23 December Monday

ഉറച്ചുപോയ മാലിന്യം കടുപ്പമുള്ള വാശിയും ; മാലിന്യത്തിന്റെ സെൻട്രൽ

വേണു കെ ആലത്തൂർ, മുഹമ്മദ് 
ഹാഷിം, ഒ വി സുരേഷ് , കെ പ്രഭാത്Updated: Sunday Jul 28, 2024

തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ കൂട്ടിയിട്ടിരിക്കുന്ന മാലിന്യം

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷന് സമീപത്തെ മേൽപ്പാലത്തിൽനിന്ന്‌ താഴേക്കു നോക്കിയാൽ പഴയ ക്വാർട്ടേഴ്‌സിന്റെ ഓർമയായി കെട്ടിടങ്ങൾ കാണാം. വാതിലുകൾ തകർന്ന്‌, പൊളിഞ്ഞുവീഴാൻ പാകത്തിൽനിൽക്കുന്ന കെട്ടിടത്തിന്റെ മുറികളിലും പരിസരത്തും കറുത്ത പ്ലാസ്റ്റിക്‌ സഞ്ചികളുടെ കെട്ടുകളാണ്‌. ഇവിടെ ഓട്ടം നിർത്തുന്ന ട്രെയിനുകളിലെ മാലിന്യങ്ങളാണ്‌ ഇതിൽ. കരാറെടുത്ത ഏജൻസി നിശ്ചയിച്ച തൊഴിലാളികളാണ്‌ മാലിന്യം സഞ്ചിയിലാക്കി തള്ളുന്നത്‌.  ആമയിഴഞ്ചാൻ തോട്ടിലെ അപകടത്തിന്റെ പശ്ചാത്തലത്തിൽ  അമിക്കസ്‌ ക്യൂറി വരും എന്നതിനാൽ സ്റ്റേഷനും  പരിസരവും അൽപം വെടിപ്പാക്കി. ബ്ലീച്ചിങ്‌ പൗഡർ വിതറി. പാലക്കാട്‌ റെയിൽവേ ജങ്‌ഷനിലും അനക്കമുണ്ടായി. പാലക്കാട്‌ നഗരസഭയുമായി കരാർ ഉണ്ടാക്കി. ഹരിത കർമസേനയാണ്‌ ഇവിടത്തെ മാലിന്യം എടുത്ത്‌ കൊടുമ്പ്‌ ട്രഞ്ചിങ്‌ ഗ്രൗണ്ടിലെത്തിക്കുന്നത്‌.

മാലിന്യത്തിന്റെ സെൻട്രൽ
‘പതിനെട്ടുവർഷം മുമ്പാണ്‌; തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷന്റെ ട്രാക്കുകൾക്കടിയിലൂടെ കടന്നുപോകുന്ന ആമയിഴഞ്ചാൻ തോട്ടിൽ കെട്ടിക്കിടക്കുന്ന മാലിന്യം നഗരത്തിനു പ്രയാസമുണ്ടാക്കുന്നത്‌ കോർപറേഷൻ യോഗത്തിൽ നിരന്തരം ചർച്ച. മഴയൊന്നു ചെറുതായി പെയ്‌താൽ തമ്പാനൂർ വെള്ളക്കെട്ടാകും. ഇതിന് പരിഹാരം കാണാൻ കോർപറേഷൻ ശ്രമം തുടങ്ങി’–- അന്നത്തെ മേയർ സി ജയൻ ബാബു പറഞ്ഞു തുടങ്ങുന്നത്‌ കോർപറേഷന്റെ മാലിന്യനീക്ക ശ്രമങ്ങളെ റെയിൽവേ എങ്ങനെ തകർത്തു എന്നതിനെക്കുറിച്ചാണ്‌.

ആമയിഴഞ്ചാൻതോട്‌ കോർപറേഷന്റേതല്ല; ജലസേചന വകുപ്പിന്റെ കീഴിലാണ്‌.  തോട്ടിലെ റെയിൽവേയുടെ അധീനതയിലുള്ള ഭാഗത്തെ ടണൽ വീതികൂട്ടിയാലേ മാലിന്യം കെട്ടിക്കിടക്കുന്നത്‌ ഒഴിവാക്കാനാകൂ. വർഷങ്ങളായി കെട്ടിക്കിടന്ന്‌ ഉറച്ചുപോയതാണ്‌ ഈ ഭാഗത്തെ മാലിന്യങ്ങൾ.  2006ൽ കോർപറേഷനും റെയിൽവേ എൻജിനിയറിങ്‌ വിഭാഗം ഉദ്യോഗസ്ഥരും ചർച്ച നടത്തി. നഗരവികസനത്തിനായുള്ള ജവഹർലാൽ നെഹ്‌റു നാഷണൽ അർബൻ റിന്യൂവൽ മിഷന്റെ (ജെൻറം) സഹായത്തോടെ പദ്ധതി നടപ്പാക്കാനായിരുന്നു കോർപറേഷൻ തീരുമാനം. 12 കോടി ചെലവു വരുന്ന പദ്ധതി തയ്യാറാക്കി. ട്രാക്കിനടിയിലാണ്‌ നിർമാണമെന്നതിനാൽ റെയിൽവേ അനുമതി അനിവാര്യമായിരുന്നു. എന്നാൽ നിർമാണമോ നവീകരണമോ വേണ്ടെന്നായിരുന്നു റെയിൽവേ നിലപാട്‌. തങ്ങളുടെ ചുമതലയല്ലാതിരുന്നിട്ടും ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യവും ചെളിയും നീക്കാൻ എത്തിയ കോർപറേഷന്റെ ശുചീകരണത്തൊഴിലാളികളെ  2018ൽ റെയിൽവേ വിരട്ടിയോടിച്ചതിനെക്കുറിച്ച്‌ മുൻ മേയർ വി കെ പ്രശാന്തിനും പറയാനുണ്ട്‌.

റെയിൽവേയുടെ അധീനതയിലുള്ള സ്ഥലത്തു കടന്നുകയറിയാൽ കോർപറേഷനെതിരെ കേസ്‌ കൊടുക്കുമെന്നായിരുന്നു ഭീഷണി. പിന്നീട് റെയിൽവേയുമായി നടത്തിയ ചർച്ചയിൽ ഈ ഭാ​ഗം വൃത്തിയാക്കാൻ കോർപറേഷനെ അനുവദിച്ചു. എന്നാൽ ടണലിന് ഉള്ളിൽ കയറാൻ അനുവദിച്ചുമില്ല. കോടതിയും ജനാധിപത്യ സംവിധാനങ്ങളും റെയിൽവേയ്‌ക്ക്‌ ബാധകമല്ല. ആരും ചോദിക്കാൻ പാടില്ല. സ്വന്തം ഉത്തരവാദിത്തംമറന്ന്‌ ലാഭത്തിൽ മാത്രം കണ്ണുനട്ടിരിക്കുന്ന റെയിൽവേ ഇനിയെങ്കിലും മാലിന്യനീക്കത്തിന്‌ നടപടി സ്വീകരിച്ചില്ലെങ്കിൽ പാളങ്ങൾ മാലിന്യപ്പാളങ്ങളായി തന്നെ തുടരും.

(അവസാനിച്ചു)


തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിക്കണം
മാലിന്യ സംഭരണത്തിന്റെയും സംസ്‌കരണത്തിന്റെയും മുഴുവൻ ചുമതലയും കരാർ തൊഴിലാളികളുടെ ചുമലിലിടുന്ന പ്രവണത അവസാനിപ്പിക്കണം. തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച്‌ മാലിന്യ സംസ്‌കരണത്തിന്‌ സംവിധാനമുണ്ടാകണം.
ആർ ജി പിള്ള, പ്രസിഡന്റ്‌ (റെയിൽവേ കോൺട്രാക്ട്‌ കാറ്ററിങ്‌ ആൻഡ്‌ ജനറൽ വർക്കേഴ്‌സ്‌ യൂണിയൻ)

മനുഷ്യത്വഹീനം
റെയിൽവേ പ്ലാറ്റ്ഫോമിൽനിന്നും ട്രെയിനിൽനിന്നും മറ്റും ശേഖരിക്കുന്ന ജൈവ –-അജൈവ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കണം. റെയിൽവേയുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിൽ കൊണ്ടുപോയി തള്ളുന്നത്‌ അവസാനിപ്പിക്കണം
ടി കെ അച്യുതൻ
(ജനറൽ സെക്രട്ടറി, റെയിൽവേ കോൺട്രാക്ട്‌ കാറ്ററിങ്‌ ആൻഡ്‌ ജനറൽ വർക്കേഴ്‌സ്‌ യൂണിയൻ)
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top