22 November Friday

വിഴിഞ്ഞം കേന്ദ്രമായി കാച്ച്മെൻ്റ് ഏരിയയും അസംബ്ലിംഗ് ക്ളസ്റ്ററും വികസിപ്പിക്കും: മന്ത്രി പി രാജീവ്

വെബ് ഡെസ്‌ക്‌Updated: Thursday Oct 3, 2024

വിഴിഞ്ഞം > വിഴിഞ്ഞം തുറമുഖം കേന്ദ്രമാക്കി കാച്ച്മെൻ്റ് ഏരിയയും അസംബ്ളിംഗ് ക്ളസ്റ്ററും വികസിപ്പിക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. വിഴിഞ്ഞം തുറമുഖം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഴിഞ്ഞം തുറമുഖത്തിന് ചുറ്റുമായി വ്യവസായ പ്രവർത്തനങ്ങളുടെ കേന്ദ്രം എന്ന നിലയിലാണ് കാച്ച്മെൻ്റ് ഏരിയ വികസിപ്പിക്കുക. ജില്ല, സംസ്ഥാന അതിർത്തികളിൽ പരിമിതപ്പെടുന്നതായിരിക്കില്ല കാച്ച്മെൻ്റ് ഏരിയ. തുറമുഖത്ത് ഘടകസാമഗ്രികൾ എത്തിച്ച് അസംബ്ളിംഗ് നടത്തി ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യാൻ കഴിയുംവിധം അസംബ്ളിംഗ് യൂണിറ്റുകളുടെ ക്ളസ്റ്ററും വികസിപ്പിക്കും.



തുറമുഖത്തിൻ്റെ സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിനായി ലോജിസ്റ്റിക് പാർക്കുകൾ സ്ഥാപിക്കുന്ന കാര്യവും സർക്കാർ പരിഗണിക്കുകയാണെന്ന് പി രാജീവ് പറഞ്ഞു. 20 കി.മീറ്ററിൽ ഒരു ലോജിസ്റ്റിക് പാർക്ക് എന്ന നിലയിലാണ് ഇത് വിഭാവനം ചെയ്യുന്നത്. സർക്കാരിൻ്റെ ലോജിസ്റ്റിക് നയം പുറത്തിറക്കിക്കഴിഞ്ഞു. കിൻഫ്രയുടെ പാർക്കും പരിഗണനയിലാണ്. പാലക്കാട് വ്യവസായ സ്മാർട്ട് സിറ്റിയും വിഴിഞ്ഞവും ബന്ധപ്പെടുത്തിയുള്ള സാധ്യതകളും ആരായുമെന്ന് മന്ത്രി പറഞ്ഞു. ലാൻഡ് പൂളിംഗിലൂടെ വ്യവസായ വികസനത്തിന് ഭൂമി കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ലാൻഡ് പൂളിംഗ് ചട്ടങ്ങൾ പുറത്തിറക്കിയതോടെ നടപടികളുടെ വേഗം വർധിച്ചതായും മന്ത്രി പറഞ്ഞു.



വിഴിഞ്ഞം തുറമുഖ ഓഫീസും ടെർമിനലും മന്ത്രി സന്ദർശിച്ചു. വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ്, കെഎസ്ഐഡിസി എംഡി എസ്. ഹരികിഷോർ, വിഴിഞ്ഞം പോർട്ട് എം ഡി ദിവ്യ എസ് അയ്യർ, അദാനി പോർട്സ് സിഇഒ പ്രണവ് ചൗധരി, അദാനി വിഴിഞ്ഞം പോർട്ട് സിഇഒ പ്രദീപ് ജയരാമൻ തുടങ്ങിയവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top