22 December Sunday

വികസന ചരിത്രത്തിൽ നാഴികക്കല്ലായി വിഴിഞ്ഞം; ട്രയൽ റണ്ണിനിടെ കൈകാര്യം ചെയ്തത് ലക്ഷം ടിഇയു

വെബ് ഡെസ്‌ക്‌Updated: Sunday Nov 10, 2024

തിരുവനന്തപുരം > കേരളത്തിന്റെ വികസനചരിത്രത്തിൽ നാഴികക്കല്ലായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. ട്രയൽ റൺ ആരംഭിച്ച് നാല് മാസത്തിനുള്ളിൽ തുറമുഖം ഒരു ലക്ഷം ടിഇയു (ട്വിന്റി ഫൂട്ട് ഇക്വലന്റ് യൂണിറ്റ്) കണ്ടെയ്‌നർ കൈകാര്യം ചെയ്തുകഴിഞ്ഞുവെന്ന് ‍മന്ത്രി വി എൻ വാസവൻ പറഞ്ഞു. കാ‌ർഗോ ശേഷി അളക്കുന്ന യൂണിറ്റാണ് ടിയുഇ. 20 അടി നീളമുള്ള കണ്ടെയ്നറിനെയാണ് ഒരു ടിഇയു ആയി കണക്കാക്കുന്നത്‌. 40 അടി നീളമുള്ള കണ്ടെയ്നർ ആണെങ്കിൽ രണ്ട് ടിഇയു ആണ്‌.

ഇന്നലെ രാത്രിയോടെയാണ് ഒരു ലക്ഷം ടിഇയു എന്ന നാഴികക്കല്ല് തുറമുഖം പിന്നിട്ടത്. 1,00,807 ടിഇയു ആണ് ഇവിടെ കൈകാര്യം ചെയ്തത്. ഇതിനകം ലോകത്തിലെ വമ്പൻ ചരക്ക് കപ്പലുകൾ കേരളത്തിന്റെ തീരത്തെത്തിക്കഴിഞ്ഞു. നവംബർ ഒൻപത് വരെയുള്ള കണക്ക് അനുസരിച്ച് 46 കപ്പലുകളാണ്  തുറമുഖത്ത് എത്തിയത്. ജൂലൈ മാസത്തിൽ 3, സെപ്റ്റംബറിൽ 12 ,ഒക്ടോബറിൽ 23 ,നവംബർ മാസത്തിൽ ഇതുവരെ 8 എന്നിങ്ങനെയാണ് തുറമുഖത്ത് എത്തിച്ചേർന്ന കപ്പലുകളുടെ എണ്ണം. 7.4 കോടി രൂപയുടെ വരുമാനമാണ് ജിഎസ്ടി ഇനത്തിൽ സർക്കാർ ഖജനാവിലേക്ക് എത്തിയത്.

ലോകത്തെ ഏറ്റവും വലിയ ചരക്ക് കപ്പലുകളുടെ ശ്രേണിയിൽപ്പെടുന്ന എംഎസ്‍സി ക്ലോഡ് ഗിരാർഡെറ്റ്, അന്ന, വിവിയാന, എന്നീ കപ്പലുകൾ എത്തിച്ചേർന്നു. ഇവയ്ക്ക് പിന്നാലെ മറ്റ് കപ്പലുകളും എത്തുമെന്നും വിഴിഞ്ഞം ഇന്ത്യയുടെ സുവർണ്ണതീരമായി മാറുകയാണെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. ആദ്യവർഷം തന്നെ 15 ലക്ഷം ടിഇയു കണ്ടെയ്‌നർ കൈകാര്യശേഷിയാണ് വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം ലക്ഷ്യമിടുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top