തിരുവനന്തപുരം > വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ എല്ലാഘട്ടങ്ങളും 2028 ഓടെ പൂർത്തിയാകും. പോർട്ട് 2024 ഡിസംബറിൽ കമീഷൻ ചെയ്യുന്നത് നിയമപരമാക്കുന്നതിനും 2028 ഡിസംബറോടെ തുറമുഖത്തിന്റെ മുഴുവൻ ഘട്ട (രണ്ടും, മൂന്നും, നാലും ഘട്ടങ്ങൾ ഉൾപ്പെടെ) പ്രവർത്തികൾ പൂർത്തീകരിക്കുന്നതിനും ആവശ്യമായ സപ്ലിമെന്ററി കൺസഷൻ കരാറിൽ ഇന്ന് സംസ്ഥാന സർക്കാരും അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡും ഒപ്പു വച്ചു. പുതിയ കരാർ അനുസരിച്ച സംസ്ഥാന സർക്കാരിന് വരുമാനനേട്ടം സാധ്യമാക്കുന്നത് ആദ്യം ലക്ഷ്യമിട്ടതിലും നേരത്തെയാകും.
നേരത്തെയുള്ള കരാർ അനുസരിച്ച് വിവിധ കാരണങ്ങളാൽ പദ്ധതി പൂർത്തീകരണം വൈകിയ സാഹചര്യത്തിൽ വരുമാന വിഹിതം 2039 മുതൽ മാത്രം അദാനി ഗ്രൂപ്പ് നൽകിയാൽ മതിയായിരുന്നു. എന്നാൽ, പുതിയ ധാരണ പ്രകാരം 2034 മുതൽ തന്നെ തുറമുഖത്തിൽ നിന്നും വരുമാനത്തിന്റെ വിഹിതം സർക്കാരിന് ലഭിക്കും. ആദ്യ കരാർ അനുസരിച്ച് ലഭിക്കുന്നതിനെക്കാൾ കൂടുതൽ വരുമാനം സർക്കാരിന് ലഭ്യമാവുന്ന നിലയിലാണ് ഇപ്പോൾ ധാരണയിൽ എത്തിയിരിക്കുന്നത്.
പഴയ കരാർ പ്രകാരം തുറമുഖത്തിന്റെ ഒന്നാം ഘട്ടത്തിലെ വരുമാനം അടിസ്ഥാനപ്പെടുത്തിയായിരുന്നു സർക്കാരിന് വിഹിതം നൽകുക. എന്നാൽ, തുറമുഖത്തിന്റെ എല്ലാ ഘട്ടങ്ങളുടെയും നിർമാണം 2028-ൽ പൂർത്തീകരിക്കുന്നതിനാൽ നാല് ഘട്ടങ്ങളും കൂടി പ്രവർത്തിക്കുമ്പോൾ ലഭിക്കുന്ന വരുമാനത്തിന്റെ ലാഭ വിഹിതമായിരിക്കും അദാനി കമ്പനി സർക്കാരിന് 2034 മുതൽ നൽകുക .
2028ൽ പദ്ധതി പൂർത്തിയാകുന്നതോടെ തുറമുഖത്തിന്റെ കുറഞ്ഞ ശേഷി 30 ലക്ഷം ടിഇയു ആവും എന്നാണ് പ്രതീക്ഷിക്കുന്നത്. ഓട്ടോമേറ്റഡ് സംവിധാനങ്ങൾ ഉപയോഗിക്കുന്നത് വഴി തുറമുഖത്തിന്റെ ശേഷി പ്രതിവർഷം 45 ലക്ഷം വരെ ഉയരും. 2028-ൽ ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ സ്ഥാപിത ശേഷിയുള്ള കണ്ടെയ്‌നർ ടെർമിനൽ ആയി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മാറും.
സപ്ലിമെന്ററി കരാറിൽ സർക്കാർ നൽകാനുള്ള തുകയിലും കുറവ് വരുത്തിയിട്ടുണ്ട്. നിർമാണ കരാർ പ്രകാരം 408.90 കോടി രൂപയായിരുന്നു സംസ്ഥാന സർക്കാരിന്റെ വിജിഎഫ് വിഹിതമായി അദാനി കമ്പനിക്ക് നിർമാണ വേളയിൽ നൽകേണ്ടിയിരുന്നത്. പുതിയ ധാരണയുടെ അടിസ്ഥാനത്തിൽ ഈ തുക 365.10 കോടി രൂപയായി കുറച്ചു. ഇതിലൂടെ 43.80 കോടി രൂപ സംസ്ഥാന സർക്കാരിന് കുറവ് ലഭിച്ചു. 365.10 കോടി രൂപയിൽ, 189.90 കോടി രൂപ മാത്രം ഇപ്പോൾ നൽകിയാൽ മതി. ബാക്കിയുള്ള 175.20 കോടി രൂപ, തുറമുഖത്തിന്റെ എല്ലാ ഘട്ടങ്ങളുടെയും നിർമാണം പൂർത്തീകരിക്കുന്ന മുറയ്ക്ക് മാത്രം സർക്കാർ കൊടുത്താൻ മതിയെന്നും തീരുമാനത്തിൽ എത്തി.
നിർമാണകരാർ പ്രകാരം അദാനി തുറമുഖ കമ്പനിക്ക് കൈമാറേണ്ട ഭൂമി സമയബന്ധിതമായി ഏറ്റെടുത്തു കൊടുക്കാൻ കഴിയാത്തത് മൂലം 30 കോടി രൂപയോളം നഷ്ടപരിഹാരമായി സംസ്ഥാന സർക്കാർ കൊടുക്കേണ്ടതായിരുന്നു. എന്നാൽ പുതിയധാരണ അനുസരിച്ച് സർക്കാർ ഈ ഇനത്തിൽ യാതൊരുവിധ നഷ്ടപരിഹാരവും നൽകേണ്ടതില്ല. ആർബിട്രേഷൻ നടത്തിപ്പിനായി നാളിതുവരെ ഏകദേശം ആറ് കോടി രൂപയോളം സർക്കാർ ചെലവഴിച്ചിട്ടുണ്ട്. ഇത് തുടർന്ന് പോകുന്നപക്ഷം ഈ ഇനത്തിൽ സർക്കാർ ചിലവഴിക്കേണ്ടി വരുമായിരുന്നു അധികം തുക പൂർണ്ണമായി ലാഭിക്കാനും നിലവിൽ ഉണ്ടാക്കിയ ധാരണയിലൂടെ കഴിയുന്നു.
നിക്ഷേപത്തിൽ നിന്നും സംസ്ഥാനത്തിന് നികുതി വരുമാനം
തുറമുഖത്തിന്റെ രണ്ടും മൂന്നും നാലും ഘട്ടങ്ങളുടെ വികസനത്തിനായി 10,000 കോടി രൂപയുടെ ചിലവാണ് കരാർ കമ്പനി കണക്കാക്കിയിരിക്കുന്നത്. ഈ തുക പൂർണമായും അദാനി കമ്പനി ആയിരിക്കും വഹിക്കുക. അടുത്ത നാല് വർഷങ്ങൾക്കുള്ളിൽ 10,000 കോടി രൂപയുടെ നിക്ഷേപം നടത്തുമ്പോൾ നിർമാണ സാമഗ്രികൾക്കുമേൽ ലഭിക്കുന്ന ജിഎസ്‍ടി റോയൽറ്റി, മറ്റു നികുതികൾ എല്ലാം ചേർത്തു നികുതി ഇനത്തിൽ തന്നെ സർക്കാരിന് ഒരു വലിയ തുക ലഭിക്കും. നികുതി വരുമാനത്തിൽ നിന്നും ലഭിക്കുന്ന തുകയുടെ ഒരു പങ്കിൽനിന്നു തന്നെ അദാനി കമ്പനിക്കു 2028ൽ തിരികെ നൽകേണ്ട 175.20 കോടി രൂപ കണ്ടെത്താൻ സർക്കാരിന് സാധിക്കും. പ്രദേശവാസികൾക്കും മറ്റും അനവധി തൊഴിൽ അവസരങ്ങളും ലഭിക്കുന്നതാണ്.
ഭാവി വരുമാന നേട്ടങ്ങൾ
കരാർ പ്രകാരം, പദ്ധതി അതിന്റെ പ്രവർത്തന കാലയളവിലെ പതിനഞ്ചാം വർഷം മുതൽ വരുമാനം സർക്കാരുമായി പങ്കിടാൻ തുടങ്ങും. റവന്യൂ വിഹിതം 15-ാം വർഷത്തിൽ ഒരു ശതമാനത്തിൽ തുടങ്ങി 40 വർഷത്തെ കരാർ കാലയളവ് അവസാനിക്കുമ്പോൾ 21 ശതമാനം ആയി വർദ്ധിക്കും. ഏണസ്റ്റ് ആൻഡ് യങ് തയ്യാറാക്കിയ പ്രോജക്ടിന്റെ സാധ്യതാ പഠന റിപ്പോർട്ട് അനുസരിച്ച്, പദ്ധതി 40 വർഷ കരാർ കാലയളവിൽ (36 വർഷ പ്രവർത്തന കാലയളവിൽ) ഏകദേശം 54,750 കോടി രൂപ മൊത്ത വരുമാനം ഉണ്ടാക്കും, അതിൽ ഏകദേശം 6,300 കോടി രൂപ സംസ്ഥാന സർക്കാരിന് ലഭിക്കും. എന്നാൽ 2028 ഡിസംബറോടെ ശേഷി വർധിപ്പിക്കൽ പൂർത്തിയാകുന്നതോടെ മൊത്തവരുമാനം 54,750 കോടി രൂപയിൽ നിന്നും 2,15,000 കോടി രൂപയായി വർദ്ധിക്കും. 36 വർഷത്തെ ഇതേ പ്രവർത്തന കാലയളവിനുള്ളിൽ വരുമാന വിഹിതം 6300 കോടി രൂപയിൽ നിന്നും 35,000 കോടി രൂപയായി വർദ്ധിക്കും.
ശേഷി വർദ്ധനവിലൂടെ ഉണ്ടാക്കുന്ന വരുമാനത്തിലെ അധികവർദ്ധന അധിക നികുതി ജിഎസ്ടി രൂപത്തിൽ സംസ്ഥാനത്തിന് ലഭിക്കും. കരാർ കാലയളവിൽ ലഭിക്കുന്ന മൊത്തം ജിഎസ്ടി ഏകദേശം 29,000 കോടി രൂപയാണ്. ഇത് കൂടാതെ കോർപ്പറേറ്റ് പ്രത്യക്ഷ വരുമാന നികുതി വരവിലും വൻ വർദ്ധന ഉണ്ടാകും. മേൽ സൂചിപ്പിച്ചതു പോലെ പദ്ധതിയുടെ നേരത്തെയുള്ള ശേഷി വർദ്ധന മൂലം വരുമാന വിഹിത ഇനത്തിലും ജിഎസ്ടി ഇനത്തിലും ഏകദേശം 48,000 കോടി രൂപ സർക്കാരിന് 36 വർഷത്തെ പ്രവർത്തന കാലയളവിൽ അധികമായി ലഭിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..