കൊച്ചി
വാളയാര്‍ പെണ്‍കുട്ടികളെ അപകീര്‍ത്തിപ്പെടുത്തുന്ന മോശം പരാമര്‍ശം മാധ്യമങ്ങളിലൂടെ നടത്തിയെന്ന് ആരോപിച്ച് മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ എസ്‌പി എം ജെ സോജനെതിരെ രജിസ്റ്റർ ചെയ്ത ക്രിമിനല്‍ കേസ് ഹൈക്കോടതി റദ്ദാക്കി. പെൺകുട്ടികളുടെ അമ്മയുടെ പരാതിയിൽ പാലക്കാട് പോക്സോ കോടതി ഉത്തരവുപ്രകാരം രജിസ്റ്റർ ചെയ്ത കേസാണ് ജസ്റ്റിസ് എ ബദറുദീൻ റദ്ദാക്കിയത്.മരിച്ച പെൺകുട്ടികളെ മോശക്കാരാക്കി, ആധികാരികത പരിശോധിക്കാതെ ഇത്തരമൊരുകാര്യം സംപ്രേഷണം ചെയ്ത സ്വകാര്യ ചാനലിനും ലേഖകനുമെതിരെ കേസെടുക്കാമെന്നും കോടതി വ്യക്തമാക്കി.
ലൈംഗിക ചൂഷണത്തിന് ഇരയായതിന് കുട്ടികളും കാരണക്കാരാണെന്ന മട്ടിൽ എം ജെ സോജൻ നടത്തിയ പ്രതികരണം ഒരു ചാനൽ സംപ്രേഷണം ചെയ്യുകയായിരുന്നു. പീഡനം പെണ്‍കുട്ടികള്‍ ആസ്വദിച്ചിരുന്നുവെന്ന് ഉദ്യോഗസ്ഥൻ മാധ്യമങ്ങളില്‍ സംസാരിച്ചെന്നായിരുന്നു അമ്മയുടെ പരാതി. സോജൻ അറിഞ്ഞുകൊണ്ട് അഭിമുഖം നൽകുകയോ മാധ്യമങ്ങളോട് സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന് ഒന്നാംസാക്ഷിയുടെ മൊഴിയിൽനിന്ന് വ്യക്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സോജൻ ഫോണിലുടെ പറഞ്ഞ മോശംവാക്കുകൾ ലേഖകൻ റെക്കോർഡ് ചെയ്ത് ചാനലിലൂടെ പുറത്തുവിടുകയായിരുന്നു. പോക്സോ നിയമത്തിലെ 23(1) വകുപ്പുപ്രകാരമുള്ള കേസ് സോജനെതിരെ നിലനിൽക്കില്ല.
കേസെടുക്കേണ്ടത് ലേഖകനും സംപ്രേഷണംചെയ്ത ചാനലിനും ബന്ധപ്പെട്ടവർക്കുമെതിരെയാണ്. എന്നാൽ, ഇവരെ പ്രതികളായി ഉൾപ്പെടുത്തിയിട്ടില്ല. പെൺകുട്ടികളുടെ അമ്മയ്‌ക്ക് ആവശ്യമെങ്കിൽ ലേഖകനും ചാനലിനുമെതിരെ നിയമവഴി തേടാം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..