തിരുവനന്തപുരം > വിളർച്ച മുക്ത കേരളം എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ വിവ (വിളർച്ചയിൽനിന്ന് വളർച്ചയിലേക്ക്) കേരളം ക്യാമ്പയിനിലൂടെ ഒരു ജീവൻ രക്ഷിച്ച് ആരോഗ്യ വകുപ്പ്. സ്‌കൂൾതല ക്യാമ്പയിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ ഹീമോഗ്ലോബിൻ അളവ് വളരെ കൂടിയതിനാൽ പെൺകുട്ടിക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കിയാണ് ഈ നേട്ടം. ഹൃദയത്തിന് സാരമായ പ്രശ്നമുള്ള കുട്ടിക്ക് കോട്ടയം മെഡിക്കൽ കോളേജിൽ ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ നടത്തി. വിജയകരമായ ശസ്ത്രക്രിയയിലൂടെ കുട്ടി ജീവിതത്തിലേക്ക് തിരിച്ചു വരികയാണ്.
ക്യാമ്പയിന്റെ ഭാഗമായി പ്രവർത്തിച്ച മുഴുവൻ ഫീൽഡുതല ആരോഗ്യ പ്രവർത്തകരെയും ശസ്ത്രക്രിയ നടത്തിയ കോട്ടയം മെഡിക്കൽ കോളേജിലെ സംഘത്തെയും ചികിത്സ ഏകോപിപ്പിച്ച കോട്ടയം ജില്ലാ ടീമിനെയും മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.
കഴിഞ്ഞ വർഷമാണ് സ്‌കൂൾ തലത്തിൽ വിവ ക്യാമ്പയിൻ തുടങ്ങിയത്. വിളർച്ച കണ്ടെത്തുന്ന പെൺകുട്ടികൾക്കും സ്ത്രീകൾക്കും ചികിത്സയും മതിയായ അവബോധവും ലഭ്യമാക്കുകയിരുന്നു ലക്ഷ്യം. കോട്ടയം പാലായിലെ സ്‌കൂളിൽ നടത്തിയ ക്യാമ്പിലാണ് പന്ത്രണ്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടിക്ക് ഹീമോഗ്ലോബിൻ അളവ് ഉയർന്ന നിലയിൽ കണ്ടെത്തിയത്. കുട്ടിയുടെ ഹൃദയത്തിന്റെ വാൽവിന് ചെറുപ്പത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാത്തതിനാൽ ശ്രദ്ധ കൊടുത്തിരുന്നില്ല. ഹൃദയ വാൽവിന് ഗുരുതര പ്രശ്നമുള്ളതിനാൽ ഹൃദയം തുറന്നുള്ള ശസ്ത്രക്രിയയാണ് നടത്തിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..