തിരുവനന്തപുരം > വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്ത് ലോകത്തെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനിയായ എംഎസ്‌സി (മെഡിറ്റനേറിയൻ ഷിപ്പിങ് കമ്പനി) യുടെ രണ്ടു കപ്പൽ എത്തും. ഏഷ്യയെയും യൂറോപ്പിലെ തുറമുഖങ്ങളെയും ബന്ധിപ്പിച്ച് നടത്തുന്ന ജേഡ് സർവീസിൽപ്പെട്ട കപ്പലുകളും യൂറോപ്പിനെയും ഏഷ്യയിലെ കിഴക്കൻരാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന ഡ്രാഗൺ സർവീസിൽ ഉൾപ്പെട്ട കപ്പലുകളുമാണ് വിഴിഞ്ഞത്ത് ആഴ്ചയിൽ എത്തുകയെന്ന് എംഎസ്‌സി വാർത്താകുറിപ്പിൽ അറിയിച്ചു.
ജേഡ് സർവീസിൽ 16 കപ്പലുകളാണ് ഉള്ളത്. മെഡിറ്റനേറിയനിലേക്ക് മടങ്ങുന്നതിന് മുമ്പായിരിക്കും കപ്പൽ വിഴിഞ്ഞത്ത് എത്തുക. ഈ സർവീസിൽപ്പെട്ട മദർഷിപ്പുകളുടെ കണ്ടെയ്‌നർ വഹിക്കാനുള്ള ശേഷി 23656- 24346 ടിഇയുവിന് ഇടയിലായിരിക്കും. ഡ്രാഗൺ സർവീസിൽ 18 കപ്പലുകളുണ്ട്. ഇവയുടെ കണ്ടെയ്‌നർ വഹിക്കാനുള്ള ശേഷി 8605- 16200 ടിഇയുവിനും ഇടയിലാകും.
ട്രയൽ റൺ നടക്കുന്ന വിഴിഞ്ഞത്ത് എംഎസ്‌സിയുടെ രണ്ട് സർവീസുകൾ എത്തുന്നത് വലിയനേട്ടമായി. ഇതുവരെ എത്തിയ 65 കപ്പലുകളിൽ 62 എണ്ണവും എംഎസ്‌സിയുടേതാണ്. ജേഡ്, ഡ്രാഗൺ സർവീസുകളിൽപ്പെട്ട കപ്പലുകളിലൊന്നും അക്കൂട്ടത്തിലുണ്ടായിരുന്നില്ല. അതേസമയം നിലവിൽ 13 കപ്പലുകൾ വിഴിഞ്ഞത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. അതിൽ 12 എണ്ണവും എംഎസ്‌സിയുടേതാണ്.
ഒന്നാംഘട്ട കമീഷനിങ് ഉടൻ
വിഴിഞ്ഞം തുറമുഖത്തിന്റെ ഒന്നാംഘട്ടത്തിന്റെ കമീഷനിങ് ഡിസംബർ- ജനുവരിയിൽ നടക്കുമെന്ന് തുറമുഖ വകുപ്പ് അറിയിച്ചു. വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ടിന്റെ ( വിസിൽ) ഡയറക്ടർ ബോർഡും അദാനി വിഴിഞ്ഞം പോർട്ടും (എവിപിപിഎൽ)ചേർന്നാണ് തീയതി തീരുമാനിക്കുക. ഡിസംബർ മൂന്നിനകം ഒന്നാംഘട്ടത്തിന്റെ മുഴുവൻ പ്രവൃത്തിയും പൂർത്തീകരിക്കും. അഞ്ചുശതമാനം പ്രവൃത്തിയാണ് ശേഷിക്കുന്നത്. തുറുഖത്തിന്റെ രണ്ടുമുതൽ നാലുഘട്ടംവരെയുള്ള നിർമാണം 2028 ൽ പൂർത്തിയാക്കി കമീഷൻ ചെയ്യാൻ സപ്ലിമെന്ററി കൺസഷൻ കരാറിൽ വ്യവസ്ഥ ചെയ്‌തിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..