03 November Sunday

റോ‍ഡിലെ മാലിന്യം പഞ്ചായത്ത് ഓഫീസില്‍ തള്ളി; ഒരാള്‍ക്കെതിരെ കേസ്

വെബ് ഡെസ്‌ക്‌Updated: Sunday Aug 18, 2024

പെരുമ്പാവൂർ
റോഡിൽനിന്ന്‌ മാലിന്യം നീക്കാത്തതിനെതിരെ വെങ്ങോല പഞ്ചായത്തിലെ ഉദ്യോഗസ്ഥരുടെ മുറിയിൽ മാലിന്യം തള്ളി പ്രതിഷേധം. മഴയിൽ നനഞ്ഞ് റോഡിൽ കിടന്ന ഒരു ചാക്ക് മാലിന്യമാണ് ആരോഗ്യവിഭാഗം ഉദ്യോ​ഗസ്ഥരുടെ മുറിയില്‍ തള്ളിയത്. മാലിന്യം തള്ളിയതിന് വെങ്ങോല കൂളിയാടൻവീട്ടിൽ അനൂപിനെതിരെ കേസെടുത്തു. ശനി രാവിലെ കർഷകദിനാഘോഷം എൽദോസ് കുന്നപ്പിള്ളി എംഎൽഎ ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് അനൂപ് പിക്കപ് വാനിലെത്തിച്ച ദുർഗന്ധംവമിക്കുന്ന മാലിന്യച്ചാക്ക് പഞ്ചായത്തിനുള്ളില്‍ തള്ളിയത്. കോട്ടയം ജില്ലയിലെ കടനാട് പഞ്ചായത്തിൽ ഹരിതകർമസേനയ്ക്ക് കൈമാറിയ ചാക്കാണ് വെങ്ങോല പഞ്ചായത്തിൽ തള്ളിയതെന്ന് സെക്രട്ടറി മുഹമ്മദ് ഹാഷിം പറഞ്ഞു.


പുറമെനിന്ന്‌  കരാർ എടുക്കുന്നവർ രാത്രികാലങ്ങളിൽ റോ‍ഡില്‍ മാലിന്യങ്ങൾ തള്ളാറുണ്ടെങ്കിലും പഞ്ചായത്ത് നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആരോപണം. മാലിന്യത്തിന്റെ ദുർഗന്ധംമൂലം പഞ്ചായത്ത് ഓഫീസിന്റെ പ്രവർത്തനം മുടങ്ങി. പെരുമ്പാവൂർ പൊലീസ് സ്ഥലത്തെത്തി. പഞ്ചായത്തിൽ മാലിന്യം തള്ളുന്നവർക്കെതിരെ നടപടി സ്വീകരിക്കാത്തത് കോൺഗ്രസ് പ്രവർത്തകരിൽ ചിലർ മാലിന്യനീക്കത്തി​ന്റെ കരാറുകാരായതുകൊണ്ടാണെന്ന് എൽഡിഎഫ് ആരോപിച്ചു. രായമംഗലം, വേങ്ങൂർ പഞ്ചായത്തുകളിൽ മാലിന്യം തള്ളിയവരെ പിടികൂടി പിഴ ഈടാക്കിയിട്ടുണ്ടെങ്കിലും വെങ്ങോലയിൽ നടപടി സ്വീകരിക്കുന്നില്ലന്നാണ് ആക്ഷേപം ഉയരുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top