22 December Sunday

തദ്ദേശ വാർഡ്‌ വിഭജനം ചട്ടപ്രകാരം ; ആശയക്കുഴപ്പമുണ്ടാക്കാൻ ശ്രമം , അന്തിമ വിജ്ഞാപനം പരാതി പരിഹരിച്ചശേഷം

സ്വന്തം ലേഖകൻUpdated: Wednesday Nov 20, 2024


തിരുവനന്തപുരം
തദ്ദേശ വാർഡ്‌ വിഭജനത്തിന്റെ കരടു വിജ്ഞാപനം പുറത്തുവന്നപ്പോൾതന്നെ ആക്ഷേപവുമായെത്തുന്നത്‌ ആശയക്കുഴപ്പം സൃഷ്ടിക്കാൻ. പഞ്ചായത്ത്‌,- നഗരസഭ, കോർപറേഷൻ വാർഡുകൾ പുനർവിഭജിച്ചുള്ള കരടു വിജ്ഞാപനമാണ്‌ ഡീലിമിറ്റേഷൻ കമീഷൻ പുറപ്പെടുവിച്ചത്‌. ആക്ഷേപമറിയിക്കാൻ ഡിസംബർ മൂന്നുവരെ  സമയമുണ്ട്‌. ഇതും പരിശോധിച്ചാണ്‌ തുടർ നടപടി സ്വീകരിക്കുക.  ബന്ധപ്പെട്ട കലക്ടർമാരാണ്‌ ആക്ഷേപങ്ങളിൽ അന്വേഷണം നടത്തുക.  കലക്ടർമാർ വ്യക്തമായ ശുപാർശകളോടെ ഡീലിമിറ്റേഷൻ കമ്മീഷന് റിപ്പോർട്ട് സമർപ്പിക്കും. ആവശ്യമെങ്കിൽ, പരാതിക്കാരെ കമീഷൻ നേരിട്ടുകാണും. അതിനുശേഷം മാത്രമേ വാർഡ് പുനർവിഭജനത്തിന്റെ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കൂ.

തദ്ദേശ വാർഡ്‌ വിഭജനത്തിനായി 2020ൽതന്നെ ബിൽ നിയമസഭ പാസാക്കിയെങ്കിലും കോവിഡിനെ തുടർ നടപടികൾ സാധ്യമായില്ല. അന്ന്‌ നിയമസഭയിലും സബ്ജക്ട് കമ്മിറ്റിയിലും ചർച്ച നടത്തി പ്രതിപക്ഷത്തിന്റെ ഭേദഗതികൾ അടക്കം ചർച്ച ചെയ്‌തശേഷമാണ്‌ ബിൽ പാസാക്കുകയും ഗവർണർ ഒപ്പിടുകയും ചെയ്‌തത്‌. കോവിഡിനെ തുടർന്ന്‌ വാർഡ്‌ വിഭജനം സാധ്യമാകാതെ വന്നതോടെയാണ്‌ ആ ബിൽ പിൻവലിച്ചത്‌. അതേ ബിൽ തന്നെയാണ്‌ വീണ്ടും നിയമസഭ പാസാക്കുകയും വാർഡ്‌ വിഭജന നടപടി ആരംഭിക്കുകയും ചെയ്‌തത്‌.സംസ്ഥാനത്തെ മുഴുവൻ വാർഡ് വിഭജനവും കൃത്യതയോടെ മൊബൈൽ ആപ്ളിക്കേഷന്റെ സഹായത്തോടെ ഫീൽഡ് പ്രവർത്തനം നടത്തിയാണ്‌ പൂർത്തിയാക്കിയത്‌. ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിച്ചാണ്‌ അതിർത്തികൾ വരച്ചത്. 2011 ലെ സെൻസസ് ജനസംഖ്യ അടിസ്ഥാനമാക്കിയാണ്‌ വാർഡുകളുടെ എണ്ണം പുതുക്കി നിശ്ചയിച്ചത്‌. സംസ്ഥാനത്ത്‌ 2025 ഡിസംബർ 21നു മുമ്പ്‌ തദ്ദേശ തെരഞ്ഞെടുപ്പ് നടത്തി ഫലം പ്രഖ്യാപിക്കേണ്ടതുണ്ട്. വാർഡ് വിഭജനം പൂർത്തിയായശേഷം മാത്രമേ തെരഞ്ഞെടുപ്പിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിക്കാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് കഴിയൂ.

അന്തിമ വിജ്ഞാപനം പരാതി പരിഹരിച്ചശേഷം
തദ്ദേശ വാർഡ്‌ വിഭജനത്തിന്റെ അന്തിമവിജ്ഞാപാനം കരടിന്മേലുള്ള മുഴുവൻ പരാതിയും പരിഹരിച്ചശേഷമേ പുറപ്പെടുവിക്കു. കരട് വിജ്ഞാപനം അതത് തദ്ദേശസ്ഥാപനങ്ങളിലും കലക്ടറേറ്റുകളിലും  https://www.delimitation.lsgkerala.gov.in വെബ്സൈറ്റിലും പരിശോധിക്കാം. പരാതികൾ ഡിസംബർ മൂന്ന് വരെ സമർപ്പിക്കാം. ഡീലിമിറ്റേഷൻ കമീഷൻ സെക്രട്ടറിക്കോ ജില്ലാ കലക്ടർക്കോ നേരിട്ടോ രജിസ്‌ട്രേഡ് തപാലിലോ ആക്ഷേപ നൽകാം. വിലാസം: സംസ്ഥാന ഡീലിമിറ്റേഷൻ കമ്മീഷൻ, കോർപറേഷൻ ബിൽഡിങ്‌ നാലാം നില, വികാസ്ഭവൻ പിഒ, തിരുവനന്തപുരം -695033. ഫോൺ:0471-2335030. പരാതികൾക്കൊപ്പം ഏതെങ്കിലും രേഖ ഹാജരാക്കാനുണ്ടെങ്കിൽ അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും നൽകണം. മൂന്ന് ഘട്ടമായാണ് പുനർവിഭജനം നടക്കുക. ആദ്യഘട്ടത്തിൽ പഞ്ചായത്ത്‌, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവടങ്ങളിലും രണ്ടാം ഘട്ടത്തിൽ ബ്ലോക്ക് പഞ്ചായത്തിലും മൂന്നാം ഘട്ടത്തിൽ ജില്ലാ പഞ്ചായത്തിലുമാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top