03 October Thursday

ഇണചേരൽ കാലമായി, ഇഴഞ്ഞെത്തും വിഷപ്പാമ്പുകൾ; ശ്രദ്ധവേണം ഓരോ ചുവടിലും

സി എ പ്രേമചന്ദ്രൻUpdated: Thursday Oct 3, 2024

തൃശൂർ> ഒളിയിടങ്ങളിൽ കഴിയുന്ന വെള്ളിക്കെട്ടൻ പാമ്പുകൾ ഉൾപ്പെടെയുള്ള വിഷംകൂടിയ പാമ്പുകളുടെ  ഇണചേരലും പ്രജനനകാലവുമാണ് ഒക്ടോബർ മുതൽ. ഇക്കാലത്ത്‌ പാമ്പുകൾ പതിവിലധികം അക്രമകാരികളാകും. അതിനാൽ പാമ്പുകടിയേൽക്കാനുള്ള സാധ്യത കൂടുതലാണെന്നും  ജാഗ്രതപാലിക്കണമെന്നും വനംവകുപ്പധികൃതർ മുന്നറിയിപ്പ്‌ നൽകി. മൂർഖൻ, അണലി, ചേനത്തണ്ടൻ എന്നിവയുടെയെല്ലാം പ്രജനനകാലമാണിത്. അതുകൊണ്ടുതന്നെ രാത്രി പ്രത്യേകം ശ്രദ്ധവേണം.

വെള്ളിക്കെട്ടൻ പാമ്പുകൾ പ്രജനനകാലത്ത് മാത്രം അധികമായി പുറത്തിറങ്ങും. നാവ്‌ പുറത്തേക്ക്‌ നീട്ടി പെൺപാമ്പുകളുടെ അടുത്തേക്ക് ആൺപാമ്പുകൾ ഇഴഞ്ഞെത്തും. പെൺപാമ്പുകളെ സ്വന്തമാക്കാൻ  ആൺപോരുകൾ നടക്കും. പാമ്പുകൾ ഇണചേരൽ മൂഡിലാവുന്നതിനാൽ മനുഷ്യരെ കണ്ടാലും ഇഴഞ്ഞ് മാറില്ല. ഇത് കടിയേൽക്കാനുള്ള സാധ്യത കൂട്ടുമെന്ന് വനംവകുപ്പ്‌ ബയോഡൈവേഴ്‌സിറ്റി സെന്റർ അസിസ്‌റ്റന്റ്‌ കൺസർവേറ്റർ മുഹമ്മദ്‌ അൻവർ പറഞ്ഞു.

ഒരേ പരിസരത്ത് ഒന്നിലധികം പാമ്പുകളുണ്ടാകാൻ സാധ്യതയുണ്ട്. നവംബർ, ഡിസംബർ മാസങ്ങളിൽ  പാമ്പുകൾ മുട്ടയിടും. 40 മുതൽ 70 ദിവസങ്ങൾക്കുള്ളിൽ മുട്ട വിരിഞ്ഞ്‌ കുഞ്ഞുങ്ങൾ പുറത്തുവരും. ശാന്തരായ പാമ്പുകളും  ഇണചേരൽ കാലത്ത് ആക്രമണകാരികളായേക്കും. അതിനാൽ പാമ്പുകളെ പിടിക്കാനെത്തുന്ന റെസ്ക്യൂവർമാരും പ്രത്യേകം ശ്രദ്ധിക്കണം. ആശുപത്രികളിലും ഇക്കാലത്ത് പ്രത്യേക കരുതലുണ്ടാകണം. ആരോഗ്യപ്രവർത്തകരുടെ ലഭ്യതയും പ്രധാനമാണ്. പാമ്പുകടിയേറ്റതായി സംശയമുണ്ടായാൽ ഉടൻ ചികിത്സ തേടണം. ചികിത്സ  വൈകിക്കുന്നത്‌ മരണത്തിലേക്ക്‌ വഴിവയ്‌ക്കുമെന്നും അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top