19 December Thursday

സമയോചിത ഇടപെടൽ ; "വെർച്വൽ അറസ്‌റ്റി'ൽനിന്ന്‌ 
ഡോക്ടറെ രക്ഷിച്ച്‌ പൊലീസ്‌

വെബ് ഡെസ്‌ക്‌Updated: Thursday Dec 19, 2024


കോട്ടയം
ഡോക്ടറെ ‘വെർച്വൽ അറസ്‌റ്റി’ലൂടെ ഓൺലൈൻ തട്ടിപ്പിനിരയാക്കാനുള്ള ശ്രമം പൊലീസ്‌ പൊളിച്ചു. ചങ്ങനാശേരി പെരുന്നയിൽ താമസിക്കുന്ന ഡോക്ടർക്കാണ്‌ എസ്ബിഐ അധികൃതരുടെയും ചങ്ങനാശേരി പൊലീസിന്റെയും സമയോചിത ഇടപെടൽ രക്ഷയായത്‌. തട്ടിപ്പുസംഘത്തിന്‌ കൈമാറിയ അഞ്ചുലക്ഷത്തിൽ 4,35,000 രൂപയും മരവിപ്പിക്കാനായി.

ചൊവ്വ വൈകിട്ടോടെയാണ്‌ ഡോക്ടർക്ക്‌ മുംബൈ പൊലീസെന്ന്‌ പറഞ്ഞ്‌ വിളിയെത്തിയത്‌. പോസ്‌റ്റൽ സർവീസ്‌ വഴി അയച്ച പാഴ്‌സലിൽ നിരോധിത വസ്‌തുക്കൾ കണ്ടെത്തിയെന്നും അറസ്‌റ്റ്‌ ചെയ്യുകയാണെന്നുമായിരുന്നു അറിയിപ്പ്‌. നടപടികൾ ഒഴിവാക്കാൻ വൻ തുകയും ആവശ്യപ്പെട്ടു. തട്ടിപ്പുസംഘം സുപ്രീംകോടതിയിലെയും പോസ്‌റ്റൽ സർവീസിലെയും ചില വ്യാജ രേഖകളും ഡോക്ടർക്ക് വാട്സ്ആപ്‌ വഴി അയച്ചുകൊടുത്തു.

ഇത്‌ വിശ്വസിച്ച ഡോക്ടർ അഞ്ചുലക്ഷം രൂപ കൈമാറാൻ ചങ്ങനാശേരി സെൻട്രൽ ജങ്‌ഷനിലെ എസ്ബിഐയിൽ എത്തി. വലിയതുക കൈമാറ്റം ചെയ്യുന്നത്‌ ബാങ്കിന്റെ ആഭ്യന്തര സുരക്ഷാവിഭാഗത്തിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഓൺലൈൻ തട്ടിപ്പിനുള്ള സാധ്യത ധരിപ്പിച്ചെങ്കിലും സുഹൃത്തിനാണ്‌ അയയ്‌ക്കുന്നതെന്ന്‌ പറഞ്ഞതോടെ അധികൃതർ പണം ട്രാൻസ്‌ഫർ ചെയ്യാൻ നിർബന്ധിതരായി. എന്നാൽ ഇടപാടുകാരന്റെ പരിഭ്രമംനിറഞ്ഞ പെരുമാറ്റവും ഫോൺവിളികളും ശ്രദ്ധിച്ച ബാങ്ക്‌ അധികൃതർ പണമിടപാട് മരവിപ്പിക്കുകയായിരുന്നു.

ബിഹാർ പാട്‌നയിലുള്ള അക്കൗണ്ടിലേക്കാണ്‌ പണം കൈമാറിയതെന്ന്‌ മനസിലാക്കിയ ബാങ്കിന്റെ ആഭ്യന്തര സുരക്ഷാവിഭാഗമാണ്‌ പൊലീസിൽ അറിയിച്ചത്‌. തിരുവനന്തപുരത്ത്‌ സൈബർ സെൽ ഹെഡ്‌ക്വാർട്ടേഴ്‌സിൽ വിവരം ധരിപ്പിച്ചു. അവർ ചങ്ങനാശേരി ഡിവൈഎസ്‌പി ഓഫീസിന് വിവരം കൈമാറി. പൊലീസ് ബാങ്കിലെത്തി ഡോക്ടറുടെ വിവരങ്ങൾ ശേഖരിച്ച് പെരുന്നയിലെ വീട്ടിലെത്തി. സുഹൃത്തിനാണ്‌ തുക അയച്ചതെന്ന നിലപാടിലായിരുന്നു ഡോക്ടർ. ഈ സമയത്തെല്ലാം അദ്ദേഹം തട്ടിപ്പുസംഘത്തിന്റെ വീഡിയോ കോളിലായിരുന്നു. ഇതു മനസിലാക്കിയ പൊലീസ് ഫോണ്‍ പരിശോധിച്ചു. പൊലീസിനെ കണ്ടതോടെ തട്ടിപ്പുകാർ ഫോൺ സ്വിച്ച്‌ ഓഫ് ചെയ്തു. ഡോക്ടറുടെ മൊഴി രേഖപ്പെടുത്തി എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തു. തട്ടിപ്പുകാരുടെ ബാങ്ക് വിവരങ്ങളടക്കം കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയതായി ജില്ലാ പൊലീസ്‌ മേധാവി ഷാഹുൽ ഹമീദ് പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top