കോഴിക്കോട്> നാദാപുരം വിലങ്ങാടുണ്ടായ ഉരുൾപൊട്ടലിൽ നാടിന് കൈത്താങ്ങായി ഡിവൈഎഫ്‌ഐ യൂത്ത് ബ്രിഗേഡ്. നാദാപുരം ബ്ലോക്കിലെ വിവിധ ഭാഗങ്ങളിൽനിന്ന് നൂറിലേറെവരുന്ന യൂത്ത് ബ്രിഗേഡ്സാണ് വെള്ളവും ഭക്ഷണവും രക്ഷാപ്രവർത്തനത്തിനാവശ്യമായ ഉപകരണങ്ങളുമായി വിലങ്ങാട് ദുരിതബാധിത പ്രദേശത്തേക്ക് ഓടിയെത്തിയത്.
ഉരുൾപൊട്ടലുണ്ടായെന്ന് അറിഞ്ഞ 30ന് പുലർച്ചെതന്നെ സിപിഐ എമ്മിന്റെയും യൂത്ത് ബ്രിഗേഡിന്റെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. കുത്തിയൊലിക്കുന്ന പുഴ അതിരുകടന്ന് വീടുകളിലേക്ക് എത്തിയപ്പോൾ ഭൂരിഭാഗം പേരും ഉറക്കത്തിലായിരുന്നു. ഇവരെ വിളിച്ച് ഉണർത്താനും വെള്ളം കയറിയ വീടുകളിൽനിന്ന് രക്ഷാപ്രവർത്തനം നടത്താനും യുവജനത മുന്നിട്ടിറങ്ങി. എന്നാൽ രാവിലെ ആയപ്പോഴാണ് ദുരന്തത്തിന്റെ വ്യാപ്‌തി ഈ കുടിയേറ്റ ജനത തിരിച്ചറിഞ്ഞത്.
കോടികളുടെ നഷ്ടമാണ് ഇതിനോടകം പ്രദേശത്തുണ്ടായത്. 15 വീടുകൾ ഒലിച്ചുപോയി. 25 വീടുകൾ നശിച്ചു. 185 കുടുംബങ്ങളിൽനിന്ന് 900 പേരോളമാണ് ദുരിതാശ്വാസ ക്യാമ്പുകളിലുള്ളത്. രക്ഷാപ്രവർത്തനത്തിനിടെ കാണാതായ നാടിന്റെ പ്രിയപ്പെട്ട മാത്യുമാഷിന്റെ മൃതദേഹം ആഗസ്ത് ഒന്നിന് രാവിലെയാണ് കിട്ടിയത്. തീരാ ദുഃഖമായി ആ വേദനയും നാടിന് ഏറ്റുവാങ്ങേണ്ടിവന്നു.
കല്ലാച്ചിയിൽ കളക്ഷൻ സെന്റർ ആരംഭിച്ചുകൊണ്ടാണ് യൂത്ത് ബ്രിഗേഡ്‌സ് അത്യാവശ്യമായി വേണ്ട സാധനങ്ങളൊക്കെ ശേഖരിച്ചത്. അവിടെനിന്ന് കരുകുളത്തെ സെന്ററിൽ എത്തിച്ച് ആവശ്യാനുസരണം വിലങ്ങാടേക്ക് എത്തിക്കും. പാറയും മണ്ണും വീണ് നശിച്ച റോഡിലൂടെ വെള്ളവും ഭക്ഷണവുമുൾപ്പെടെ തോളിലേറ്റി അവരെത്തി.
രക്ഷാപ്രവർത്തനത്തിനിടെ വീണ്ടും ഉരുൾപൊട്ടലുണ്ടായി. എന്നാൽ നാട് ഒന്നിച്ചുനിന്ന് ജനങ്ങളെയാകെ അവിടെനിന്ന് മാറ്റിയിരുന്നു. അതിനാൽ വലിയ അപകടം ഉണ്ടായില്ല. ഒട്ടനവധി ദുരിതങ്ങൾക്ക് സാക്ഷിയാകേണ്ടിവന്ന വിലങ്ങാട് ജനത അതിജീവനത്തിന്റെ പാതയിലാണ്. പഴയ ജീവിതത്തിലേക്ക് മടങ്ങാൻ സാധ്യമായതെന്തും ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിൽ ഈ നാട് അണിനിരക്കുകയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..