്യപ്പെടുത്തിയാണ് രജിസ്‌ട്രേഷൻ റദ്ദാക്കി വാഹനം പൊളിക്കുന്നത്.- അംഗീകൃത പൊളിക്കൽ കേന്ദ്രങ്ങൾ വരുന്നതോടെ ഉടമയ്ക്ക് രേഖകൾ സഹിതം വാഹനം കൊടുക്കാം.- ഉടൻ സാക്ഷ്യപത്രവും ലഭിക്കും.- ഈ സാക്ഷ്യപത്രം ഹാജരാക്കിയാൽ പുതിയ വാഹനങ്ങൾക്ക് നികുതി ഇളവ് ലഭിക്കും.- ഫിറ്റ്‌നസ് പരിശോധനയിൽ പരാജയപ്പെടുന്ന സ്വകാര്യ വാഹനങ്ങളും പൊളിക്കണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..