05 November Tuesday

വിലങ്ങാട് ഉരുൾപൊട്ടൽ: 900ത്തോളം പേർ ദുരിതാശ്വാസ ക്യാമ്പിൽ

വെബ് ഡെസ്‌ക്‌Updated: Thursday Aug 1, 2024

വിലങ്ങാട് മഞ്ഞച്ചീളിയിൽ ഉരുൾപൊട്ടി ഒലിച്ച് പോയ റോഡ് മണ്ണുമാന്തിയന്ത്രം കൊണ്ട് താത്കാലികമായി പുനർനിർമ്മിക്കുന്നു.

നാദാപുരം > ഉരുൾപൊട്ടലിൽ കശക്കിയെറിഞ്ഞ വിലങ്ങാട് മലയോരത്ത് കോടിക്കണക്കിന് രൂപയുടെ നാശനഷ്ടം.15 വീടുകൾ ഉരുൾപൊട്ടലിൽ ഒലിച്ചുപോയി. 25 ഓളം വീടുകൾക്ക് നാശ നഷ്ടമുണ്ടായിട്ടുണ്ട്. 50 ഏക്കർ കൃഷി ഭൂമിയിലെ കാർഷീക വിളകൾ നശിച്ചു. 185 കുടുംബങ്ങളിലായി 900 ത്തോളം പേരെ  ദുരിതാശ്വാസ കേമ്പിലേക്ക് മാറ്റി.ഉരുൾപൊട്ടലിൽ കാണാതായ മഞ്ഞച്ചീളി സ്വദേശി മാത്യു(60) വിനെ കണ്ടെത്താൻ തിരച്ചിൽ തുടരുകയാണ്. ബുധനാഴ്ച്ച എൻഡിആർഎഫ്, അഗ്നിരക്ഷാസേന, സ്കൂബ , സന്നദ്ധ സംഘടനകൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ  പുഴയിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.  

പഞ്ചായത്ത് വായനശാല, അംഗനവാടി, മാതാവിൻ്റെ സ്തൂപം തുടങ്ങിയവയും നശിച്ചു. 4.18 ഏക്കർ കൃഷി ഭൂമിയും കാർഷിക വിളകളും പൂർണ്ണമായി ഉരുൾപൊട്ടൽ വിഴുങ്ങി. വാഹനങ്ങൾ വീട്ടു സാധനങ്ങൾ, കാർഷീക വിളകൾ ഉൾപെടെയുള്ള സാധനങ്ങളുടെ നാശനഷ്ടം തിട്ടപ്പെടുത്തി വരികയാണ്. കോടികളുടെ നാശ നഷ്ടമുണ്ടായതാണ് പ്രാഥമിക കണക്ക്.

ഒറ്റപ്പെട്ട് കിടക്കുന്ന പാനോം പ്രദേശത്തുള്ളവരെ പുറം ലോകവുമായി ബന്ധപ്പെടുത്താൻ താത്കാലിക പാലം നിർമിച്ചു. മഞ്ഞച്ചീളിയിൽ ഉരുൾപൊട്ടലിനെ തുടർന്ന് ഒലിച്ച് പോയ റോഡ് താത്കാലികമായി പുനഃസ്ഥാപിച്ച് വരികയാണ്. ഇരുകരകളെയും ബന്ധിപ്പിക്കുന്നേ റോഡിൻ്റ ഭാഗങ്ങൾ കൂട്ടിച്ചേർക്കുന്ന പ്രവൃർത്തി ദുർഘടം പിടിച്ചതാണ്. മഴ ശക്തമായ തിനാൽ ഉരുൾ പൊട്ടിയ ഭാഗത്ത് കൂടി വെള്ളത്തിൻ്റ ഒഴുക്ക് വർദ്ദിക്കുന്നത് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തടസമായിട്ടുണ്ട്.മഞ്ഞച്ചീളിയിലും പാനോത്തും  താത്കാലിക കമ്പി പാലം പണിതാലെ ചെറിയരീതിയിലെങ്കിലും യാത്ര സുഗമമാവുകയുള്ളു.

പാനോത്ത് വന മേഖലയിൽ നിന്നും ഒലിച്ചിറങ്ങിയ മലവെള്ളമാണ് നാശം വിതച്ചത്. ഉരുൾപൊട്ടലിൻ്റ പ്രഭവ കേന്ദ്രം തിരിച്ചറിഞ്ഞിട്ടില്ല.റവന്യൂ അധികൃതരുടെയും വാണിമേൽ  പഞ്ചായത്തിൻ്റയും നേതൃത്വത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഊർജിതമാണ്. മഞ്ഞക്കുന്ന് പാരിഷ് ഹാളിൽ 65. വിലങ്ങാട് സെൻ്റ് ജോർജ് എച്ച്എസ് 30, അടുപ്പിൽ ദുരിതാശ്വാസ വീടുകളിൽ 75.പാലൂർ എൽ.പി,സേവ കേന്ദ്രം, സാംസ്കാരിക കേന്ദ്രം എന്നിവിടങ്ങളിലാണ് കുടുബങ്ങളെ മാറ്റിപ്പാർപ്പിച്ചത്. ഉരുൾപൊട്ടലിൽ വൈദ്യുത ബന്ധം താറുമാറായി കിടക്കുകയാണ്. വൈദ്യുതി പുനസ്ഥാപിക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്. ഉരുൾപൊട്ടലിൽ മണ്ണും ചെളിയും അടിഞ്ഞ് കൂടി വ്യാപാരികൾക്ക് കനത്ത നഷ്ടമാണ് ഉണ്ടായത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top