21 November Thursday

വേലായുധൻ പണിക്കശേരി ; എഴുതിയും
 വായിച്ചുമൊരു ജീവിതം

സുനി പദ്‌മനാഭUpdated: Saturday Sep 21, 2024


പഠനത്തിനും എഴുത്തിനും വേണ്ടിയുള്ള തപസ്സിന്റെയും,  നിഷ്‌ഠയുടേയും പേരാണ്‌  വേലായുധൻ പണിക്കശേരി.   വി ടി ഭട്ടതിരിപ്പാടിന്റെയും ജോസഫ് മുണ്ടശ്ശേരിയുടെയും  തകഴിയുടെയും എസ് കെ പൊറ്റെക്കാടിന്റെയും അക്കിത്തത്തിന്റെയും സുഹൃത്തായിരുന്ന അദ്ദേഹത്തെ  നാട്ടുകാരറിയുന്നത്‌ ലൈബ്രറി വേലായുധേട്ടനായാണ്‌. 

പണമില്ലാത്തതിനാൽ പഠിക്കാൻ കഴിയാതെപോയ വേലായുധന്റെ  ആദ്യകാല രചനകളായ  ‘കേരളം 600 കൊല്ലം മുമ്പ്‌,  ‘കേരളം 15 ഉം 16 ഉം നൂറ്റാണ്ടിൽ’ എന്നിവ   കോളേജ്‌ അധ്യാപകർക്ക്‌  റഫറൻസ് ഗ്രന്ഥങ്ങളായിരുന്നു.

ചേറ്റുവ മണപ്പുറത്തെ പടയോട്ടകഥകളും നാട്ടുപുരാണങ്ങളും കുടുംബപുരാണങ്ങളും അയൽക്കാരനായ  ജ്ഞാനവൃദ്ധൻ പറഞ്ഞുകൊടുക്കുമായിരുന്നു. ആ സ്വാധീനം കേസരി ബാലകൃഷ്ണപിള്ളയിലേയ്ക്കും പിന്നീട്  പ്രൊഫ. ഇളംകുളം കുഞ്ഞൻപിള്ളയിലേയ്ക്കും കെ പി പത്മനാഭ മേനോനിലേയ്ക്കും തിരിഞ്ഞു.  മലബാറിലെ മുസ്ലീം നാവികർ നടത്തിയ സമരമാണ് ആദ്യത്തെ ഇന്ത്യൻ സ്വാതന്ത്ര്യസമരമെന്ന് വസ്തുനിഷ്ഠമായി തെളിവുകളോടെ രേഖപ്പെടുത്തിയ ചരിത്രകാരനായിരുന്നു പണിക്കശേരി.  കേരളം സന്ദർശിച്ച 52 പ്രമുഖ വിദേശ സഞ്ചാരിക ളുടെ വിവരങ്ങൾ അടങ്ങിയ സഞ്ചാരികൾ കണ്ട കേരളം എന്ന ഗ്രന്ഥരചനയ്‌ക്കായി  വർഷങ്ങളുടെ അലച്ചിലും അന്വേഷണവും നടത്തിയിട്ടുണ്ട്.

പണിക്കശേരി ആദ്യമെഴുതിയത്‌ തൂലികാചിത്രമാണ്. ‘പൂനാമലയാളി’ വിശേഷാൽ പ്രതിയിൽ തകഴി ശിവശങ്കര പിള്ളയുടെ തൂലികാചിത്രമാണ് ആദ്യമായി അച്ചടിച്ചുവന്നത്.  ജനയുഗത്തിൽ അദ്ദേഹം രണ്ടു പുതിയ പംക്തികൾ ആരംഭിച്ചു. ജീവിച്ചിരിക്കുന്ന പ്രമുഖ സാഹിത്യകാരൻമാരെ പരിചയപ്പെടുത്തുന്ന  ‘തൂലികാചിത്രം’, മൺമറഞ്ഞവരെ പരിചയപ്പെടുത്തുന്ന ‘പോയ തലമുറ’ .ഭ്രാതാവേലുക്കുട്ടിമാസ്റ്റർ പണിക്കശേരിക്ക്‌ ഗുരു തുല്യനായിരുന്നു. വി എസ് കേരളീയൻ പിതൃതുല്യനും. വായിച്ചും എഴുതിയും  അവസാനനാളുകളിലും അദ്ദേഹം പ്രസന്നനായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top