തിരുവനന്തപുരം
തദ്ദേശ സ്ഥാപനങ്ങളിലെ ഖരമാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും വിലയിരുത്തുന്നതിനുമായി ശുചിത്വ മിഷന്റെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ച ഹരിത മിത്രം സ്‌മാർട്ട് ഗാർബേജ് മാനേജ്മെന്റ് സിസ്റ്റം ആപ്ലിക്കേഷന് വൻ സ്വീകാര്യത. ഇതുവരെ 92,53,896 പേർ ആപ് ഡൗൺലോഡ് ചെയ്‌തു. 81,17,810 പേർ സബ്സ്ക്രിപ്ഷൻ എടുത്തു.
മാലിന്യസംസ്‌കരണ മേഖലയിലെ ഓരോ പ്രവർത്തനവും അതാത് സമയങ്ങളിൽ ഡിജിറ്റൽ സംവിധാനത്തിലൂടെ സംസ്ഥാനതലം മുതൽ തദ്ദേശ സ്ഥാപന വാർഡ് തലം വരെ നിരീക്ഷിച്ച് അവലോകനം നടത്തുന്നതിനാകും. കെൽട്രോണിന്റെ സാങ്കേതിക സഹായത്തോടെ ശുചിത്വ മിഷൻ, കുടുംബശ്രീ, ഐകെഎം എന്നിവരുടെ സഹകരണത്തോടെയാണ് ആപ് പ്രവർത്തിക്കുന്നത്.
ഖരമാലിന്യങ്ങളുടെ വാതിൽപ്പടി ശേഖരണം, നീക്കം, സംസ്കരണം എന്നീ പ്രവർത്തനങ്ങളുടെ ശാസ്ത്രീയമായ നിരീക്ഷണമാണ് ആപ്പിലൂടെ നടപ്പാക്കുന്നത്. ഹരിത കർമ സേനയുടെ യൂസർ ഫീ ശേഖരണം, കലണ്ടർ പ്രകാരമുള്ള പാഴ് വസ്തു ശേഖരണം തുടങ്ങിയ വിവരങ്ങളും അറിയാൻ സാധിക്കും. വാതിൽപ്പടി മാലിന്യ ശേഖരണം ആവശ്യമുള്ള ഉപയോക്താക്കളെ തിരിച്ചറിയുന്നതിനും ഹരിത കർമ സേനയ്‌ക്ക് യൂസർ ഫീ നൽകാത്ത വീടുകളെയും സ്ഥാപനങ്ങളെയും തിരിച്ചറിയാനും ആപ്പിലുടെ കഴിയും. യൂസർ ഫീസുകൾ അടയ്ക്കുന്നതിനുള്ള സംവിധാനവുമുണ്ട്.
ഇതിനു പുറമേ, സംസ്ഥാനതലത്തിൽ ഒരു കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്. 8590205567 എന്ന നമ്പറിൽ കൺട്രോൾ റൂമിൽ പരാതിപ്പെടാം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..