കൊച്ചി > മാലിന്യക്കൂമ്പാരങ്ങളെ ക്രിയാത്മകമായ സംസ്‌കരണമാതൃകകളിലൂടെ കീഴടക്കിവരികയാണ് കൊച്ചി. എന്നാൽ, നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ ഉപയോഗം മെട്രോ നഗരത്തിന് വെല്ലുവിളിയാകുന്നുണ്ട്. നഗരത്തിലുള്ള വ്യാപാരസ്ഥാപനങ്ങളിൽ ചിലയിടങ്ങളില്‍ ഇപ്പോഴും ഉപയോഗിക്കുന്നത് നിരോധിച്ച പ്ലാസ്റ്റിക് ക്യാരിബാഗുകളും ഉൽപ്പന്നങ്ങളുമാണ്. വഴിയോരക്കച്ചവടക്കാർക്കിടയിലും ഇവയുടെ ഉപയോഗം കൂടുതലാണ്. പഴങ്ങളും പച്ചക്കറികളും വിൽക്കുന്ന കടകളിൽ പലയിടത്തും സാധനങ്ങൾ നൽകുന്നത് 50 മൈക്രോണിൽ താഴെയുള്ള കവറുകളിലാണ്. 75 മൈക്രോണിൽ താഴെയുള്ളതും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുമാണ് നിരോധിച്ചിട്ടുള്ളത്.
ഇവയുടെ ഉപയോഗത്തിനെതിരെ സർക്കാർ കർശന നടപടിക്ക് നിർദേശിച്ചതോടെ വരുംദിവസങ്ങളിൽ പരിശോധന ഊർജിതമാക്കുമെന്ന് കോർപറേഷൻ ആരോഗ്യവിഭാഗം അധികൃതർ പറഞ്ഞു. സംസ്ഥാനത്തിന് പുറത്തുനിന്ന് ഇത്തരം പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ചിലർ നഗരത്തിലേക്ക് കടത്തുന്നതായും വിവരമുണ്ട്. ഇത് നിയന്ത്രിക്കാനുള്ള നടപടികളുമുണ്ടാകും. നിലവിൽ 74 ഡിവിഷനുകളിലായി 21 ഹെൽത്ത് സർക്കിളുകളാണുള്ളത്. ഇവിടെനിന്നുള്ള സ്‌ക്വാഡുകളാണ് പരിശോധന നടത്തുന്നത്.
നഗരത്തിലെ കനാലിൽ പ്ലാസ്റ്റിക് കവറടക്കം വലിച്ചെറിഞ്ഞ നിലയിൽ
പ്ലാസ്റ്റിക് മാലിന്യം ഉൾപ്പെടെ ദിവസവും ഏകദേശം 50 ടൺ അജൈവമാലിന്യമാണ് കൊച്ചി കോർപറേഷൻ പരിധിയിൽ ഹരിതകർമസേനയുടെ നേതൃത്വത്തിൽ ശേഖരിക്കുന്നത്. നിലവിൽ കോർപറേഷൻ പരിധിയിലെ 1,67,000 വരുന്ന വീടുകളിൽ 1,54,000 വീടുകൾ ഹരിതകർമസേനയുടെ മാലിന്യശേഖരണവുമായി സഹകരിക്കുന്നു. 26,500ഓളമുള്ള വ്യാപാരസ്ഥാപനങ്ങളിൽ സ്വന്തം നിലയിൽ അജൈവമാലിന്യം സംസ്‌കരിക്കാൻ കഴിയുന്നവരൊഴികെ 15,000 സ്ഥാപനങ്ങളും ഹരിതകർമസേനയ്‌ക്കാണ് കൈമാറുന്നത്. ശുചിത്വ മിഷന്റെ വിവിധ ഏജൻസികളെയും വ്യാപാരസ്ഥാപനങ്ങൾ ആശ്രയിക്കുന്നുണ്ട്.
ചെറിയ ശതമാനം ഇപ്പോഴും ഇത്തരം മാലിന്യസംസ്‌കരണസംവിധാനങ്ങളോട് മുഖംതിരിക്കുന്നു. ഇത് അവസാനിപ്പിച്ചാൽമാത്രമേ പൂർണമായും മാലിന്യസംസ്‌കരണം നടപ്പാക്കാനാകൂ. ഹരിതകർമസേന ശേഖരിക്കുന്ന മാലിന്യം തരംതിരിച്ച് ഗ്രീൻവേംസ്, ഡബ്ല്യു കേരള എന്നീ കമ്പനികൾക്കാണ് കൈമാറുന്നത്. 797 പേരടങ്ങുന്നതാണ് നിലവിൽ കൊച്ചി കോർപറേഷനിലെ ഹരിതകർമസേന. ഇത് 200 വീടിന് ഒരാളെന്ന നിലയിലേക്ക് കൊണ്ടുവരാനുള്ള പ്രവർത്തനങ്ങൾ കോർപറേഷൻ ആലോചിക്കുന്നുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..