തിരുവനന്തപുരം
തദ്ദേശ വാർഡുകൾ പുനർവിഭജിച്ചപ്പോൾ മൂന്ന് പഞ്ചായത്തിൽ ഓരോ വാർഡുകൾ വീതം കുറഞ്ഞു. ഇടുക്കി ജില്ലയിലെ മൂന്നാർ, പീരുമേട്, ദേവികുളം പഞ്ചായത്തുകളിലാണ് ഓരോ വാർഡുകൾ വീതം കുറഞ്ഞത്. 55 പഞ്ചായത്തിൽ വാർഡുകളുടെ എണ്ണം വ്യത്യാസപ്പെട്ടില്ല. എട്ടു മുനിസിപ്പാലിറ്റികളിലും വാർഡുകളുടെ എണ്ണത്തിൽ മാറ്റമില്ല. പരവൂർ, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, പാലാ, ചങ്ങനാശ്ശേരി, ആലുവ, ചെർപ്പുളശ്ശേരി മുനിസിപ്പാലിറ്റികളില്‍ വാർഡുകളുടെ എണ്ണം വ്യത്യാസമില്ല.
പഞ്ചായത്തുകളിൽ കുറഞ്ഞത് 14 വാർഡും പരമാവധി 24 വാർഡുകളുമാകാമെന്നാണ് തീരുമാനം. 15,000 പേർക്ക് വരെ 14 വാർഡുകളും പിന്നീടുള്ള ഓരോ 2500 പേർക്കും ഒരു അധിക വാർഡും എന്ന കണക്കിലാണ് വാർഡുകൾ നിശ്‌ചയിച്ചത്. മുനിസിപ്പാലിറ്റികളിൽ 20,000 പേർക്ക് വരെ 26 വാർഡുകളും തുടർന്നുള്ള ഓരോ 2,500 പേർക്കും ഒരു അധിക വാർഡും എന്ന ക്രമത്തിൽ പരമാവധി 53 വാർഡുകൾ വരെയാകാം. കോർപറേഷനിൽ നാലു ലക്ഷം പേർക്ക് വരെ 56 വാർഡുകളും ഇതിൽ കൂടുതലുള്ള ഓരോ 10,000 പേർക്ക് ഒരു അധിക വാർഡും എന്ന കണക്കിൽ പരമാവധി 101 വാർഡുകൾ വരെയുമാകാം.
ഭൂപടങ്ങൾ കാണാം, പ്രിന്റ് എടുക്കാം
സംസ്ഥാനത്തെ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ വാർഡുകൾ പുനർവിഭജിച്ചു കൊണ്ടുള്ള കരട് വിജ്ഞാപനത്തിനൊപ്പം ഭൂപടവും ലഭിക്കും. ഭൂപടങ്ങൾ കാണാനും പ്രിന്റ് എടുക്കാനുമായി പൂർണസുരക്ഷയോടെ എച്ച്‌ടിഎംഎൽ ഫോർമാറ്റിൽ https://www.delimitation.lsg kerala.gov.in ൽ ലഭ്യമാക്കിയിട്ടുണ്ട്. ഇൻഫർമേഷൻ കേരള മിഷൻ തയ്യാറാക്കിയ https://wardmap.ksmart.live എന്ന പോർട്ടലിലും ഭൂപടം പരിശോധിക്കാം. വെബ്‌സൈറ്റിൽ ജില്ലയും തദ്ദേശസ്ഥാപനവും തെരഞ്ഞെടുത്താൽ ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ പുനർവിഭജിച്ച വാർഡുകളുടെ വിവരങ്ങൾ അറിയാം. വെബ്‌സൈറ്റിൽ നോട്ടിഫിക്കേഷനിൽ ക്ലിക്ക് ചെയ്‌താൽ വാർഡുകളുടെ പേര്, അതിർത്തികൾ, ജനസംഖ്യ എന്നിവ അറിയാം.
കരട് വിജ്ഞാപനം തദ്ദേശസ്ഥാപനങ്ങൾക്ക് പുറമേ ഗ്രാമകേന്ദ്രങ്ങൾ, വില്ലേജ് ഓഫീസ്, വായനശാല, അക്ഷയകേന്ദ്രങ്ങൾ, റേഷൻ കടകൾ, വാർത്താബോർഡുകൾ എന്നിവിടങ്ങളിലും പ്രദർശിപ്പിക്കും. ദേശീയതലത്തിലും സംസ്ഥാനതലത്തിലും അംഗീകാരമുള്ള രാഷ്ട്രീയപാർടികൾക്കും കേരള നിയമസഭയിൽ പ്രാതിനിധ്യമുള്ള രാഷ്ട്രീയപാർടികൾക്കും കരട് വിജ്ഞാപനത്തിന്റെ മൂന്ന് പകർപ്പുകൾ വീതം സൗജന്യമായി ബന്ധപ്പെട്ട തദ്ദേശസ്ഥാപന സെക്രട്ടറി നൽകും. പകർപ്പ് ആവശ്യമുള്ള മറ്റുള്ളവർക്ക് പേജ് ഒന്നിന് മൂന്ന് രൂപയും ജിഎസ്‌ടിയും ഈടാക്കി നൽകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..