തൃശൂർ > ക്ഷീരകർഷകരുടെ വീട്ടുമുറ്റത്ത് സേവനം എത്തിക്കുന്നതിനായി സംസ്ഥാനത്തെ 152 ബ്ലോക്കുകളിലും വെറ്ററിനറി ആംബുലൻസ് സംവിധാനം ഒരുക്കുമെന്ന് മൃഗസംരക്ഷണ- ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി. തൃശൂർ വലപ്പാട് ഗ്രാമപഞ്ചായത്തിൽ ആധുനിക സൗകര്യങ്ങളോടുകൂടി നിർമിച്ച മൃഗാശുപത്രി കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ആദ്യ ഘട്ടത്തിൽ 29 ബ്ലാക്ക് പഞ്ചായത്തുകളിൽ വെറ്ററിനറി ആംബുലൻസുകൾ നൽകി. എല്ലാ വെറ്ററിനറി സെന്ററുകളിലും ഇത്തരത്തിലുള്ള ആംബുലൻസുകൾ നൽകുമെന്നും മന്ത്രി പറഞ്ഞു. 1962 എന്ന നമ്പറിൽ കോൾ സെന്ററിലേക്ക് വിളിച്ചാൽ ആംബുലൻസും ഡോക്ടറും കർഷകരുടെ വീട്ടുമുറ്റത്ത് എത്തും. മൃഗസംരക്ഷണ സേവനങ്ങൾ കർഷകരുടെ വീട്ടുപടിക്കൽ എത്തിക്കാൻ എ-ഹെൽപ് പദ്ധതിക്കും തുടക്കമായിട്ടുണ്ട്. ഇതിന്റെ ഭാഗമായി 439 കുടുംബശ്രീ അംഗങ്ങൾക്ക് പരിശീലനം നൽകിക്കഴിഞ്ഞു. കന്നുകാലികൾക്ക് റേഡിയോ ഫ്രീക്വൻസി തിരിച്ചറിയൽ സംവിധാനം നടപ്പാക്കുന്ന ഇ-സമൃദ്ധ പദ്ധതിക്ക് ഏഴരക്കോടിയോളം രൂപ ചിലവിട്ട് പത്തനംതിട്ട ജില്ലയിൽ തുടക്കം കുറിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വലപ്പാട് ഗവ. സ്‌കൂൾ ഗ്രൗണ്ടിന് സമീപം പഞ്ചായത്ത് പദ്ധതി തുകയായ 70 ലക്ഷം രൂപ ചിലവഴിച്ച് 1600 സ്‌ക്വയർ ഫീറ്റിലാണ് കെട്ടിടം നിർമ്മിച്ചിട്ടുള്ളത്. പുതിയ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ആശുപത്രിയും അതിന് കീഴിൽ പ്രവർത്തിക്കുന്ന രണ്ട് സബ് സെന്ററുകളുടെയും കൂടുതൽ മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിനായി രാവിലെ 6 മുതൽ വൈകീട്ട് 6 വരെ ഒരു ഡോക്ടർ ആശുപത്രിയിൽ ഉണ്ടായിരിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..