തൃശൂർ
വിദ്യാധരൻ മാസ്റ്റർ പാടിയ ‘പതിരാണെന്നോർത്തൊരു കനവിൽ’ എന്ന പാട്ടിലൂടെയാണ് ‘ജനനം 1947 പ്രണയം തുടരുന്നു’വെന്ന സിനിമ തുടങ്ങുന്നത്. ഒറ്റയ്‌ക്ക് താമസിക്കുന്ന ശിവന്റെ പ്രതീക്ഷകളാണ് ആ പാട്ട്. ആ പാട്ട്‌പോലെ വിദ്യാധരൻ കാത്തിരുന്ന അവാർഡെത്തി. സ്വയം പാടിയും മറ്റുള്ളവരെക്കൊണ്ട് പാടിച്ചും 60 വർഷം പിന്നിട്ട സംഗീത ജീവിതത്തിൽ ആദ്യ അവാർഡ് തിളക്കം. സംഗീത സംവിധായകനായി നിറഞ്ഞു നിന്ന അദ്ദേഹത്തിന് ലഭിച്ചത് മികച്ച ഗായകനുള്ള അവാർഡ്.
ദേവരാജൻ മാഷുടെ കൈപിടിച്ചാണ് സിനിമാ ഗായകനായി വിദ്യാധരൻ തുടങ്ങിയത്. വിഖ്യാതനായ മെഹ്‌ബൂബിനൊപ്പം ‘ഓടയിൽ നിന്ന്’ സിനിമയെ ‘ഓ റിക്ഷാവാല’ എന്ന ഗാനം പാടി. വയലാറിന്റെ വരികൾക്ക് ദേവരാജൻ മാസ്റ്ററാണ് സംഗീതം പകർന്നത്. കാലത്തെ അതിജീവിച്ച പാട്ടുകളുടെ പിറവി അവിടെനിന്നായിരുന്നു. സിനിമയിലും പുറത്തുമായി നാലായിരത്തോളം പാട്ടുകൾ ഒരുക്കി.
തൃശൂർ ആറാട്ടുപുഴ സ്വദേശിയായ അദ്ദേഹത്തിന്റെ പാട്ടുകളും സംഗീതവും മലയാളി മനസ്സിൽ എന്നും നിറഞ്ഞൊഴുകി. ‘കൽപ്പാന്ത കാലത്തോളം’ എന്ന പാട്ട് മലയാളി ചുണ്ടിൽ എന്നും മൂളുന്നതാണ്. പുതുതലമുറ സംവിധായകർക്കും ഇഷ്ട ഗായകനായി. ഗിരീഷ് എ ഡിയുടെ തണ്ണീർ മത്തൻ ദിനങ്ങളും എബ്രിഡ് ഷൈനിന്റെ മഹാവീര്യരുമെല്ലാം മാഷിന്റെ ശബ്ദത്തിൽ പിറന്ന പാട്ടുകൾ ഹിറ്റ് ചാർട്ടിൽ ഇടം നേടി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..