മാരാരിക്കുളം | മാവേലിക്കര > ജില്ലയിൽ മൂന്നിടങ്ങളിൽ ബൈക്ക് വൈദ്യുതിത്തൂണുകളിൽ ഇടിച്ചുണ്ടായ അപകടങ്ങളിൽ നാലുമരണം. ചെട്ടികുളങ്ങര പള്ളിച്ചാനേത്ത് മുക്കിലുണ്ടായ അപകടത്തിൽ ഈരേഴ വടക്ക് ശ്രീഭദ്രഭവനിൽ മണിയൻ ചെട്ടിയാരുടെ മകൻ ബിനീഷ് (30) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അനീഷിന് ഗുരുതര പരിക്കേറ്റു. വെള്ളി പകൽ രണ്ടിനാണ് അപകടം. അമ്മ: വാസന്തി. സഹോദരൻ: മനീഷ്.
ആര്യാട് ഒന്നാംവാർഡിൽ നികർത്തിൽ (കൊല്ലം പറമ്പിൽ) രാജേന്ദ്രൻ (എ കെ ജി സെന്റർ മുൻ ഡ്രൈവർ) ശോഭ ദമ്പതികളുടെ മകൻ രതീഷ് (33) ആണ് മണ്ണഞ്ചേരി ആപ്പൂരിലുണ്ടായ അപകടത്തിൽ മരിച്ചത്. ചേർത്തല കൺസ്യൂമർ ഫെഡ് ജീവനക്കാരനായിരുന്നു. ആലപ്പുഴ കൂറ്റുവേലി റോഡിൽ ആപ്പൂര് കൃഷ്‌ണപിള്ള ജങ്‌ഷന് സമീപം വെള്ളി പുലർച്ചെയാണ് അപകടമുണ്ടായത്. വളവനാട് ഉത്സവത്തിൽ പങ്കെടുത്ത് സഹോദരി ഭർത്താവിനെ പാർഥൻ കവലയ്‌ക്ക് സമീപത്തുള്ള വീട്ടിൽവിട്ട് മടങ്ങി വരുമ്പോഴായിരുന്നു അപകടം. റോഡിന് കിഴക്ക് ഭാഗത്തെ വൈദ്യുതിത്തൂണിലാണ് ഇടിച്ചത്. തെറിച്ചുവീണ രതീഷ് സംഭവസ്ഥലത്ത് മരിച്ചു. സമീപവാസികളാണ് ജനറൽ ആശുപത്രിയിൽ എത്തിച്ചത്. സംസ്‌കാരം നടത്തി. ഭാര്യ: അഖില. സഹോദരി: രഞ്‌ജു.
മണ്ണഞ്ചേരി ഒന്നാംവാർഡ് കണ്ണർകാട് തകിടിവെളിയിൽ സുരേഷിന്റെ മകൻ അശ്വിൻ (21), മണ്ണഞ്ചേരി 18–-ാം വാർഡിൽ ചക്കാലപ്പറമ്പിൽ വാടകയ്‌ക്ക് താമസിക്കുന്ന ആലപ്പുഴ നഗരസഭ കറുകയിൽ വാർഡ് പുത്തൻപുരക്കൽ കണ്ണന്റെ മകൻ രാഹുൽ (26) എന്നിവരാണ് മുഹമ്മ കാവുങ്കൽ ക്ഷേത്രത്തിന് വടക്ക് കെപിഎം യുപി സ്‌കൂളിന് സമീപം അപകടത്തിൽ മരിച്ചത്. വൈകിട്ട് അഞ്ചിനാണ് അപകടം. രാഹുലാണ് ബൈക്ക് ഓടിച്ചത്. റോഡിലേക്ക് തെറിച്ചുവീണ ഇരുവരുടെയും തലപൊട്ടി. ഇതുവഴി വന്ന ജിഎസ്‌ടി വകുപ്പിന്റെ ജീപ്പിൽ സ്വകാര്യആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ആദ്യം രാഹുലും പിന്നീട് അശ്വിനും മരിച്ചു. ഇരുവരും സുഹൃത്തുക്കളാണ്. ഏറ്റുമാനൂർ ഐടിഐ വിദ്യാർഥിയാണ് അശ്വിൻ. അച്ഛൻ സുരേഷ് മുഹമ്മ കെഎസ്ഇബി ജീവനക്കാരനാണ്. അമ്മ: ബിന്ദു. സഹോദരൻ: സുബിൻ. ലാജിയാണ് രാഹുലിന്റെ അമ്മ. സഹോദരൻ: ജിബിൻ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..