കോട്ടയം > തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടിൽ വീണ് ജീവൻ നഷ്‌ടപ്പെട്ട ജോയിയുടെ വിയോഗവാർത്ത കേരളം കേട്ടിട്ട് ദിവസങ്ങൾ ആയിട്ടില്ല. ഇതിന് പിന്നാലെ കോട്ടയം റെയിൽവേ സ്‌റ്റേഷനിലെയും മാലിന്യ സംസ്‌കരണത്തിനെ കുറിച്ച് ചോദ്യങ്ങൾ ഉയരുകയാണ്. സ്‌റ്റേഷനിലെയും ഇവരുടെ ക്വാർട്ടേഴ്‌സ് ഉൾപ്പെടെയുള്ളവയിൽ നിന്നും പുറന്തള്ളുന്ന മാലിന്യങ്ങൾ മീനച്ചിലാറിനെ ശ്വാസം മുട്ടിക്കുകയാണ്. മനുഷ്യവിസർജ്യം ഉൾപ്പെടെയുള്ളവ ശുചീകരിക്കാൻ പ്ലാന്റ് സ്ഥാപിച്ചിരുന്നുവെങ്കിലും നിലവിൽ ഇവ പണിമുടക്കിയിരിക്കുകയാണെന്ന് സമീപവാസികൾ പറയുന്നു. ദുർഗന്ധം കാരണം പരാതിയുമായി നാട്ടുകാർ പല തവണ റെയിവേയെ സമീപിച്ചെങ്കിലും ശാശ്വത പരിഹാരത്തിന് ഒരു നടപടിയുമെടുത്തില്ല.
‘ശുചിമുറി മാലിന്യങ്ങൾ ശുചീകരിക്കാനുള്ള പ്ലാന്റ് സ്ഥാപിച്ച് അധികം വൈകുന്നതിനു മുമ്പേ പണിമുടക്കി തുടങ്ങിയതാണ്. പരാതികൾ വരുമ്പോൾ താൽക്കാലികമായി പ്രശ്‌നം പരിഹരിക്കുമെങ്കിലും കുറച്ച് ദിവസങ്ങൾക്കകം പ്രവർത്തിക്കാതെയാകും. നിലവിൽ ദുർഗന്ധം കാരണം പ്ലാന്റിന്റെ സമീപത്തേക്ക് അടുക്കാൻ പറ്റാത്ത സാഹചര്യമാണ്’–- പ്രദേശവാസിയായ ബേബി പറഞ്ഞു.
എന്നാൽ, പ്ലാന്റ് പ്രവർത്തിക്കുന്നില്ലെന്നത് അടിസ്ഥാനരഹിതമാണെന്നാണ് റെയിൽവേ അധികൃതരുടെ വിശദീകരണം. ഖരമാലിന്യങ്ങൾ ശേഖരിക്കാൻ സ്വകാര്യ കമ്പനിക്ക് കരാർ നൽകിയിട്ടുണ്ട്. ഇതിനായി 30 ശുചീകരണത്തൊഴിലാളികൾ പ്രവർത്തിക്കുന്നുണ്ടെന്നും സ്‌റ്റേഷൻ മാസ്റ്റർ വിജയകുമാർ പറഞ്ഞു.
ഒഴുകുന്നത് ശുചിമുറി മാലിന്യങ്ങൾ വരെ
റെയിൽവേയുടെ മാലിന്യസംസ്‌കരത്തിനെതിരെ റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ വർഷങ്ങൾക്ക് മുമ്പേ കോടതിയെ സമീപിച്ചിരുന്നു. അനുകൂല നിർദേശങ്ങൾ ഉണ്ടായിട്ടും പരിഹാര നടപടികൾ ഇവരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് പ്രദേശവാസിയും ഹർജിക്കാരനുമായ ഒഴത്തിൽ എബ്രഹാം ഇട്ടൂപ്പ് പറഞ്ഞു. ശബരിമല സീസൺ ഉൾപ്പെടെയുള്ള തിരക്ക് വരുന്ന സമയങ്ങളിൽ ശുചിമുറി മാലിന്യങ്ങൾ ഗുഡ്‌സ്‌ഷെഡ് കനാൽ വഴി ഒഴുക്കി വിടുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ പശ്ചാത്തലത്തിൽ കനാലിലെയും ഇവ ചേരുന്ന ആറ്റിലെയും വെള്ളം പരിശോധന നടത്തിയിരുന്നു. കോളി ഫോമിന്റെയും ഈ–- കോളി യുടെയും സാന്നിധ്യം ഉയർന്ന നിലയിലാണെന്ന് പരിശോധനയിൽ കണ്ടെത്തി. മീനച്ചിലാറ്റിൽ കോളിഫോമിന്റെ സാന്നിധ്യം 1500ഉം ഇ കോളി 1000വുമായിരുന്നു. 100 മില്ലി ലിറ്ററിലെ കണക്കാണിത്. ഗുഡ്‌സ് ഷെഡ് കനാലിൽ ഇത് യഥാക്രമം 3000വും 1500ഉമാണ്.
പ്ലാസ്റ്റിക് കുപ്പികൾ ഇതാ...
ഖരമാലിന്യങ്ങൾ കൃത്യമായി ശേഖരിക്കുന്നുണ്ടെന്ന് റെയിൽവേ പറയുമ്പോഴും തെളിവുകൾ ഈ അവകാശവാദങ്ങൾക്കെതിരാണ്. ട്രെയിനിൽനിന്ന് ഒഴിവാക്കുന്ന പ്ലാസ്റ്റിക് കുപ്പികൾ ഉൾപ്പെടെയുള്ളവ ആറ്റിലേക്കാണ് ഒഴുകിയെത്തുന്നത്. ആറ്റിലേക്ക് എത്താത്ത പ്ലാസ്റ്റിക് കുപ്പികൾ റെയിൽവേ ഗുഡ്‌സ്‌ഷെഡ് കനാലിൽ പലയിടത്തായി കെട്ടിക്കിടക്കുന്നത് സ്ഥിരം കാഴ്ചയാണ്. മഴ വന്നതിന് ശേഷം ഒഴുകി പോയതിന്റെ ബാക്കി മാത്രമാണ് ഇപ്പോഴുള്ളത്.
ഗുഡ്‌ഷെഡ് കനാൽ മീനച്ചിലാറുമായി ചേരുന്ന സ്ഥലം പ്ലാസ്റ്റിക് കുപ്പികൾ ഗുഡ്‌ഷെഡ് കനാലിൽ കെട്ടിക്കിടക്കുന്നു
ചന്ദനത്തിരികളാണ് രക്ഷ...
വേനൽ കടുക്കുമ്പോഴാണ് യഥാർഥ ദുരിതം നാട്ടുകാർ അനുഭവിക്കുന്നത്. മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നതിനാൽ പ്രദേശത്ത് ജോലി ചെയ്യാൻ പോലും പറ്റാത്ത സാഹചര്യമാണ്. ദുർഗന്ധത്തിൽ നിന്നും രക്ഷതേടാൻ ചന്ദനത്തിരികളും മറ്റും ആശ്രയിക്കുകയാണ് പതിവ്. ഇതിനൊപ്പം കൊതുകിന്റെ പ്രധാന ഉറവിടം കൂടിയാണ് ഇവിടം. ഇതിനാൽ വിവിധ അസുഖങ്ങൾക്കും കാരണമാകുന്നുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. കെട്ടിക്കിടന്ന മാലിന്യങ്ങൾ കാലവർഷത്തിൽ കുതിച്ചെത്തിയ വെള്ളത്തിൽ ഒഴുകിപ്പോയതോടെ സമീപവാസികൾക്ക് അൽപം ആശ്വാസം കിട്ടിയെങ്കിലും മീനച്ചിലാറിന് ശ്വാസം മുട്ടുകയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..