19 December Thursday

മുന്നേറുന്നു മാലിന്യമുക്ത കേരളത്തിലേക്ക്‌ ; ആക്ഷൻ പ്ലാനുമായി സർക്കാർ

സ്വന്തം ലേഖകൻUpdated: Monday Jul 15, 2024



തിരുവനന്തപുരം
മാലിന്യമുക്ത കേരളമെന്ന സ്വപ്‌നത്തിലേക്ക്‌ സംസ്ഥാനം നടന്നടുക്കുകയാണ്‌. വാതിൽപ്പടി മാലിന്യ ശേഖരണവും ക്യാമറ നിരീക്ഷണവുമെല്ലാം വർധിപ്പിച്ചതോടെ പദ്ധതിക്ക്‌ വേഗംകൂടി. 1047 ക്യാമറകളാണ്‌ സ്ഥാപിച്ചത്‌. വാതിൽപ്പടി മാലിന്യശേഖരണം 47 ശതമാനത്തിൽ നിന്ന്‌ 87.64 ശതമാനമായി വർധിച്ചു. യൂസർഫീസ്‌ വർധനവ്‌ 34.9 ശതമാനത്തിൽ നിന്ന്‌ 66.85 ശതമാനമായി. മിനി എംസിഎഫുകളുടെ എണ്ണം 7446ൽ നിന്ന്‌ 18205 ആയി. 87 എണ്ണമുണ്ടായിരുന്ന ആർആർഎഫുകൾ ഇപ്പോൾ 163 ആണ്‌. 36395 ഹരിതകർമ സേനാംഗങ്ങളാണ്‌ മാലിന്യം നീക്കുന്നത്‌. പരിശോധനകളിലും നിയമലംഘന പിഴയീടാക്കുന്നതിലും വർധനവുണ്ടായി. ബ്രഹ്മപുരത്തിന്‌ മുമ്പ്‌ 2.9 ലക്ഷമായിരുന്നു പിഴയീടാക്കിയിരുന്നത്‌. ഈ വർഷം നാലരക്കോടിയായി. മാലിന്യമുക്ത കേരളപദ്ധതികൾ സമയബന്ധിതമായി ചെയ്‌തുതീർക്കുമെന്ന്‌ മന്ത്രി എം ബി രാജേഷ്‌ പറഞ്ഞു.

ആറ്‌ മാസം, 11 ലക്ഷ്യം
സമ്പൂർണ മാലിന്യമുക്ത കേരളമെന്ന ലക്ഷ്യം കൈവരിക്കാൻ ആക്ഷൻ പ്ലാനുമായി സർക്കാർ. കൈവരിക്കേണ്ട ലക്ഷ്യങ്ങൾക്ക്‌ സമയക്രമം നിശ്ചയിച്ചുള്ള ആക്ഷൻ പ്ലാനാണ്‌ തദ്ദേശസ്ഥാപനങ്ങൾ തയ്യാറാക്കുക. വാതിൽപ്പടി ശേഖരണം ഡിസംബറിനുള്ളിൽ 100 ശതമാനമാക്കും.  100 ശതമാനം ശേഖരണത്തിന്‌ ആനുപാതികമായ മിനി എംസിഎഫ്‌, എംസിഎഫ്‌ സംവിധാനങ്ങളും ഡിസംബറിനകം പൂർത്തിയാക്കും. ഒക്ടോബർ 30നകം ഹരിതകർമസേനയുടെ ശാക്തീകരണം, പരിശീലനം, ബ്രാൻഡിങ്‌ എന്നിവ പൂർത്തിയാക്കും. ജനസംഖ്യാ ആനുപാതികമായി ഓരോ തദ്ദേശ സ്ഥാപനത്തിലും തെരുവുകളിലും സ്ഥാപനങ്ങളിലും 100 ശതമാനം മാലിന്യസംഭരണികൾ സ്ഥാപിക്കും. ഇത്‌ നവംബർ 30നകം പൂർത്തിയാക്കും.

മാലിന്യം കുന്നുകൂടിക്കിടക്കുന്നത്‌ ജനുവരി 30നകം പൂർണമായി നീക്കും. പ്രധാന കേന്ദ്രങ്ങളിലെല്ലാം അതിനകം ക്യാമറ നിരീക്ഷണം ഉറപ്പാക്കും. ഫെബ്രുവരി 28നുമുമ്പായി ടൂറിസം കേന്ദ്രങ്ങൾ ശുചിത്വ ലക്ഷ്യങ്ങൾ കൈവരിക്കും. സർക്കാർ സ്ഥാപനങ്ങളിലും പൊതുസ്ഥാപനങ്ങളിലും ഡിസംബർ 30നിടെ സമ്പൂർണ ശുചിത്വം ഉറപ്പാക്കും.

സാനിറ്ററി മാലിന്യ സംസ്കരണ സംവിധാനം മാർച്ച്‌ 30നകം എല്ലാ ജില്ലകളിലും ക്രമീകരിക്കും. സീവേജ്‌ ട്രീറ്റ്‌മെന്റ്‌ പ്ലാന്റുകൾ മാർച്ച്‌ 30നുള്ളിൽ ജില്ലകളിൽ ഒന്നെങ്കിലും നിർമാണം ആരംഭിക്കാനും സർക്കാർ ലക്ഷ്യമിടുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top