പത്തനംതിട്ട > പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ നദിയുടെ കരയിലുള്ളവർക്ക് ജാഗ്രതാ നിർദേശം. നദിയിൽ ജലനിരപ്പ് അപകടകരമായി തുടരുന്നതിനാലാണ് മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിയ്ക്കുന്നത്. സംസ്ഥാന ജലസേചന വകുപ്പിന്റെ കല്ലേലി, കോന്നി ജിഡി സ്‌റ്റേഷനുകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്ന സാഹചര്യത്തിലാണ് അച്ചൻകോവിൽ നദിക്കരയിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്.
യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണം. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണമെന്നും മുന്നറിയിപ്പുണ്ട്.
തെന്മല ഡാമിന്റെ ഷട്ടറുകൾ തുറന്നു. കല്ലടയാറിന്റെ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകി. തെന്മല ഡാമിലെ ജലനിരപ്പ് റൂൾ കർവിന് അനുസ്യതമായി ക്രമീകരിക്കേണ്ടത് അത്യാവശ്യമാണെന്ന് കെഎസ്ഡിഎംഎ അറിയിച്ചു. ഇന്ന് രാവിലെ 11 മണി മുതൽ ഡാമിൻറെ മൂന്നു ഷട്ടറുകൾ 60 സെന്റീമീറ്റർ വീതം ഉയർത്തി അധിക ജലം കല്ലടയാറ്റിലേക്ക് ഒഴുക്കി വിടുകയാണ്. ഡാമിന്റെ ഷട്ടറുകൾ ഉയർത്തിയ സാഹചര്യത്തിൽ കല്ലടയാറിന്റെ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..