19 September Thursday

വിഴിഞ്ഞം വലിയ കടപ്പുറത്തെ മീൻ ലോക വിപണിയിലേക്ക്; മത്സ്യബന്ധന മേഖലയിൽ പുതിയ പ്രതീക്ഷ

ശീതൾ എം എUpdated: Saturday Aug 10, 2024

തിരുവനന്തപുരം> വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിനടുത്ത് അത്യാധുനിക സൗകര്യങ്ങളോടു കൂടി പുതിയ മീൻപിടിത്ത തുറമുഖം വരുന്നു. വിഴിഞ്ഞം നിവാസികൾക്കും മത്സ്യബന്ധന തൊഴിലാളികൾക്കും പുതിയ പ്രതീക്ഷകൾ നൽകുന്നതാണ് നീക്കം. മത്സ്യ കയറ്റുമതി ഉൾപ്പെടെ സാധ്യമാക്കുന്ന പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്.

കയറ്റുമതിയോടൊപ്പം പായ്ക്കിങ്, സംസ്കരണം തുടങ്ങി അനുബന്ധ മേഖലകളിലും തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും.

വിഴിഞ്ഞം വലിയ കടപ്പുറത്ത് 140 കോടിരൂപ മുടക്കിയാണ് തുറമുഖം നിർമിക്കുന്നത്. 70 കോടിരൂപ തുറമുഖ നിർമാണത്തിനും 70 കോടിരൂപ പുലിമുട്ട് നിർമാണത്തിനുമാണ് ഉപയോ​ഗിക്കുക. മികച്ച സൗകര്യങ്ങളുറപ്പുവരുത്തികൊണ്ടാണ് പുതിയ തുറമുഖം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ജെട്ടിയും വാർഫുമടക്കം വലയും ബോട്ടിന്റെ എൻജിനുകളും സൂക്ഷിക്കുവാനുള്ള ലോക്കർ റും വരെ പ്ലാനിലുണ്ട്. കൂടാതെ മീൻ ലേലത്തിനുള്ള ഹാൾ, അഡ്മിനിസ്ട്രേറ്റ് ഓഫീസ് മുറികൾ, ടോയ്ലറ്റുകൾ,കാന്റീൻ എന്നീ സൗകര്യങ്ങളും ഉണ്ടായിരിക്കും. മത്സ്യ ബന്ധനത്തിനുപയോ​ഗിക്കുന്ന വലിയ ബോട്ടുകളുൾപ്പെടെ അടുക്കാൻ പറ്റുന്ന തരത്തിൽ 500 മീറ്റർ നീളമുള്ള ബർത്തും പണിയുന്നുണ്ട്.

പൂനൈ സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച് സ്റ്റേഷനാണ് തുറമുഖത്തിന്റെ രൂപരേഖ തയ്യാറാക്കുന്നത്. കേരള സർക്കാരിനായി വിഴിഞ്ഞം ഇന്റെർ നാഷണൽ സീ പോർട്ട് ലിമിറ്റഡാണ് തുറമുഖത്തിന്റെ പ്ലാൻ വരച്ച് നിർമിക്കുന്നത്.

വിഴിഞ്ഞ പള്ളിക്ക് സമീപത്തെ പഴയ തുറമുഖം 45 കോടി രൂപ മുടക്കിയും മൊഹിയുദ്ദീൻ പള്ളി ഭാഗം 25 കോടി രൂപ ചിലവഴിച്ചും നവീകരിക്കും. ഇത് ഹാർബർ എഞ്ചിനിയറിങ് വകുപ്പ് വഴിയാവും നടപ്പാക്കുക. പ്രധാൻ മന്ത്രി മത്സ്യ സമ്പദ് യോജന വഴി ഇതിനായി കേന്ദ്ര സഹായവും ആവശ്യപ്പെട്ടിട്ടുണ്ട്.

കടലിൽ നിന്നും എത്തിച്ച ഉടനെ മത്സ്യങ്ങൾ അവിട തന്നെ സംസ്കരിച്ച് കയറ്റുമതിക്ക് ഒരുക്കാൻ കഴിയും. അന്താരാഷ്ട്ര ഏജൻസികളും എത്തുന്നതോടെ തൊഴിലാളികൾക്ക് ഉൾപ്പെടെ ഇതിന്റെ പ്രയോജനം ലഭിക്കും. ചരക്ക് നീക്കത്തിനുള്ള വലിയ ചിലവ് ഇല്ലാതെ കയറ്റുമതി സാധ്യമാവുന്നത് വ്യാപാര വ്യവസായ മേഖലകൾക്കും അവസരമാവും.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top