ചൂരൽമല
മരണം മലയിറങ്ങിയ രാത്രിയിൽ വെള്ളാർമല ഗവ. വിഎച്ച്‌എസ്‌എസ്സിന് നഷ്ടമായത് 32 കുഞ്ഞുങ്ങളെ. 20പേർ ഇനിയില്ലെന്ന് ഉറപ്പായി. 12പേർ ഇപ്പോഴും കാണാമറയത്തും.
വേരറ്റുപോയ മണ്ണും കുന്നിറങ്ങിയ വെള്ളവും ആർത്തലച്ചെത്തിയ രാത്രിയിൽ വീടുകളിൽനിന്ന് പലവഴിയിൽ ചിതറിയോടിയവരാണിവർ. പലരും മണ്ണിൽ പൂണ്ടുകിടപ്പുണ്ടാവണം. അത്ഭുതങ്ങൾ സംഭവിക്കുമെന്നും കൂട്ടുകാരിൽ ചിലരെങ്കിലും ജീവനോടെ തിരികെയെത്തുമെന്നും ആശിക്കുകയാണ് സഹപാഠികളും അധ്യാപകരും ഉറ്റവരും. ക്യാമ്പുകളിലെയും ആശുപത്രികളിലെയും ബന്ധുവീടുകളിലേയും അന്വേഷണങ്ങൾക്ക് ശേഷമാണ് അധ്യാപകർ 32 പേരുടെ പട്ടിക തയ്യാറാക്കിയത്. മരിച്ചവരിൽ 14 ആൺകുട്ടികൾ, ആറ് പെൺകുട്ടികൾ. കാണാതായ 12 പേരിൽ ഏഴ് ആൺകുട്ടികൾ.
മരിച്ചവരിൽ പത്ത് ബിയിലെ അഞ്ചുപേരുണ്ട്. ഒരുമിച്ച് യാത്രയൊരുക്കാൻ മുണ്ടക്കൈയിൽനിന്നുള്ള അഞ്ചുപേരെയും ഒരു ഡിവിഷനിൽ ഉൾപ്പെടുത്തിയ അധ്യാപകരുടെ കരുതൽ നിഷ്‌ഫലമായി. ആറിലെ നാലും ഏഴിലെ മൂന്നും കുഞ്ഞുങ്ങൾ ദുരന്തത്തിനിരയായി. അഞ്ചിലും എട്ടിലും രണ്ടുപേർ വീതം. രണ്ട്, നാല്, ഒമ്പത് ക്ലാസുകളിലെ ഓരോ കുഞ്ഞുങ്ങളും ഇക്കൂട്ടത്തിലുണ്ട്. മോർച്ചറിയിൽ കുഞ്ഞുങ്ങളുടെ മൃതശരീരം തിരിച്ചറിയാനെത്തിയ അധ്യാപകരുടെ കണ്ണുകൾ തോർന്നുതീരുന്നില്ല.
പ്രകൃതിയുടെ കലിയിൽ സ്കൂളിന്റെ മൂന്ന് സമുച്ചയങ്ങളാണ് മണ്ണോടുചേർന്നത്. ശേഷിച്ച മൂന്ന് കെട്ടിടങ്ങൾ ചെളിനിറഞ്ഞും കടപുഴകിയെത്തിയ മരങ്ങളും പാറയും വന്നിടിച്ചും പിളർന്നുപോയി. 497 വിദ്യാർഥികളുണ്ടിവിടെ. 129 കുട്ടികൾ ക്യാമ്പുകളിലും അഞ്ചുപേർ ആശുപത്രിയിലുമാണെന്ന് അധ്യാപകൻ ജെന്നിഫർ പറഞ്ഞു.
ആറ് ബിയിൽ
അവർ എത്തുമോ?
വെള്ളാർമല സ്‌കൂളിലെ ആറ് ബിയിലെ ഫാത്തിമ ഹഷ്‌മയും ഫൈസയും സിയ നൗറിനും വല്യ ചങ്കുകളായിരുന്നു. കളിയും നടപ്പും കുസൃതിയുമെല്ലാം ഒരുമിച്ച്. എന്നാലിപ്പോൾ ഹഷ്‌മയൊഴികെ മറ്റു രണ്ടുപേരും എവിടെയെന്നുപോലും അറിയില്ല. കുത്തിയൊലിച്ചെത്തിയ ഉരുൾ അവരെക്കൊണ്ടുപോയി. കൂട്ടുകാരില്ലാത്ത ക്ലാസിൽ ഞാനെങ്ങിനെ പഠിക്കുമെന്നാണ് ഈ കുഞ്ഞ് ചോദിക്കുന്നത്. മേപ്പാടി ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ ക്യാമ്പിലാണ് ഹഷ്‌മ. വീടുപേക്ഷിച്ച് പലായനം ചെയ്‌ത രാത്രിക്ക് ശേഷം ഉറങ്ങാനായിട്ടില്ല ഹഷ്‌മയ്‌ക്ക്. ഉറക്കത്തിലേക്ക് വഴുതിവീഴുമ്പോഴേല്ലാം ഞെട്ടിയുണർന്ന് കരയുകയാണ് മകളെന്ന് സിറാജുദ്ദീൻ പറഞ്ഞു. നിലംപറ്റിയ കോൺക്രീറ്റ് സ്ലാബുകൾക്കിടയിൽ ഉപ്പയുടെ ഓട്ടോറിക്ഷ ചതഞ്ഞു കിടക്കുന്നത് കണ്ടതിന്റെ ആഘാതവുമുണ്ട് ഹഷ്‌മയക്ക്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..