കൊച്ചി
രാജ്യത്തെ വെർച്വൽ അറസ്‌റ്റ് തട്ടിപ്പുകളിലെ മുഖ്യസൂത്രധാരനായ രാജ്യാന്തരകുറ്റവാളിയെ കുടുക്കി കൊച്ചി സിറ്റി സൈബർ ക്രൈം പൊലീസ്. പശ്ചിമബംഗാളിലെ ബിജെപി നേതാവും യുവമോർച്ച കൃഷ്‌ണഗഞ്ച് മണ്ഡലം പ്രസിഡന്റുമായ ലിങ്കൺ ബിശ്വാസാണ് (27) അറസ്‌റ്റിലായത്. കാക്കനാട് സ്വദേശിനിയായ റിട്ട. പ്രൊഫസറിൽനിന്ന് 4.12 കോടി രൂപ തട്ടിയെടുത്ത കേസിലാണ് അറസ്‌റ്റ്. മലപ്പുറം അരീക്കോട് സ്വദേശികളായ മുഹമ്മദ് മുഹാസിൽ (22), കെ പി മിഷാബ് (21) എന്നിവരടക്കം 15 പേരെ നേരത്തേ കേസിൽ അറസ്‌റ്റു ചെയ്‌തിരുന്നു. ഇയാൾക്ക് ചൈനയിലെയും കംബോഡിയയിലെയും സൈബർ തട്ടിപ്പുകാരുമായി ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു. ബംഗ്ലാദേശ് അതിർത്തിയായ കൃഷ്‌ണഗഞ്ചിലെത്തി സാഹസികമായാണ് മുഖ്യസൂത്രധാരനെ കുടുക്കിയത്. ചൊവ്വ രാത്രിയോടെ കൊച്ചിയിലെത്തിച്ചു. വിശദമായി ചോദ്യംചെയ്യും. കേരളത്തിലെ അമ്പതോളം വെർച്വൽ അറസ്‌റ്റ് ഭീഷണി തട്ടിപ്പുകൾക്കുപിന്നിൽ ഇയാളാണ്. കൊച്ചിയിൽനിന്നുമാത്രം 25 കോടി തട്ടി. രാജസ്ഥാൻ, ഹരിയാന, മുംബൈ എന്നിവിടങ്ങളിലെല്ലാം കൂട്ടാളികളുണ്ട്. തട്ടിയെടുത്ത പണം ക്രിപ്‌റ്റോ കറൻസിയാക്കിയതായാണ് സംശയം.
ഡൽഹി പൊലീസ് ചമഞ്ഞാണ് റിട്ട. പ്രൊഫസറിൽനിന്ന് പണം തട്ടിയത്. ഫോണിൽ ബന്ധപ്പെട്ട് മുഹമ്മദ് മുഹാസിലും കെ പി മിഷാബുമാണ് അറസ്‌റ്റ് ഭീഷണിമുഴക്കിയത്. ആധാർ കാർഡ് ഉപയോഗിച്ച് ആരംഭിച്ച അക്കൗണ്ടുവഴി തട്ടിപ്പ് നടന്നെന്ന് പറഞ്ഞായിരുന്നു ഭീഷണി. അക്കൗണ്ടിലെ പണം കൈമാറാനും നിർദേശിച്ചു. പണം കൈമാറിയ റിട്ട. പ്രൊഫസർ തൃക്കാക്കര പൊലീസിൽ പരാതി നൽകി. തുടർന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണർ പുട്ട വിമലാദിത്യയുടെ നിർദേശാനുസരണം സൈബർ എസിപി എം കെ മുരളിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷകസംഘം രൂപീകരിച്ചു. നഷ്ടമായ തുകയിൽ വലിയ പങ്ക് മലപ്പുറത്തുനിന്ന് പിൻവലിച്ചതായി കണ്ടെത്തിയതിലൂടെ രണ്ടു പ്രതികൾ കുടുങ്ങി. തുടർന്നാണ് സംഘത്തലവനിലേക്ക് പൊലീസെത്തിയത്.
സൈബർ ക്രൈം സ്‌റ്റേഷൻ ഇൻസ്‌പെക്ടർ പി ആർ സന്തോഷ്, എഎസ്ഐ ശ്യാംകുമാർ, എസ്‌സിപിഒ-മാരായ ആർ അരുൺ, അജിത്‌രാജ്, നിഖിൽ ജോർജ്, സിപിഒമാരായ ഷറഫുദ്ദീൻ, ആൽഫിറ്റ് ആൻഡ്രൂസ് എന്നിവരടങ്ങുന്നതായിരുന്നു അന്വേഷക സംഘം.
സൈബർ തട്ടിപ്പിനും കേരളത്തിന്റെ പൂട്ട്
വിദ്യാർഥികളും യുവാക്കളും തുടങ്ങി മുതിർന്ന പൗരന്മാരെവരെ ലക്ഷ്യമിടുന്ന സൈബർ തട്ടിപ്പുസംഘങ്ങൾക്ക് പൂട്ടിട്ട് കേരള പൊലീസ്. വെർച്വൽ അറസ്റ്റും ലോട്ടറിതട്ടിപ്പും തുടങ്ങിവയെല്ലൊം യഥാസമയം പ്രതിരോധിച്ചും ജനങ്ങൾക്കിടയിൽ അവബോധം വളർത്തിയുമാണ് ഇത് ചെറുത്തത്. ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടമായ 200 കോടി രൂപയാണ് കഴിഞ്ഞ 11 മാസത്തിനിടെ വീണ്ടെടുത്തത്.2024ൽ 700 കോടി രൂപ ഓൺലൈൻ തട്ടിപ്പിലൂടെ മലയാളികൾക്ക് നഷ്ടമായെന്നാണ് കണക്ക്.
സൈബർ തട്ടിപ്പുകാർക്കെതിരെ മികച്ച പ്രതിരോധമാണ് പൊലീസ് ഒരുക്കുന്നത്. പതിനായിരക്കണക്കിന് വെബ്‌സൈറ്റ് ലിങ്കും ബാങ്ക് അക്കൗണ്ടും ഇലക്ട്രോണിക് ഉപകരണങ്ങളുമാണ് ഇതിനകം സൈബർ വിഭാഗം ബ്ലോക്ക് ചെയ്‌തത്.
എസ്‌ബിഐയുമായി ചേർന്നുള്ള ഫിനാൻഷ്യൽ ഇന്റലിജൻസ് സെല്ലാണ് മറ്റൊരു പ്രതിരോധ മാർഗം. സംശയാസ്‌പദമായ അക്കൗണ്ടുകളെ പ്രതിരോധിക്കാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ആരംഭിച്ച പദ്ധതിയുമായും പൊലീസ് കൈകോർത്തു. കേരളത്തിൽ ഇതുമായി ബന്ധപ്പെട്ട് ഒരു കോർഡിനേഷൻ സെൽ ആരംഭിച്ചു. എസ്‌ബിഐയുടെ ജയ്‌പൂരിൽ പ്രവർത്തിക്കുന്ന സെല്ലിൽ നിന്ന് ലഭിച്ച വിവരമനുസരിച്ച് അടുത്തിടെ ചങ്ങനാശേരിയിൽ വെർച്വൽ അറസ്റ്റ് തത്സമയം തടയാൻ പൊലീസിന് സാധിച്ചു. സമാനമായ സംവിധാനം ആരംഭിക്കണമെന്നാവശ്യപ്പെട്ട് സൈബർ സെൽ മറ്റ് ബാങ്കുകൾക്കും കത്ത് നൽകിയിട്ടുണ്ട്. ബാങ്ക് അക്കൗണ്ടുകൾക്ക് സ്കോർ ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് റിസർവ് ബാങ്കിനെയും കേന്ദ്രസർക്കാരിനെയും പൊലീസ് സമീപിച്ചിട്ടുണ്ട്. ഇത് നിലവിൽ വന്നാൽ, സംശയാസ്‌പദമായ അക്കൗണ്ടുകളിലേക്ക് പണമിടപാട് നടത്തുന്നതിൽ നിന്ന് ആളുകൾക്ക് മുന്നറിയിപ്പ് നൽകാനാകും.
ഉന്നത വിദ്യാഭ്യാസമുള്ളവരെയും ബിസിനസുകാരെയും ലക്ഷ്യമിട്ടാണ് സൈബർ തട്ടിപ്പ് സംഘങ്ങൾ കൂടുതലായും പ്രവർത്തിക്കുന്നത്. ഒരുവർഷത്തിൽ 450 കോടിയുടെ ട്രേഡിങ് തട്ടിപ്പ് നടന്നുവെന്നാണ് കണക്കുകൾ. ഏഴരക്കോടി രൂപവരെ ഒരാളിൽ നിന്ന് നഷ്ടപ്പെടുന്ന സാഹചര്യവുമുണ്ടായിരുന്നു. തട്ടിപ്പ് നടന്നുവെന്ന് ബോധ്യമായാലുടൻ പരാതി അറിയിക്കാൻ 1930 എന്ന ടോൾ ഫ്രീ നമ്പർ ഏർപ്പെടുത്തി. 200 കോടി രൂപ ഇത്തരത്തിൽ ഉടമകളുടെ ബാങ്ക് അക്കൗണ്ടിൽ തിരികെയെത്തി. വിവിധ കേസുകളിലായി 300 പേരെയാണ് സൈബർ പൊലീസ് അറസ്റ്റ് ചെയ്‌തത്. രാജ്യത്ത് തന്നെ കൂടുതൽ പ്രതികളെ കുടുക്കിയ സംസ്ഥാനമാണ് കേരളം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..