ഹൈദരാബാദ് > വിജയ് ഹസാരെ ട്രോഫിയിൽ കേരളവും മധ്യപ്രദേശും തമ്മിലുള്ള മത്സരം മഴ മൂലം ഉപേക്ഷിച്ചു. മഴ മൂലം 31 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ, ആദ്യം ബാറ്റ് ചെയ്ത കേരളം 29.2 ഓവറിൽ 160 റൺസിന് പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ മധ്യപ്രദേശ് 18 ഓവറിൽ അഞ്ച് വിക്കറ്റിന് 99 റൺസെടുത്ത് നില്ക്കെ മത്സരം മഴ മൂലം ഉപേക്ഷിക്കുകയായിരുന്നു.
രോഹൻ കുന്നുമ്മലും ജലജ് സക്സേനയും ചേർന്നായിരുന്നു കേരളത്തിനായി ഇന്നിങ്സ് തുറന്നത്. ഇരുവരും ചെറിയ സ്കോറുകളുമായി മടങ്ങിയെങ്കിലും കേരള ബാറ്റർമാർ വേഗത്തിൽ തന്നെ ഇന്നിങ്സ് മുന്നോട്ട് നീക്കി. 37 പന്തിൽ 39 റൺസെടുത്ത ഷോൺ റോജറും 40 പന്തിൽ 42 റൺസെടുത്ത ഷറഫുദ്ദീനുമാണ് മികച്ച പ്രകടനം കാഴ്ച വച്ചത്. രോഹൻ കുന്നുമ്മൽ 23ഉം ജലജ് സക്സേന 19ഉം റൺസെടുത്തു. മധ്യപ്രദേശിനായി സാഗർ സോളങ്കി അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോൾ കുമാർ കാർത്തികേയ സിങ് മൂന്ന് വിക്കറ്റ് നേടി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മധ്യപ്രദേശിന് അഞ്ച് റൺസിൽ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. വെങ്കടേഷ് അയ്യരും ഹർപ്രീത് സിങ്ങുമടക്കമുള്ള മുൻനിര ബാറ്റർമാരെ പുറത്താക്കി കേരളം പിടിമുറുക്കിയപ്പോഴാണ് മഴ വീണ്ടും കളി മുടക്കിയത്. കളി നിർത്തുമ്പോൾ 21 റൺസോടെ രജത് പട്ടീദാറും 17 റൺസോടെ സാഗർ സോളങ്കിയുമായിരുന്നു ക്രീസിൽ. കേരളത്തിന് വേണ്ടി ജലജ് സക്സേന രണ്ട് വിക്കറ്റും ആദിത്യ സർവാടെയും ഷറഫുദ്ദീനും ഓരോ വിക്കറ്റും വീഴ്ത്തി. മത്സരത്തിൽ നിന്ന് ഇരു ടീമുകൾക്കും രണ്ട് പോയിന്റ് വീതം ലഭിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..