തിരുവനന്തപുരം
കോഴിക്കോട് വിലങ്ങാട്ടുണ്ടായ ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ പ്രദേശം വാസയോഗ്യമാണോ എന്ന കാര്യത്തിൽ കോഴിക്കോട് എൻഐടിയിലെ വിദഗ്ദ സംഘം പരിശോധന നടത്തി ജനുവരിയിൽ റിപ്പോർട്ട് കൈമാറും. ബുധനാഴ്ച തിരുവനന്തപുരത്ത് ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. മന്ത്രി കെ രാജൻ അധ്യക്ഷനായി. ചൂരൽമലയിലെ ദുരന്തബാധിതർക്ക് നൽകുന്ന അതേ പരിഗണന വിലങ്ങാട്ടും നൽകുമെന്ന് മന്ത്രി അറിയിച്ചു. ദുരന്തബാധിത പ്രദേശങ്ങളിൽ ലിഡാർ സർവെ നടത്തിയ റിപ്പോർട്ട് ഇതിനകം സമർപ്പിച്ചിട്ടുണ്ട്. ദുരന്തബാധിതരുടെ പുനഃരധിവാസം വേഗത്തിലാക്കും. ദുരന്ത മേഖലയിൽ കൃഷി ചെയ്യാൻ സാധിക്കുന്ന വിളകളെ സംബന്ധിച്ച് പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കേരള കാർഷിക സർവകലാശാലയിലെ വിദഗ്‌ധരടങ്ങുന്ന പ്രത്യേക സംഘത്തെ നിയോഗിക്കും.
ഉരുൾപൊട്ടലിന്റെ ഫലമായി പുഴയിൽ അടിഞ്ഞുകൂടിയ എക്കലും മറ്റവശിഷ്ടങ്ങളും നീക്കം ചെയ്യാനായി സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് രണ്ടുകോടി രൂപ അനുവദിക്കും. തകർന്ന കെട്ടിടങ്ങൾ പുനർനിർമ്മിക്കാൻ 49,60,000 രൂപ അനുവദിക്കുന്നതിനും യോഗം തീരുമാനിച്ചു. പുഴയുടെ തകർന്ന പാർശ്വഭിത്തികൾ പുനർനിർമ്മിക്കുന്നതിന് 3,13,47,165 രൂപയുടെ എസ്റ്റിമേറ്റ് സമർപ്പിച്ചു. അതിൽ കല്ലിന്റെ വിലയായി കണ്ടെത്തിയ 1,19,94,145 രൂപ ഒഴികെയുള്ള 1,93,53,020 രൂപ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തും. ഒരു കുടുംബത്തിലെ മുതിർന്ന രണ്ടുപേർക്ക് നൽകാൻ തീരുമാനിച്ച 300 രൂപ ദിവസവേതനം 90 ദിവസത്തേക്ക് പൂർണമായും ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. യോഗത്തിൽ മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..