തിരുവനന്തപുരം
വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് (വിസിൽ) നബാർഡിൽനിന്നും 2100 കോടി രൂപ വായ്‌പയെടുക്കും. ഇതിന് സർക്കാർ ഗ്യാരന്റി നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഹഡ്കോയിൽനിന്നും വായ്‌പയെടുക്കുന്നതിന് നേരത്തെ അനുവദിച്ച സർക്കാർ ഗ്യാരന്റി റദ്ദ് ചെയ്യും. കരാറുകൾ ഒപ്പുവയ്‌ക്കുന്നതിന് വിസിൽ മാനേജിങ് ഡയറക്ടർക്ക് അനുമതി നൽകും. നബാർഡിൽനിന്നും എടുക്കുന്ന വായ്‌പയുടെ പലിശ സർക്കാർ വഹിക്കും.
രണ്ടുവർഷം മുമ്പാണ് ഹഡ്‌കോയിൽനിന്നും വായ്‌പയെടുക്കാൻ സർക്കാർ ഗ്യാരന്റി നൽകിയത്. വായ്‌പ വിഹിതം തിരിച്ചടക്കുന്നതിന് ബജറ്റിൽ തുക വകയിരുത്തണമെന്നും ഹഡ്‌കോ നിബന്ധനവച്ചു. നബാർഡുമായി താരതമ്യം ചെയ്യുമ്പോൾ ഹഡ്‌കോയുടെ പലിശ കൂടുതലായിരുന്നു. ഈ സാഹചര്യത്തിലാണ് നബാർഡിൽനിന്ന് വായ്‌പയെടുക്കാൻ വിസിൽ താൽപര്യം പ്രകടിപ്പിച്ചത്.
തുറമുഖനിർമാണത്തിന്റെ ഭാഗമായി പുലിമുട്ട് നിർമിച്ച വകയിൽ അദാനി പോർട്ടിന് നൽകാനുള്ള തുക വായ്‌പ ലഭ്യമാകുന്നതോടെ കൊടുത്തുതീർക്കും. 2960 മീറ്റർ പുലിമുട്ടാണ് ഒന്നാംഘട്ടത്തിൽ നിർമിച്ചത്. ചരക്കുനീക്കത്തിന് ബാലരാമപുരത്തുനിന്ന് വിഴിഞ്ഞത്തേക്ക് റെയിൽപ്പാത നിർമിക്കാൻ കൊങ്കൺ റെയിൽവേയ്‌ക്കും ഇതിനായി ഭൂമി ഏറ്റെടുക്കുന്നതിനും വായ്‌പാതുക വിനിയോഗിക്കും. രണ്ടുവർഷത്തിനകം റെയിൽപ്പാത പൂർത്തീകരിക്കുകയാണ് ലക്ഷ്യം. തുറമുഖത്തിൽനിന്ന് ചരക്കുനീക്കത്തിന് റെയിൽ, റോഡ് മാർഗം ശക്തിപ്പെടുത്താനുള്ള തീരുമാനവുമായി മുന്നോട്ടുപോകുകയാണ് സർക്കാർ. രണ്ട് പദ്ധതികൾക്കും സാമ്പത്തിക സഹായത്തിന് കേന്ദ്രസർക്കാരിനെ സമീപിച്ചെങ്കിലും അനുകൂല തീരുമാനമുണ്ടായില്ല. റെയിൽവേ പദ്ധതിക്ക് റെയിൽ, പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..