21 November Thursday

വിഴിഞ്ഞം തുറമുഖ പരിധിയിൽ ലോജിസ്‌റ്റിക്‌ പാർക്കുകൾ ; വ്യവസായ വളര്‍ച്ചയ്‌ക്ക്‌ കേരളവും തമിഴ്‌നാടും കൈകോർക്കുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Aug 10, 2024


തിരുവനന്തപുരം
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ 20 കിലോ മീറ്റർ പരിധിയിൽ ലോജിസ്‌റ്റിക് പാർക്കുകൾ തുറക്കുമെന്ന്‌ വ്യവസായ മന്ത്രി പി രാജീവ്‌. കേരളത്തിന്റെയും തമിഴ്‌നാടിന്റെയും വ്യാവസായിക മേഖലയ്‌ക്ക്‌ പുത്തൻ ഉണർവേകാൻ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം സഹായകമാകും. വ്യാവസായിക വികസനത്തിൽ പരസ്‌പരപൂരകമായ സഹകരണം പല തലങ്ങളിലും സാധ്യമാണ്‌. ഇതിനായി  ഇരുസംസ്ഥാനങ്ങളുടെയും വിഭവങ്ങളും കഴിവുകളും ഉപയോഗപ്പെടുത്തുന്നതിലൂടെ ഒരുമിച്ച് വളരാൻ സാധിക്കും–- ചെന്നൈയിൽ സംഘടിപ്പിച്ച നിക്ഷേപകരുമായുള്ള കൂടിക്കാഴ്ചയിൽ അദ്ദേഹം പറഞ്ഞു.

കേരളത്തിലെ വ്യവസായരംഗം നേരിടുന്ന വലിയ വെല്ലുവിളി ഭൂമിയുടെ ലഭ്യതക്കുറവാണ്. ഈ പ്രശ്നം പരിഹരിക്കാനും വിവിധ മേഖലകളിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടുള്ള സംരംഭങ്ങൾ കൊണ്ടുവരാനാണ് ശ്രമിക്കുന്നത്‌. സ്വകാര്യ വ്യവസായ പാർക്കുകളും കാമ്പസ് വ്യവസായ പാർക്കുകളും ഇതിന്റെ ഭാഗമാണ്.

ലാൻഡ് അലോട്ട്മെന്റ്‌ നയത്തിലെ ഭേദഗതി അനുസരിച്ച് കുറഞ്ഞത് 10 ഏക്കർ വ്യാവസായിക ഭൂമി ആവശ്യമുള്ള പദ്ധതികൾക്ക് 60 വർഷത്തേക്ക് പാട്ടവ്യവസ്ഥയിൽ നൽകാനാകും. ലാൻഡ് പൂളിങ്‌ പോളിസിയും വലിയ ചുവടുവയ്‌പാണ്. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സ്ഥല ഉടമകളുടെ സമ്മതപ്രകാരം ഭൂമി നൽകുന്നതിനും അടിസ്ഥാന സൗകര്യ വികസനത്തിനും ഇതിലൂടെ സാധിക്കും–- അദ്ദേഹം പറഞ്ഞു.

സംസ്ഥാന വ്യവസായ വികസന കോർപറേഷനും കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയും ചേർന്നാണ്‌ കൂടിക്കാഴ്‌ച സംഘടിപ്പിച്ചത്‌. വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ്, കെഎസ്ഐഡിസി എംഡി എസ്‌ ഹരികിഷോർ, സിഐഐ തമിഴ്നാട് ഘടകം ചെയർമാൻ ശ്രീവത്സ് റാം, സിഐഐ കേരള ഘടകം ചെയർമാൻ വിനോദ് മഞ്ഞില, വ്യവസായി ശ്രീനാഥ് വിഷ്ണു എന്നിവരും സംസാരിച്ചു.

വിഴിഞ്ഞത്തേക്കുള്ള 
റെയിൽപാത 2028ൽ കമീഷൻ ചെയ്യും
വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തേയ്‌ക്കുള്ള റെയിൽവേ ലൈൻ 2028 മാർച്ചിൽ കമീഷൻ ചെയ്യുമെന്ന് കേന്ദ്ര തുറമുഖ, ഷിപ്പിങ്‌ മന്ത്രി സർബാനന്ദ  സോനോവാൾ. പദ്ധതി പൂർണമായും കമീഷൻ ചെയ്യുന്ന 2024 ഡിസംബറിൽ തുറമുഖത്തേയ്‌ക്കുള്ള റോഡ് നിർമാണം പൂർത്തിയാകും. 2024 ജൂൺ 30 വരെ വിഴിഞ്ഞം തുറമുഖ നിർമാണത്തിന് സംസ്ഥാന സർക്കാർ 1,892.42 കോടി രൂപയും 2024 മാർച്ച് 31 വരെ അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് 4,255 കോടി രൂപയും ചെലവഴിച്ചിട്ടുണ്ട്. കേന്ദ്രസർക്കാർ പണമൊന്നും ചെലവഴിച്ചിട്ടില്ലെന്നും മന്ത്രി രാജ്യസഭയിൽ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top