22 December Sunday

തേറാട്ടിക്കുന്നിലെ നെൽക്കൃഷി 
വെള്ളംകയറി നശിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Sunday Oct 6, 2024

നെടുമ്പാശേരി
ചെങ്ങമനാട് പഞ്ചായത്തിലെ ഒന്നാംവാർഡിലെ തേറാട്ടിക്കുന്ന് പാടശേഖരത്തിലെ നെൽക്കൃഷി കനത്ത മഴയിൽ വെള്ളം കയറി നശിക്കുന്നു. കഴിഞ്ഞവർഷം നെൽക്കൃഷിക്കാവശ്യമായ വെള്ളം ലഭിക്കാത്തതിനാൽ കൃഷി ചെയ്തില്ല. ഇത്തവണ വളരെ പ്രതീക്ഷയോടെ രണ്ടേകാൽ ഏക്കറോളം ഭാഗത്ത് തുടങ്ങിയ നെൽക്കൃഷിയാണ് തുടക്കത്തിൽത്തന്നെ കർഷകർക്ക് വിനയായത്.

25,000 രൂപയോളം ചെലവിലാണ് വയൽ ഉഴുതുമറിച്ച് കൃഷിയോഗ്യമാക്കിയത്. ചെങ്ങമനാട് പഞ്ചായത്തിന്റെയും കൃഷിഭവന്റെയും കീഴിൽ ചെങ്ങമനാട് സഹകരണ ബാങ്കിന്റെ സഹായത്തോടെയാണ് തേറാട്ടിക്കുന്ന് പാടശേഖരത്തിൽ കാലങ്ങളായി കൃഷിചെയ്തുവരുന്നത്. കൃഷിഭവന്റെ ഇടപെടൽമൂലം തേറാട്ടിക്കുന്ന് ലിഫ്റ്റ് ഇറിഗേഷൻ വൈദ്യുതിചാർജ് സൗജന്യമാക്കി നൽകിയിട്ടുമുണ്ട്. പരമ്പരാഗതകർഷകരുടെ പച്ചപുതച്ച വിളഭൂമിയായിരുന്ന തേറാട്ടിക്കുന്ന് പാടശേഖരത്തിൽ കർഷകർ അധികവും കൊഴിഞ്ഞുപോയെങ്കിലും കൃഷിയെ നെഞ്ചേറ്റുന്ന ഏതാനും കർഷകരാണ് ഏറെ ക്ലേശം സഹിച്ച് ഇവിടെ നെൽക്കൃഷി നിലനിർത്തുന്നത്.


കഴിഞ്ഞ ഏതാനും ആഴ്ചകളായി നെൽവയൽ ഞാറുനടീലിന് പാകപ്പെടുത്തിയ കർഷകർ മഴ ശക്തിപ്രാപിച്ചതോടെ വിഷമത്തിലായിരിക്കുകയാണ്. കഴിഞ്ഞ മൂന്നുദിവസങ്ങളിൽ തുടർച്ചയായി പെയ്ത കനത്ത മഴയാണ് നെൽക്കൃഷിയെ സാരമായി ബാധിച്ചിരിക്കുന്നത്. വരുംദിവസങ്ങളിലും മഴ ശക്തിപ്രാപിച്ചാൽ ഇത്തവണത്തെ നെൽക്കൃഷിയും മുടങ്ങുമെന്ന ആശങ്കയിലാണ് കർഷകർ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top