24 November Sunday

മോഷണംപോയ മറ്റ്‌ രേഖകൾകൂടി വിഷ്‌ണുവിന്‌ കിട്ടി; തൃശ്ശൂരിന്റെ കരുതൽ അവസാനിക്കുന്നില്ല

വെബ് ഡെസ്‌ക്‌Updated: Sunday Nov 17, 2019

തൃശ്ശൂർ > വിഷ്‌ണുപ്രസാദിന്റെ മോഷണംപോയ ചില രേഖകൾകൂടി തിരികെക്കിട്ടി. തേക്കിൻകാട് മൈതാനത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കിട്ടിയ രേഖകൾ ഐസ്ക്രീം കച്ചവടക്കാരൻ പൊലീസ് കൺട്രോൾ റൂമിന്റെ വാഹനത്തിൽ ഏൽപിക്കുകയായിരുന്നു. ആധാർ കാർഡ്, ട്രെയ്നിങ് സർട്ടിഫിക്കറ്റുകൾ എന്നിവയായിരുന്നു ഇത്.

തിരിച്ചറിയൽ കാർഡും തൊഴിൽ പരിചയ സാക്ഷ്യപത്രങ്ങളും മാത്രമാണ് ഇനി കിട്ടാനുള്ളത്. പാസ്പോർട്ട് അടക്കമുള്ള പ്രധാന രേഖകൾ കഴിഞ്ഞ ദിവസം തിരികെ കിട്ടിയതിനു പിന്നാലെയാണ് ഇന്നലെ മറ്റു രേഖകൾ കൂടി കിട്ടിയത്. ഗൂഡല്ലൂരിൽ‌ താമസമാക്കിയ മലയാളിയായ വിഷ്ണുപ്രസാദ് ജർമൻ കമ്പനിയിൽ ജോലി ശരിയാക്കി നിയമനം നേടുന്നതു വരെ വീട്ടുചെലവിനുള്ള പണം കണ്ടെത്തുന്നതിനു ജോലി തേടി തൃശൂരിൽ എത്തിയതായിരുന്നു.

10ന് രാവിലെ 10ന് ആണ് റെയിൽവേ സ്റ്റേഷനിലെ വിശ്രമമുറിയിൽ നിന്നു  രേഖകൾ‌ അടങ്ങിയ ബാഗ് മോഷ്ടിക്കപ്പെട്ടത്. അന്നു മുതൽ വിഷ്ണുപ്രസാദ് ബാഗിനു വേണ്ടി നടത്തുന്ന അന്വേഷണം കഴിഞ്ഞ ദിവസം മലയാള മനോരമ വാർത്തയാക്കുകയും ഈ വാർത്ത സമൂഹമാധ്യമങ്ങൾ ഏറ്റെടുക്കുകയും ചെയ്തു. ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സർട്ടിഫിക്കറ്റുകൾ വിഷ്ണുപ്രസാദിനു തിരികെയേൽപ്പിച്ച ഷാഹിദിനും ഇമ്രാനും ഇന്നലെ റെയിൽവേ പൊലീസ് ഉപഹാരം നൽകി. പട്ടാമ്പിയിലാണു വിഷ്ണുപ്രസാദിന്റെ അച്ഛന്റെ തറവാട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top