22 December Sunday

ചരക്കുനീക്കത്തിന്‌ കുറഞ്ഞ നിരക്കുമായി വിഴിഞ്ഞം ; കൊളംബോ തുറമുഖത്തേക്കാൾ കുറവ്‌

സുനീഷ്‌ ജോUpdated: Friday Aug 2, 2024


തിരുവനന്തപുരം
കപ്പൽ അടുപ്പിക്കാനും ചരക്കിറക്കാനുമുള്ള നിരക്ക്‌ കൊളംബോയേക്കാൾ കുറച്ച്‌ വിഴിഞ്ഞം തുറമുഖം. തുറമുഖത്തിന്റെ നിർമാണവും നടത്തിപ്പുമുള്ള അദാനി വിഴിഞ്ഞം പോർട്ട്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌( എവിപിപിഎൽ) നിരക്ക്‌ കുത്തനെ താഴ്‌ത്തുകയായിരുന്നു. ചൊവ്വാഴ്ചയാണ്‌ നിരക്ക്‌ പ്രഖ്യാപിച്ചത്‌. കൊളംബോ ട്രാൻസ്‌ഷിപ്‌മെന്റ്‌ തുറമുഖത്താണ്‌ ഇന്ത്യയിലേക്കുള്ള ചരക്കിന്റെ 70 –-80 ശതമാനവും ഇറക്കുന്നത്‌. അവിടെനിന്ന്‌ ചെറുകപ്പലുകളിൽ മറ്റ്‌ തുറമുഖങ്ങളിലേക്ക്‌ എത്തിക്കും. വിഴിഞ്ഞത്ത്‌ ജൂലൈ 11 മുതൽ ട്രയൽറൺ നടത്തുകയാണ്‌.

നിലവിൽ മൂന്നു ഘടകങ്ങളാണ്‌ നിരക്ക്‌ നിശ്‌ചയിക്കാൻ മാനദണ്ഡമാക്കുന്നത്‌. പോർട്ടിന്റെ ഫീസ്‌, കപ്പൽ തുറമുഖത്തേക്ക്‌ കൊണ്ടുവരാനും കൊണ്ടുപോകാനുമുള്ള പൈലറ്റേജ്‌ നിരക്ക്‌, ബർത്തിൽ കപ്പൽ കിടക്കുന്നതിന്റെ നിരക്ക്‌ എന്നിവചേർന്നാണ്‌ കപ്പലുമായി ബന്ധപ്പെട്ട നിരക്ക്‌ (വിആർസി) നിശ്‌ചയിക്കുന്നത്‌. കപ്പലിന്റെ ഭാരവും  (ജിആർടി) ഇതിനൊപ്പംചേരും. ജിആർടി 30000 ടണ്ണുള്ള കപ്പൽ വിഴിഞ്ഞത്ത്‌ 24 മണിക്കൂർ തങ്ങിയാൽ ഏകദേശം 8,37,410 രൂപ നൽകിയാൽ മതി . കൊളംബോയിലാണെങ്കിൽ 17,58,561 രൂപ നൽകണം. ട്രാൻസ്‌ഷിപ്‌മെന്റിനുള്ള  20 അടിയുള്ള കണ്ടെയ്‌നർ നീക്കാൻ വിഴിഞ്ഞത്ത്‌ 9,211 രൂപയാണ്‌ നിരക്ക്‌.
മധ്യധരണ്യാഴിയിലും ചെങ്കടലിലും ഹൂതി വിമതരുടെ ആക്രമണമുള്ളതിനാൽ സൂയസ്‌ കനാലിലൂടെ കപ്പലുകൾ പോകുന്നത്‌ കുറയുകയാണ്‌. കിഴക്കു-പടിഞ്ഞാറൻ വ്യാപാരത്തിന്റെ  40 ശതമാനവും സൂയസ്‌ കനാൽ വഴിയാണ്‌.

കൂടുതൽ 
കപ്പലുകളെത്തും
വിഴിഞ്ഞം എന്തുകൊണ്ടും മത്സരാധിഷ്‌ഠിതമാണെന്ന്‌ കേരള സ്‌ട്രീമർ ഏജന്റ്‌സ്‌ അസോസിയേഷൻ പ്രസിഡന്റ്‌ കെ ജെ ബിനു. കൊളംബോ തുറമുഖത്തേക്കാൾ കുറഞ്ഞ നിരക്കാണ്‌ പ്രഖ്യാപിച്ചത്‌. കൊച്ചി, തൂത്തുക്കുടി തുറമുഖങ്ങളുമായി മത്സരം കണക്ക്‌ കൂട്ടേണ്ടതില്ല. ഈ തുറമുഖങ്ങളിലെ  നിരക്കുമായി താരതമ്യം ചെയ്‌തിട്ട്‌ കാര്യവുമില്ല. 
കൊളംബോ തുറമുഖത്ത്‌  നിലവിലെ സാഹചര്യത്തിൽ  കപ്പലുകൾക്ക്‌  അടുക്കാൻ മൂന്നുദിവസംവരെ കാത്തിരിക്കണം. ട്രാൻസ്‌ഷിപ്‌മെന്റിന്‌ ഇരുപത്‌ ദിവസം കെട്ടിക്കിടക്കണം. ഇതിനേക്കാൾ സൗകര്യങ്ങളുള്ള വിഴിഞ്ഞത്തെ സൗകര്യങ്ങളും നിരക്കും കപ്പലുകളെ ആകർഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top