തിരുവനന്തപുരം> കേരളത്തെ സമ്പൂർണമാലിന്യമുക്തമാക്കുക എന്ന എൽഡിഎഫ് സർക്കാരിന്റെ സ്വപ്-നത്തിന് കരുത്തായ ഹരിതകർമസേന മാലിന്യം വിറ്റ് നേടിയത് 23.38 കോടി രൂപ. ഈ സാമ്പത്തിക വർഷം ഒക്‌ടോബർ 31 വരെയുള്ള കണക്കനുസരിച്ച് 5.70 കോടി രൂപയാണ് ഹരിത കർമസേനാംഗങ്ങളുടെ അക്കൗണ്ടിലെത്തിയത്. കഴിഞ്ഞ സാമ്പത്തിക വർഷം 9.79 കോടി രൂപയും 2022–-23ൽ 5.08 കോടിയും നേടി. 2021 –- 22 ൽ 2.8 കോടി രൂപയാണ് ലഭിച്ചത്.
മാലിന്യമുക്തം നവകേരളം എന്ന ലക്ഷ്യത്തിലേക്കുള്ള കുതിപ്പിൽ സാധാരണക്കാരായ ഹരിതകർമസേനാംഗങ്ങളുടെ ജീവിതവും കളറാവുകയാണ്. ഹരിതകർമസേന ശേഖരിക്കുന്ന പുനരുപയോഗിക്കാൻ കഴിയുന്ന അജൈവവസ്‌തുക്കൾ ക്ലീൻ കേരള കമ്പനിക്കാണ് നൽകുന്നത്. കമ്പനി ഇവയ്‌ക്ക് മികച്ച വിലയിട്ട് തുക ഹരിതകർമസേനയുടെ കൺസോർഷ്യം വഴി അക്കൗണ്ടിലേക്ക് നൽകും. 2021 ജനുവരി 26 മുതലാണ് തദ്ദേശ സ്ഥാപനങ്ങളുടെ ശുചിത്വപദവി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഹരിതകർമസേന വാതിൽപ്പടി സേവനത്തിലൂടെ ശേഖരിക്കുന്ന പ്ലാസ്റ്റിക് വില നൽകി വാങ്ങാൻ തീരുമാനിച്ചത്.
നിലവിൽ 35,352 ഹരിതകർമസേനാംഗങ്ങളാണുള്ളത്. 742 തദ്ദേശസ്ഥാപനങ്ങളിലാണ് വാതിൽപ്പടി സേവനം നടപ്പാക്കി വരുന്നത്. ഹരിതകർമസേന ശേഖരിക്കുന്ന പുനരുപയോഗിക്കാനാകാത്ത അജൈവ പാഴ്‌വസ്‌തുക്കൾ സംസ്ഥാനത്തിന് പുറത്തുള്ള സിമന്റ് ഫാക്‌ടറികളിലേക്കാണ് നൽകുന്നത്. സംസ്ഥാന സർക്കാർ മാലിന്യമുക്ത നടപടികൾ ശക്തമാക്കിയതോടെ പാഴ്‌വസ്‌തുക്കൾ വലിച്ചെറിയാതെ ഹരിതകർമസേനക്ക് നൽകുന്നവരുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായി.
ഒന്നരവർഷം; നീക്കിയത്
82,619 ടൺ മാലിന്യം
മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിന് ഊർജംപകർന്ന് പാഴ്‌വസ്‌തുശേഖരണത്തിലെ വർധന. 2023 ഏപ്രിൽ മുതൽ കഴിഞ്ഞ ഒക്‌ടോബർ 31 വരെയുള്ള കണക്കനുസരിച്ച് ക്ലീൻ കേരള കമ്പനിയുടെ നേതൃത്വത്തിൽ 82,619 ടൺ പാഴ്‌വസ്‌തുക്കളാണ് നീക്കിയത്. ഈ സാമ്പത്തിക വർഷം ഒക്‌ടോബർ വരെ 35,070 ടൺ മാലിന്യം ശേഖരിക്കാനായി. സാമ്പത്തിക വർഷം പൂർത്തിയാകുമ്പോൾ 60,120 ടൺ മാലിന്യം നീക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് ക്ലീൻ കേരള കമ്പനി മാനേജിങ് ഡയറക്ടർ ജി കെ സുരേഷ്‌കുമാർ പറഞ്ഞു.
മാലിന്യ ശേഖരണം പ്രതിമാസം ശരാശി 5,000 ടൺ ആയി വർധിച്ചു. കഴിഞ്ഞ സാമ്പത്തികവർഷം 3,500 ടൺ ആയിരുന്നു ഒരുമാസം ശേഖരിച്ച ശരാശരി മാലിന്യത്തിന്റെ അളവ്.
പുനരുപയോഗിക്കാൻ കഴിയാത്ത മാലിന്യങ്ങളുടെ ശേഖരണം കൂടുതൽ ഊർജിതമാക്കി. ഇത്തരത്തിലുള്ള നിഷ്‌ക്രിയ മാലിന്യം എംസിഎഫുകളിൽ നിന്ന് യഥാസമയം നീക്കുന്നതിന് കമ്പനി സൗകര്യം ഒരുക്കിയതോടെ ശേഖരിച്ച മാലിന്യം കെട്ടിക്കിടക്കുന്നു എന്ന പരാതിക്ക് പരിഹാരമായി. കോഴിക്കോട്, മലപ്പുറം, പാലക്കാട്, പത്തനംതിട്ട ജില്ലകളിൽ എംസിഎഫുകളിലെ മാലിന്യം മുഴുവൻ നീക്കി. മറ്റ് ജില്ലകളിലും ഇതിനുള്ള നടപടി പൂർത്തിയാകുന്നു. നിഷ്‌ക്രിയ മാലിന്യം കൈമാറുന്നതിന് കൂടുതൽ ഫാക്‌ടറികളുമായി കരാറിലെത്തിയത് പാഴ്‌വസ്‌തു ശേഖരണം വേഗത്തിലാക്കാൻ സഹായിച്ചു. നിലവിൽ 10 സിമന്റ് ഫാക്‌ടറികളുമായാണ് ക്ലീൻ കേരള കമ്പനിക്ക് കരാറുള്ളത്.
പുനരുപയോഗിക്കാൻ കഴിയാത്ത മാലിന്യം സംസ്‌കരിക്കുന്നതിന് സംസ്ഥാനത്തുതന്നെ സംവിധാനമുണ്ടാക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. തരംതിരിക്കാൻ കഴിയാത്ത മാലിന്യം കത്തിച്ച് ഇന്ധനമാക്കുന്നതിന് ആലപ്പുഴ, പാലക്കാട്, കാസർകോട് ജില്ലകളിൽ റെഫ്യൂസ് ഡിറൈവ്ഡ് ഫ്യുവൽ (ആർഡിഎഫ്) പ്ലാന്റുകൾ ആരംഭിക്കാനാണ് പദ്ധതി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..