മട്ടാഞ്ചേരി
ജലമെട്രോയുടെ മട്ടാഞ്ചേരി ടെർമിനൽ നിർമാണം ഡിസംബറിൽ പൂർത്തിയാകുമെന്ന് കെഎംആർഎൽ മാനേജിങ് ഡയറക്ടർ ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. മട്ടാഞ്ചേരിയിൽ ജലമെട്രോ ആക്‌ഷൻ കൗൺസിൽ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മട്ടാഞ്ചേരി ടെർമിനൽ പൂർത്തിയാകുന്നതിനൊപ്പം പ്രദേശം മാലിന്യമുക്തമാക്കുന്നതിന് വ്യവസായ സമൂഹത്തിന്റെ സഹായം ആവശ്യമാണെന്ന് ബെഹ്‌റ പറഞ്ഞു. മട്ടാഞ്ചേരി പൈതൃകനഗരത്തെ മാലിന്യമുക്തമാക്കാൻ നടപടിയെടുക്കണം. ഇതിന് പൊതുജനങ്ങൾകൂടി സഹകരിക്കണം. മട്ടാഞ്ചേരിയുടെ പൈതൃകഭംഗി തിരിച്ചുകൊണ്ടുവരാനുള്ള പദ്ധതിയെ സഹായിക്കാൻ തയ്യാറാണെന്നും എംഡി പറഞ്ഞു. സ്ഥലം ലഭ്യമായാൽ വാഹന പാർക്കിങ്ങിന് മൾട്ടിലെവൽ പാർക്കിങ് സംവിധാനം ഏർപ്പെടുത്തും.
മട്ടാഞ്ചേരിയിൽ ജോലി ചെയ്യാൻ കരാറുകാരെ കിട്ടാത്ത സ്ഥിതിയായിരുന്നു. മട്ടാഞ്ചേരിയിലേക്ക് ജലമെട്രോ എത്തുന്നതോടെ ടൂറിസം മേഖലയിൽ പുതിയ ഉണർവുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ കെ ജെ മാക്‌സി എംഎൽഎ, ഡെപ്യൂട്ടി മേയർ കെ എ അൻസിയ, കിഷോർ ശ്യാംജി, ഭരത് ഖോന, എസിപി കെ ആർ മനോജ് എന്നിവർ സംസാരിച്ചു. മട്ടാഞ്ചേരി ടെർമിനൽ നിർമാണത്തിനായി പ്രവർത്തിച്ച കെ ജെ മാക്‌സി എംഎൽഎ, ലോക്‌നാഥ് ബെഹ്‌റ എന്നിവരെ ആക്‌ഷൻ കൗൺസിൽ ഭാരവാഹികൾ ആദരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..