തിരുവനന്തപുരം
ഇനി പ്ലാസ്റ്റിക് വലിച്ചെറിഞ്ഞാൽ കുട്ടികൾ നമ്മളെ തിരുത്തും. വലിച്ചെറിയരുതെന്ന് ഉപദേശിക്കും. അതിന്റെ ദൂഷ്യവശങ്ങൾ പറഞ്ഞുതരികയും ഹരിതകർമ സേനക്ക് കൈമാറണമെന്ന് ആവശ്യപ്പെടുകയും ചെയ്യും. ആശ്‌ചര്യപ്പെടേണ്ട, എസ്‌സിഇആർടിയുടെ പരിഷ്‌കരിച്ച പാഠപുസ്‌തകങ്ങളിൽ പരിസരശുചിത്വം പഠിപ്പിക്കുന്നു. ഒമ്പതാം ക്ലാസ്സിലെ ജീവശാസ്ത്രം, ഏഴിലെ ഹിന്ദി, അഞ്ചിലെ അടിസ്ഥാന ശാസ്ത്രം, മൂന്നിലെ മലയാളം, പരിസര പഠനം എന്നീ പുസ്തകങ്ങളിലാണ് മാലിന്യ സംസ്കരണത്തെക്കുറിച്ചും ശുചിത്വ ബോധത്തെക്കുറിച്ചും അധ്യായങ്ങളുള്ളത്.
‘എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം' എന്ന മുദ്രാവാക്യത്തിലാണ് അഞ്ചാം ക്ലാസിലെ "ശീലിക്കാം പരിപാലിക്കാം' എന്ന അധ്യായം അവസാനിക്കുന്നത്. ഏഴാം ക്ലാസിൽ എത്തുമ്പോൾ 'പാഴ് വസ്തുപരിപാലനം പാഴാക്കാതെ വിഭവമാക്കാം' എന്ന അധ്യായം ‘തുടക്കം എത്ര ചെറുതും ആയിക്കോട്ടേ നല്ലൊരു നാളെയിലേക്ക് ഈ ലോകത്തെ മാറ്റാനുള്ള പ്രവർത്തനങ്ങൾ നമ്മളിൽ നിന്നും തുടങ്ങാം' എന്ന നെൽസൺ മണ്ടേലയുടെ ഉദ്ധരണിയോടെയാണ് ആരംഭിക്കുന്നത്. ജൈവാവശിഷ്ടങ്ങിൽനിന്ന് എങ്ങനെ വളം ഉണ്ടാക്കാം എന്ന് വിദ്യാർഥികളെ പരിചയപ്പെടുത്തുന്നുമുണ്ട്. ഒമ്പതാം ക്ലാസിലെ പ്രവർത്തനപുസ്തകത്തിൽ പാരിസ്ഥിതിക സുസ്ഥിതി എന്ന ആശയമാണ് പഠിപ്പിക്കുന്നത്. ഈ ക്ലാസിലേക്ക് തൊഴിൽ ഉദ്ഗ്രഥിത വിദ്യാഭ്യാസത്തിന്റെ ഭാഗമായി ‘മാലിന്യ പരിപാലന പാഠ്യപദ്ധതി’ -എന്ന പ്രത്യേക പ്രവർത്തന പുസ്തകവും തയ്യാറാക്കുന്നുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..