30 December Monday

ക്ലോഡ്‌ ഗിറാർഡെറ്റ്‌ എത്തി 
ചരിത്രം വഴിമാറി

സുനീഷ്‌ ജോUpdated: Sunday Nov 3, 2024


തിരുവനന്തപുരം
അന്താരാഷ്‌ട്ര രംഗത്ത്‌ വിഴിഞ്ഞം രാജ്യാന്തര തുറമുഖം ഏറ്റവും ശ്രദ്ധയാകർഷിച്ച ദിവസങ്ങളിൽ ഒന്നായിരുന്നു സെപ്‌തംബർ 13. അന്നാണ്‌ മെഡിറ്ററേനിയൻ ഷിപ്പിങ്‌ കമ്പനി (എംഎസ്‌സി) യുടെ ക്ലോഡ്‌ ഗിറാർഡെറ്റ്‌ എന്ന കൂറ്റൻ മദർഷിപ്പ്‌ എത്തിയത്‌. അതുവരെ ദക്ഷിണ ഏഷ്യയിലെ ഒരുതുറമുഖത്തും അത്രയും വലിപ്പവും കണ്ടെയ്‌നർ വാഹകശേഷിയുള്ള ചരക്കുകപ്പൽ അടുത്തിരുന്നില്ല. 24116 ടിഇയു ടണ്ണേജുള്ള കപ്പലിന്‌ 399.99 മീറ്റർ നീളവും 61.5 മീറ്റർ വീതിയുമാണുണ്ടായിരുന്നത്‌. ഈ ഒറ്റക്കാരണം മതി വിഴിഞ്ഞത്തിന്റെ പ്രാധാന്യം എത്രയെന്ന്‌ മനസിലാക്കാൻ.

കസ്‌റ്റംസ്‌ തീരുവ, ജിഎസ്‌ടി ഇനങ്ങളിൽ കോടികളാണ്‌ ഓരോവർഷവും തുറമുഖം കേന്ദ്രത്തിന്‌ നൽകുക. 8867 കോടി രൂപയാണ്‌ തുറമുഖത്തിന്റെ ഒന്നാംഘട്ടം പൂർത്തിയാകുമ്പോഴുള്ള ചെലവ്‌. അതിൽ 5595 കോടി രൂപ സംസ്ഥാന സർക്കാരാണ്‌ വഹിക്കുന്നത്‌. ഇതിന്‌ പുറമേ നാലായിരം കോടി രൂപ അടിസ്ഥാന സൗകര്യവികസനത്തിനുമായി വഹിക്കേണ്ടി വരും. ഇതിനകം 38 ചരക്കുകപ്പൽ വിഴിഞ്ഞത്ത്‌ എത്തി. ഇതിൽനിന്നായി എൺപതിനായിരത്തോളം കണ്ടെയ്‌നറിൽ തുറമുഖത്ത്‌ കൈകാര്യംചെയ്‌തു. ജൂലൈ 11 മുതൽ 2025 മാർച്ച്‌ 31 വരെ 60,000 കണ്ടെയ്‌നർ കൈകാര്യം ചെയ്യാനാണ്‌ നടത്തിപ്പുകാരായ അദാനി വിഴിഞ്ഞം പോർട്ട്‌പ്രൈവറ്റ്‌ ലിമിറ്റഡ്‌ (എവിപിപിഎൽ) ലക്ഷ്യമിട്ടത്‌. സെപ്‌തംബറിൽ മാത്രം 48853 ടിഇയു കണ്ടെയ്‌നർ കൈകാര്യം ചെയ്‌തു.

ഡിസംബറിൽ കമീഷൻ ചെയ്യുമ്പോൾ കപ്പൽ വഴിയുള്ള ചരക്ക്‌ ഗതാഗതരംഗത്ത്‌ ഇന്ത്യയുടെ സ്വാധീനം നിർണായകമാകും. അന്താരാഷ്‌ട്ര കപ്പൽച്ചാലിനോട്‌ ഏറ്റവും അടുത്ത കിടക്കുന്ന തുറമുഖമാണിത്‌. മദർഷിപ്പുകൾക്ക്‌ അനായാസം വന്നുപോകാനും കഴിയും. സെമി ഓട്ടോമാറ്റിക്കാണ്‌ ട്രാൻസ്‌ഷിപ്പ്‌മെന്റ്‌ തുറമുഖം. ഇതിന്‌ മുമ്പ്‌ ഒരുസംസ്ഥാനത്തിന്റെ മുൻകൈയിലും ഇത്തരെമൊരു വിശാലമായ തുറമുഖ സംരംഭം ഉണ്ടായിട്ടില്ല.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top