17 September Tuesday

വാട്ടർ അതോറിറ്റി ഉപഭോക്താക്കളെ ‘വെള്ളം കുടിപ്പിക്കാൻ’ തട്ടിപ്പുകാർ

ശ്രീരാജ്‌ ഓണക്കൂർUpdated: Thursday Sep 5, 2024


കൊച്ചി
‘നിങ്ങൾ ഗൂഗിൾ പേവഴി അടച്ച വാട്ടർ അതോറിറ്റി ബിൽ തുക ലഭിച്ചിട്ടില്ല. പണം അടച്ചില്ലെങ്കിൽ ഉടൻ കണക്‌ഷൻ വിച്ഛേദിക്കും’ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥന്റെ പേരിൽ വൈക്കം സ്വദേശിക്ക്‌ ലഭിച്ച ഫോൺസന്ദേശം ഇങ്ങനെ. ബിൽ നമ്പരും ഉപഭോക്താവിന്റെ പേരും അടങ്ങിയ സ്‌ക്രീൻഷോട്ട്‌ വാട്‌സാപ്പിൽ ലഭിച്ചശേഷമായിരുന്നു സന്ദേശം.

വാട്‌സാപ് കോളിലെ സംസാരം ഹിന്ദിയിലും ഇംഗ്ലീഷിലും. വാട്‌സാപ്പിൽ വന്നിട്ടുള്ള ലിങ്കിൽ ക്ലിക്ക്‌ ചെയ്‌ത്‌ പണമടയ്‌ക്കാൻ ആവശ്യപ്പെട്ടു. എന്നാൽ, കോൾ കട്ട്‌ ചെയ്യാതെ അടയ്‌ക്കാനാകില്ലെന്ന്‌ വൈക്കം സ്വദേശി പറഞ്ഞു. ഉടൻ കട്ടായി. തുടർന്ന്‌ മറ്റൊരു മൊബൈൽ നമ്പറിൽനിന്ന്‌ ഇംഗ്ലീഷിലും ഹിന്ദിയിലും കോളെത്തി. പണം ഉടൻ അടച്ചില്ലെങ്കിൽ കണക്‌ഷൻ വിച്ഛേദിക്കുമെന്ന ഭീഷണി തുടർന്നു. എവിടെനിന്നാണ്‌ വിളിക്കുന്നതെന്ന്‌ ചോദിച്ചപ്പോൾ തിരുവനന്തപുരം കവടിയാറിലെ ഓഫീസിൽനിന്നെന്ന്‌ മറുപടി. വൈക്കത്തെ വാട്ടർ അതോറിറ്റി ഓഫീസിലാണ്‌ പണം അടയ്‌ക്കാറുള്ളതെന്ന്‌ അറിയിച്ചതോടെ ‘വ്യാജ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥൻ’ ഫോൺവിളി അവസാനിപ്പിച്ച്‌ തടിതപ്പി.

തട്ടിപ്പിൽ വീഴുന്നവർക്ക്‌ പണം അടയ്‌ക്കാനുള്ള ലിങ്ക്‌ അയച്ചുകൊടുക്കുകയാണ്‌ പതിവ്‌. പലരും ലിങ്കിൽ പ്രവേശിച്ച്‌ പണം അയക്കും. ഇതോടെ തട്ടിപ്പുകാരൻ അതുമായി മുങ്ങും. വാട്ടർ അതോറിറ്റിയുടെ വെബ്‌സൈറ്റിൽ കയറി ഏത്‌ മൊബൈൽ നമ്പർ നൽകിയാലും ബിൽ വിവരങ്ങൾ ലഭിക്കും. പലരുടെയും ഫോൺ നമ്പർ സംഘടിപ്പിച്ച്‌ വെബ്‌സൈറ്റിൽ കയറിയാണ്‌ ബിൽ വിവരങ്ങളുടെ സ്‌ക്രീൻഷോട്ട്‌ എടുക്കുന്നത്‌.

തട്ടിപ്പിൽ വീഴാതിരിക്കുക
ഓൺലൈനായി ബിൽ അടയ്‌ക്കുന്നവർക്ക്‌ ഉടൻ വാട്ടർ അതോറിറ്റിയിൽനിന്നുള്ള രസീത്‌ ലഭിക്കും. സാങ്കേതികത്തകരാറുമൂലം, പണം അടച്ചതായി കാണിക്കുന്നില്ലെങ്കിൽ ഓഫീസിൽ നേരിട്ട്‌ വിളിച്ച്‌ അന്വേഷിക്കണം. അജ്ഞാതർ അയക്കുന്ന ലിങ്കുകളിലേക്ക്‌ ഒരിക്കലും പണം അയക്കരുതെന്നും കേരള വാട്ടർ അതോറിറ്റി മുന്നറിയിപ്പ്‌ നൽകുന്നു.

വൈക്കം സ്വദേശിക്ക്‌ വാട്‌സാപ്പിൽ 
ലഭിച്ച ബിൽ വിവരങ്ങൾ

വൈക്കം സ്വദേശിക്ക്‌ വാട്‌സാപ്പിൽ 
ലഭിച്ച ബിൽ വിവരങ്ങൾ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top